ലോക നദികളുടെ ദിനം (സെപ്റ്റംബര്‍ 26)
സംസ്കൃതിയുടെ ഉറവകള്‍
-- ഷാക്കിര്‍ തോട്ടിക്കല്‍ --
ജീവദായിനികളായ നദീ തീരങ്ങളിലാണ് പൗരാണിക സംസ്ക്കാരങ്ങള്‍ ഒട്ടുമിക്കവയും ഉടലെടുത്തിട്ടുള്ളത്.വേദങ്ങളില്‍,ഇതിഹാസങ്ങളില്‍,പുരാണങ്ങളില്‍,ഐതിഹ്യങ്ങളില്‍...എല്ലാം നദികള്‍ നിറഞ്ഞൊഴുകുന്നു.ഏത് ജനപഥത്തിനും ഒരു നദിയുടെ കഥയുണ്ടാവും പറയാന്‍. ഒഴുകുന്ന സംസ്കൃതിയെ കുറിച്ച് ചില കാര്യങ്ങള്‍....
നദികളെന്നാൽ
പ്രകൃത്യാ ഉണ്ടാവുന്ന വലിയ ജലസ്രോതസ്സുകളെ നദികൾ എന്ന് വിളിക്കുന്നു. ഒരു നദിയുടെ ഉത്ഭവം ജലസമൃദ്ധമായ ഉറവ, ജലാശയം, ഹിമാനി എന്നിവയിലേതെങ്കിലുമൊന്നിൽ നിന്നാകാം. ഗണ്യമായ ദൂരത്തോളം പ്രവഹിച്ചെത്തുന്ന വലിയ നദികൾ രൂപംകൊള്ളുന്നത് സാധാരണയായി നിരവധി നീർച്ചാലുകൾ ഒഴുകുന്നതിലൂടെയാവും. നീരൊഴുക്ക് ശക്തിപ്രാപിക്കുന്ന സ്ഥാനമാണ് പ്രസ്തുത നദിയുടെ പ്രഭവസ്ഥാനം.
നീരൊഴുക്കിന്റെ ചാലിനെ നദീപഥം എന്ന് പറയുന്നു. നദി കടലിലേക്കോ ജലാശയത്തിലേക്കോ ഒഴുകിവീഴുന്ന ഇടത്തിന് പതനസ്ഥാനം, അഴിമുഖം എന്നിങ്ങനെ പേരുകളുണ്ട്. ഒരു നദീപഥത്തിലേക്ക് ഒഴുകിചേർന്ന് സ്വന്തം ജലപ്രവാഹത്തെ അതിൽ ലയിപ്പിക്കുന്ന ചെറുനദികളെ പോഷകനദികൾ എന്ന് വിശേഷിപ്പിക്കുന്നു. ചെറുതും വലുതുമായ അനേകം പോഷകനദികളെ ഉൾക്കൊണ്ടാണ് നദികൾ ഒഴുകുന്നത്. നദികൾ കാലികമായി ഒഴുകുന്നതിനാലും തടാകങ്ങൾ,ചതുപ്പ് നിലങ്ങൾ, എന്നിവയുടെ വിസ്തീർണം മാറുന്നതിനാലും ഉത്ഭവം കൃത്യമായി പറയുവാൻ സാധ്യമല്ല. ചില നദികൾ വലിയ അഴിമുഖങ്ങൾ ഉണ്ടാക്കുകയും ഇവ അനുക്രമമായി വീതി കൂടി സമുദ്രത്തിൽ ചേരുകയും ചെയ്യുന്നു. ഇങ്ങനെ വരുമ്പോൾ നദീമുഖം നിർണയിക്കാനും ബുദ്ധിമുട്ടുണ്ടാവുന്നു.
ഒരു നദിയുടെ നീളം എളുപ്പത്തിൽ അളക്കാവുന്ന ഒന്നല്ല. നദിയുടെ ഉത്ഭവം, മുഖം എന്നിവ തിരിച്ചറിഞ്ഞ ശേഷം ഇവ തമ്മിലുള്ള കൃത്യമായ ദൂരം അളക്കേണ്ടിയിരിക്കുന്നു. മിക്ക നദികളുടെയും നീളം ഇതിനാൽ ഏകദേശമായ അളവാണ്.
