ദേശീയ രക്തദാന ദിനം (ഒക്ടോബര്‍ 1)
രക്തദാനം മഹാദാനം
-- ഷാക്കിര്‍ തോട്ടിക്കല്‍ --
ഒക്ടോബര്‍ 1 ദേശീയ രക്തദാന ദിനമാണ്.രക്തദാനം മഹാദാനമാണെന്ന കാഴ്ചപ്പാട് ജനങ്ങളില്‍ ഉളവാക്കാന്‍ ദിനാചരണം സഹായിക്കുന്നു.ഓരോ സെക്കന്‍റിലും ലോകത്ത് എല്ലായിടത്തും രക്തം ആവശ്യമുള്ളവരുണ്ട്.രക്തദാനി ആവുന്നതില്‍ നമുക്ക് അഭിമാനിക്കാം...
കൃത്യമായ ഇടവേളകളിൽ രക്തദാനം നടത്തുന്ന വ്യക്തിയാണ് പോർച്ചുഗൽ ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അതിവേഗക്കാരനും ആരോഗ്യദൃഢഗാത്രനുമായ ക്രിസ്റ്റ്യാനയുടെ ഊർജ്വസ്വലതയ്ക്ക് അതുകൊണ്ട് ഒരു കുറവും വന്നിട്ടില്ല. എന്ന് മാത്രമല്ല പുതുരക്തത്തിന്റെ കരുത്ത് അദ്ദേഹത്തിന്റെ ഓരോ ഷോട്ടിലും കാണാം. രക്‌തദാനം മഹത്തായ ദാനമാണ്. നമ്മുടെ രക്തം കൊടുത്ത് മറ്റൊരാളുടെ ജീവൻ രക്ഷിക്കാനാവുമെങ്കിൽ അതിലും വലിയ പുണ്യകർമമായി മറ്റെന്തുണ്ട്? ശരീരത്തിലെ കോശസമൂഹങ്ങൾ പ്രകൃത്യ തന്നെ നശിപ്പിക്കപ്പെടുകയും പുതിയവ ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നതിനാൽ രക്തദാനം കൊണ്ട് ദാതാവിന് നഷ്ടമൊന്നും വരാനില്ല.
രക്തത്തിലെ ഘടകങ്ങൾ
മനുഷ്യശരീരത്തിന്റെ എട്ടുശതമാനം രക്തമാണ്. അരുണ രക്താണുക്കൾ, ശ്വേതരക്താണുക്കൾ, പ്ളേറ്റ്ലെറ്റുകൾ എന്നിവയാണ് രക്തത്തിലെ ഘടകങ്ങൾ. ദാതാവിന്റെയും സ്വീകർത്താവിന്റെയും രക്തം പരിശോധിച്ച ശേഷമേ രക്തദാനം നടത്തുകയുള്ളൂ. ശസ്ത്രക്രിയകള്‍ക്കും മറ്റും രക്തം ആവശ്യമായി വരുമ്പോൾ രക്തദാനമെ പോം വഴിയുള്ളൂ. അപകടങ്ങളെ തുടർന്ന് അത്യാസന്നനിലയിൽ ഉള്ളവർക്കും ഓപ്പറേഷനു വിധേയമാക്കുന്നവർക്കും രക്തം നല്‍കേണ്ടതായി വരും.
അരുണരക്താണുക്കൾ
ഈ രക്താണുക്കൾ പരന്നതും അവതലാകൃതി (ഡസ്ക്കിന്റെ ആകൃതി) ഉള്ളതുമാണ്. കൂടുതൽ ഹീമോഗ്ലോബിൻ ഉൾക്കൊള്ളുന്നതിനും പ്രതല വിസ്തീർണ്ണം വർധിപ്പിക്കുന്നതിനും വേണ്ടിയാണ് ഈ പ്രത്യേക ആകൃതി. അരുണ രക്തകോശങ്ങൾ ശ്വാസകോശത്തിൽ എത്തുമ്പോൾ ഈ രക്തകോശത്തിലുള്ള ഹീമോഗ്ലോബിൻ ശ്വാസകോശത്തിൽ നിന്നും ഓക്സിജനെ സ്വീകരിക്കുന്നു. അങ്ങനെ വീണ്ടും ഹൃദയത്തിലെത്തി അവിടെനിന്നും കലകളിലേക്ക് പോകുന്നു.
