അത്ഭുതമാണു ജീവി ലോകം, ഷാക്കിർ തോട്ടീക്കൽ
ഷാഫി വേളം
വരൂ.... കാട്ടിലൂടെ നടക്കാം
അത്ഭുതമാണ് ജീവിലോകം
ഷാക്കിര്‍ തോട്ടിക്കല്‍
വില 100
പേരക്ക ബുക്സ്
നമ്മുടെ ഭൂമി വിശാലമാണ്, അതുകൊണ്ട് തന്നെ മനുഷ്യരെപ്പോലെത്തന്നെ അനേകം ജീവികൾ നമ്മുടെ ഭൂമിയിൽ ജീവിക്കുന്നുണ്ട്. നാം നിത്യേന പല ജാതി, പലതരം ജീവികളെ കാണുന്നുണ്ടെങ്കിലും അവയുടെ ജീവിത രീതികളെക്കുറിച്ചോ, സവിശേഷതകളെക്കുറിച്ചോ അറിവില്ലാത്തവരാണ്. അല്ലെങ്കിൽ കൂടുതലായി മനസ്സിലാക്കാൻ ശ്രമിക്കാത്തവരാണ്. ഇവിടെയാണ്
ഷാക്കിർ തോട്ടിക്കലിന്റെ 'അത്ഭുതമാണ് ജീവി ലോകം'എന്ന കൃതിയുടെ പ്രസക്തിയും, മറ്റുള്ള കൃതികളിൽ നിന്ന് വേറിട്ട് നിർത്തുന്നതും.
കുട്ടികളെ മാത്രമല്ല മുതിർന്നവരെയും ഈ കൃതി ആകർഷിക്കുമെന്നതിൽ ഒട്ടും സംശയമില്ല.ജീവികളെ പരിചയപ്പെടുത്തുന്ന ചിത്രങ്ങളും, തലവാചകവും അടിക്കുറിപ്പുകളും ഈ കൃതിയെ കൂടുതൽ മനോഹരമാക്കുന്നു.
ഈ പുസ്തകം പൂർണ്ണമായി വായിച്ച ഏതൊരാളും അവസാനം ഈ പുസ്തകത്തിന്റെ തലക്കെട്ടിലാണ് എത്തിച്ചേരുക. സംശയങ്ങളില്ലാത്ത വിധം അനുവാചകന് മനസ്സിലാക്കാനാവും. തെളിനീരു പോലെ ശുദ്ധമായ ഭാഷയിൽ പുസ്തകത്തെ രചയിതാവ് കൈകാര്യം ചെയ്തിട്ടുണ്ട്.
അവതാരികയിൽ ഹംസ ആലുങ്ങൽ പറഞ്ഞത് പോലെ പല ജീവികളുടെയും ജീവിതമറിയാൻ പാഠപുസ്തകത്തിൽ നിന്ന് കിട്ടുന്ന അറിവ് മാത്രം മതിയാവില്ല, അതിലുപരി ഇത്തരത്തിലുള്ള പുസ്തകങ്ങളിലൂടെ സഞ്ചരിക്കണം.
ഈ സമാഹാരത്തിലൂടെ സഞ്ചരിക്കുമ്പോൾ പ്രധാനമായും നമ്മൾ കണ്ടുമുട്ടുന്നത് കാട്ടിലെ ജീവികളെയാണ്.
കെട്ടുകഥകളിലൊക്കെ നായകനായി കാണാറുളള സിംഹവും, കാട്ടിലെ ബുദ്ധിമാനെന്ന് അറിയപ്പെടുന്ന കുറുക്കനും, കാട്ടിലെ സുന്ദരനായ ഭീമൻ പാണ്ടയുമെല്ലാം ഈ കൃതിയിലുണ്ട്.
മനുഷ്യന്റെ വീണ്ടുവിചാരമില്ലാത്ത ഇടപെടൽ മൂലം പലതരം വന്യജീവികളുടെ വംശനാശത്തിന് കാരണമായിട്ടുണ്ടെന്ന് ഈ പുസ്തകം പൂർണ്ണമായി വായിക്കുമ്പോൾ നമുക്ക് മനസ്സിലാവും. പ്രധാനമായും കടുവ.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരെ എണ്ണമറ്റ കടുവകൾ നമ്മുടെ നാട്ടിലുണ്ടായിരുന്നു. പക്ഷെ മനുഷ്യന്റെ ഇടപെടൽ മൂലം വംശനാശത്തിന് തന്നെ കാരണമായി.
മൃഗങ്ങളെ വേട്ടയാടി പിടിക്കാനുള്ള കരുത്തുള്ള കാലുകളും, ഏതു രീതിയിലും വളക്കാൻ കഴിയുന്ന നട്ടെല്ലുകളും, കടുവയുടെ സവിശേഷതയാണെന്ന് ഈ പുസ്തകം പറഞ്ഞു തരുന്നു. അതുപോലെ ഓരോ ജീവികളുടേതും.
വംശനാശ ഭീഷണി നേരിടുന്ന കടുവകളെ സംരക്ഷിക്കുക എന്ന ഉദാത്തമായ ലക്ഷ്യത്തിൽ ഓരോ വർഷവും ലോക കടുവ ദിനം തന്നെ നമ്മളിലൂടെ കടന്നുപോവുന്നുണ്ട്. കടുവ നമ്മുടെ ദേശീയ മൃഗം കൂടിയാണെല്ലോ.
വന നശീകരണവും വേട്ടയാടലും പല ജീവികളുടെയും നിലനിൽപ്പിനെ തന്നെ ബാധിക്കുന്നു. വന്യജീവികൾ നാട്ടിലിറങ്ങി എന്ന വാർത്ത ഇടക്ക് നമ്മൾ പത്രമാധ്യമങ്ങളിലൂടെ അറിയാറുണ്ട്. ശരിക്കും കാടും, കാട്ടിലെ ആവാസ വ്യവസ്ഥയും തകരുമ്പോഴാണ് വന്യജീവികൾ പുറത്തിറങ്ങുന്നത്. കാടിനോരം പാർക്കുന്ന മനുഷ്യരെയാണ് പ്രധാനമായും ബാധിക്കുക.
ഈ കൃതിയുടെ വേറൊരു പ്രത്യേകത എന്തെന്നാൽ അനുവാചകന്റെ മനസ്സിൽ നിന്ന് മാഞ്ഞുപോവാതിരിക്കാൻ പല തന്ത്രങ്ങളും രചയിതാവ് ഈ കൃതിയിൽ ഉപയോഗിച്ചിട്ടുണ്ട്. ചീറ്റപ്പുലിയെ പറയുമ്പോൾ ലോകത്തിലെ വേഗതയേറിയ ഓട്ടക്കാരനായിരുന്ന ഉസൈൻ ബോൾട്ടിനെ ഓർമ്മപ്പെടുത്തുകയാണ് രചയിതാവ് ചെയ്യുന്നത്.
ഇനിയും ഇതു പോലുള്ള മികച്ച കൃതികൾ എഴുതാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
പേരക്ക ബുക്ക്സാണ് പ്രസാധകർ , വില 100