ശ്വേതരക്താണുക്കൾ
രോഗപ്രതിരോധത്തിനു സഹായിക്കുന്ന രക്തകോശങ്ങളാണ് ശ്വേതരക്താണുക്കൾ. ഇതിനു നിറമില്ല. വ്യക്തമായ ആകൃതിയും ഇല്ല. ശരീരത്തിനുള്ളിൽ കടക്കുന്ന രോഗാണുക്കളെ ശ്വേതരക്താണുക്കൾ നശിപ്പിക്കുന്നു. അങ്ങനെ ശരീരത്തെ രോഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നു. ന്യൂട്രോഫിൽ, ഇസ്നോഫിൽ, ബേസോഫിൽ, മോണോസൈറ്റ്സ്, ലിംഫോസൈറ്റ് എന്നിവയാണ് ശ്വേതരക്താണുക്കൾ. ഇവയുടെ ആകൃതിയും സ്വഭാവവും വ്യത്യാസപ്പെട്ടിരിക്കുന്നു.
പ്ലേറ്റ്ലെറ്റുകൾ
രക്തത്തിൽ കാണുന്ന സൂക്ഷ്മ കോശദ്രവ്യ കണങ്ങളാണ് പ്ലേറ്റ്ലെറ്റുകൾ. ഇവയ്ക്ക് നിറമോ വ്യക്തമായ ആകൃതിയോ ഇല്ല. കോശമർമ്മവുമില്ല. ശരീരത്തിൽ മുറിവുണ്ടായാൽ കുറച്ചു സമയത്തിനുള്ളിൽ തന്നെ മുറിവിലൂടെയുള്ള രക്തത്തിന്റെ ഒഴുക്ക് നിലയ്ക്കുന്നു.ഇതിനു കാരണം മുറിവിലെ രക്തം കട്ടപിടിക്കുന്നത് ആണ്. മുറിവുണ്ടാകുമ്പോൾ രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകൾ അന്തരീക്ഷവായുവുമായി സമ്പർക്കത്തിൽ വരുന്നു. തന്മൂലം അവ വിഘടിപ്പിക്കുകയും ചില പ്രവർത്തനങ്ങളിലൂടെ രക്തം കട്ടയായിത്തീരുകയും ചെയ്യും. ഇങ്ങനെ രക്തം കട്ടപിടിക്കാൻ സഹായിക്കുന്നത് പ്ലേറ്റ്ലെറ്റുകളാണ്.
പ്ലാസ്മ
രക്തത്തിൽ 55% പ്ലാസ്മയാണ്. രക്‌തകോശങ്ങളെ രക്തത്തിൽനിന്ന് നീക്കം ചെയ്താൽ കിട്ടുന്ന ഇളം മഞ്ഞ നിറത്തിൽ കാണുന്ന ദ്രാവകമാണ് പ്ലാസ്മ. രക്തത്തിലെ ദ്രാവക ഭാഗമായ ഇതിലാണ് രക്തകോശങ്ങൾ ഒഴുകി നടക്കുന്നത്. ജൈവ അജൈവിക സംയുക്തങ്ങളെ വഹിക്കുന്ന രക്തത്തിന്റെ ഭാഗമാണിത്.ആഹാരം വിസർജ്യവസ്തുക്കൾ, ജലം, ലവണങ്ങൾ, മാംസ്യം എന്നിവ വഹിക്കുന്നത് പ്ലാസ്മയാണ്.
അഗ്ലൂട്ടിനേഷൻ
യോജിക്കാത്ത രക്തങ്ങൾ തമ്മിൽ കലരുമ്പോള്‍ സ്വീകരിക്കുന്ന ആളിലെ പ്ലാസ്മയിലെ ആന്റിബോഡി ദാനം ചെയ്യപ്പെട്ട രക്തത്തിലെ അരുണ രക്‌താണുക്കളെ കട്ടപ്പിടിപ്പിക്കുന്നു. ഇതാണ് അഗ്ലൂറ്റിനേഷൻ. ഇങ്ങനെ അഗ്ലൂട്ടിനേഷൻ മുഖാന്തരം രൂപപ്പെടുന്ന രക്‌തകട്ടകൾ രക്തപ്രവാഹം തടസ്സപ്പെടുത്തുന്നതിനാൽ രോഗി മരിക്കാനിടയാവുന്നു.
എരിത്രോബ്ലാസ്റ്റോസിസ് ഫിറ്റാലിസ്
രക്തം ആർ.എച്ച് പോസിറ്റീവ് ആയ പുരുഷൻ രക്തം ആർ.എച്ച് നെഗറ്റീവ് ആയ സ്ത്രീയെ വിവാഹം കഴിച്ച് ആർ.എച്ച് നെഗറ്റീവ് ആയ കുട്ടിയാണ് ജനിക്കുന്നതെങ്കിൽ രണ്ടാമത്തെ പ്രസവം മുതൽ ജനിക്കുന്നതിനു മുമ്പോ ജനിച്ച ഉടനെയോ കുട്ടി മരണപ്പെടാം.ഈ വൈകല്യമാണ് എരിത്രോബ്ലാസ്റ്റോസിസ് ഫീറ്റാലിസ്.
ആർഎച്ച് ഘടകം
മനുഷ്യനിലെ അരുണരക്താണുക്കളുടെ ഉപരിതലത്തിൽ കാണുന്ന ആന്റിജനിക് പ്രോട്ടീനാണ് ആർ.എച്ച് ഘടകം. റീസസ് കുരങ്ങുകളിലാണ് ആദ്യായി ഇത് കണ്ടുപിടിച്ചത്. കാൾലാൻഡ് സ്റ്റീനർ, എ.എസ് വീനർ എന്നീ ശാസ്ത്രജ്ഞർ. അവർ ഇതിനെ റീസസ് ഫാക്ടർ അല്ലെങ്കിൽ ആർ.എച്ച് ഫാക്ടർ എന്നു വിളിച്ചു. ഇതിനെ ആന്റിജൻ ഡി എന്നും വിളിക്കാം. 85 ശതമാനം ജനങ്ങളും ആർ.എച്ച് പോസിറ്റീവ് ആണ്. 15 ശതമാനം ആളുകൾ മാത്രമേ ആർഎച്ച് നെഗറ്റീവ് ഉള്ളു.
എന്തുകൊണ്ട് ചുവപ്പ് നിറം?
രക്തത്തിന് ചുവപ്പ് നിറം നൽകുന്നത് അതിൽ അടങ്ങിയിട്ടുള്ള ഹീമോഗ്ലോബിൻ എന്ന വസ്തുവാണ്. ഇരുമ്പ് അടങ്ങിയിട്ടുള്ള പ്രോട്ടീൻ ആണ് ഹീമോഗ്ലോബിൻ. ഇങ്ങനെ പല ഘടകങ്ങൾ ഒന്നിച്ചു ചേർന്നാണ് രക്തം ഉണ്ടായിട്ടുള്ളത്.
ആർക്കൊക്കെ ദാതാവാകം
18 നും 50 നും ഇടയിൽ പ്രായമുള്ള ആരോഗ്യമുള്ള 45 കിലോഗ്രാമിൽ കൂടുതൽ തൂക്കമുള്ള ആർക്കും രക്തദാനം നടത്താം. മാരകരോഗങ്ങൾ ഉണ്ടായിരിക്കരുത്.
രക്‌തഗ്രൂപ്പുകൾ
ശരീരത്തിലെ ആന്റിജന്റെ അടിസ്ഥാനത്തിൽ രക്തത്തെ വിവിധ ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. ഒ പോസിറ്റീവ്, ബി പോസിറ്റീവ്, ബി നെഗറ്റീവ്, എ പോസിറ്റീവ്, എബി പോസിറ്റീവ്, എബി എന്നിവയാണ് പ്രധാനപ്പെട്ട രക്തഗ്രൂപ്പുകൾ. ഏറ്റവും കൂടുതൽ പേർ ഒ പോസിറ്റീവ് ആണ്
A ഗ്രൂപ്പ് രക്തത്തിൽ ആന്റിജൻ A യും ആന്റിബോഡി B യും ഉണ്ട്. B ഗ്രൂപ്പ് രക്തത്തിൽ ആന്റിജൻ B യും ആന്റിബോഡി A യും ഉണ്ട്. AB ഗ്രൂപ്പ് രക്തത്തിൽ ആന്റിജൻ A യും B യും മാത്രമേയുള്ളു. ആന്റിബോഡിയില്ല. O ഗ്രൂപ്പ് രക്തത്തിൽ ആന്റിജൻ ഇല്ല. ആന്റിബോഡി A യും ബിയും മാത്രമേയുള്ളു.
സാർവിക ദാതാവ്
ഒ ഗ്രൂപ്പ് രക്തം മറ്റെല്ലാ ഗ്രൂപ്പുകൾക്കും കൊടുക്കാവുന്നതാണ്. അതിനാൽ ഈ രക്‌തഗ്രൂപ്പിനെ സാർവിക ദാതാവ് എന്ന് പറയാം.
സാർവിക സ്വീകർത്താവ്
AB ഗ്രൂപ്പ് രക്തത്തിന് മറ്റെല്ലാ ഗ്രൂപ്പിനെയും സ്വീകരിക്കാൻ കഴിയും. അതിനാൽ ഇതിനെ സാർവിക സ്വീകർത്താവ് എന്ന് പറയാം.