ലോകത്തിലെ പ്രധാന നദികള്‍
നൈൽ നദി
ലോകത്തിലെ ഏറ്റവും നീളം കൂടിയ നദിയാണ് നൈൽ. 6695 കി.മി ആണ് നൈലിന്റെ നീളം. ഈജിപ്ഷ്യൻ സംസ്കാരം ഉൾപ്പെടെ ഒട്ടേറെ പുരാതന സംസ്കാരങ്ങളുടെ കളിത്തട്ട് കൂടിയാണ് നൈൽ നദി തടം. ഈജിപ്തിന്റെ തെക്കുള്ള രുവൻസൊറി മലനിരകളിൽ നിന്നുത്ഭവിച്ചു വടക്കു മെഡിറ്ററേനിയൻ ഉൾക്കടലിൽ പതിയ്ക്കുന്നു. നൈൽ നദിക്ക് രണ്ട് പോഷക നദികളാണുള്ളത്. കിഴക്കൻ ആഫ്രിക്കയിൽ നിന്ന് ഒഴുകിയെത്തുന്ന വൈറ്റ് നൈലും എത്യോപ്യയിൽ നിന്നും ഒഴുകിയെത്തുന്ന ബ്ലൂ നൈലും.
ആമസോൺ
ലോകത്തിലെ ഏറ്റവും വലിയ നദിയാണ് തെക്കേ അമേരിക്കയിലെ ആമസോൺ. ഏറ്റവും കൂടുതൽ പോഷകനദികളുള്ളതും ആമസോണിനാണ്. 6448 കി മി നീളമുള്ള ആമസോൺ ആൻടിസ് പർവതനിരയിൽ നിന്നാണ് ഉത്ഭവിക്കുന്നത്. പെറു, ബ്രസീൽ എന്നീ രാജ്യങ്ങളിലൂടെ ആമസോൺ ഒഴുകുന്നു. ആമസോൺ നദി കണ്ടുപിടിച്ചതായി അവകാശപ്പെടുന്നത് ഫ്രാൻസിസ്‌കോ ഒറിലിയാന എന്ന സ്‌പെയിൻകാരനാണ്. അറ്റ്ലാന്റിക് സമുദ്രത്തിലാണ് ആമസോൺ പതിക്കുന്നത്. ആമസോണിന്റെ ഭീമമായ വലിപ്പം കാരണമായി ഇതിനെ കടൽനദി എന്നും വിളിക്കാറുണ്ട്. ആമസോണിന് മീതെ അതിന്റെ വായ്ഭാഗം ഒഴിച്ച് ഒരിടത്തും പാലം ഇല്ല എന്നതും ശ്രദ്ധേയമായ കാര്യമാണ്. ഇതിന്റെ പ്രധാനപ്പെട്ട കാരണം കുറഞ്ഞ ജനസംഖ്യയുള്ള മേഖലയാണ് ആമസോൺ. മാത്രവുമല്ല വീതി കുറഞ്ഞ ഭാഗങ്ങൾ ഭൂരിഭാഗവും ഒഴുകുന്നത് നിത്യഹരിത മഴക്കാടുകളിലൂടെയാണ്.
യാങ്ടസി നദി
ഏഷ്യയിലെ ഏറ്റവും നീളം കൂടിയതും ലോകത്തിലെ ഏറ്റവും നീളം കൂടിയ നദികളിൽ മൂന്നാമത്തേതും ആയ നദിയാണ് യാങ്ടസി. 6418 കിലോമീറ്ററാണ് നദിയുടെ നീളം. ടിബറ്റ് പീഠഭൂമിയിലെ ക്വിങ്‌ഹായ് പ്രദേശത്തെ ഹിമാനികളില്‍ നിന്നാണ് നദി ഉത്ഭവിക്കുന്നത്. ചൈനയുടെ തെക്കുപടിഞ്ഞാറൻ പ്രദേശം, മദ്ധ്യ ഭൂഭാഗം, കിഴക്കൻ ചൈന എന്നീ പ്രദേശങ്ങളിലൂടെ ഒഴുകി ഷാങ് ഹായിയിൽ വെച്ച് കിഴക്കൻ ചൈന കടലിൽ നദിയുടെ പ്രയാണം അവസാനിക്കുന്നു. നദിയിലൂടെ ഒഴുകുന്ന വെള്ളത്തിന്റെ കണക്കു നോക്കിയാൽ ഇത് ലോകത്തിലെ ഏറ്റവും വലിയ നദികളിൽ ഒന്നാണ്. ചൈനയുടെ മൊത്തം ഭൂപ്രദേശത്തിന്റെ അഞ്ചിലൊന്ന് വരുന്ന കരയിലൂടെ വെള്ളം കടലിലെത്തുന്നത് ഈ നദിയിലൂടെയാണ്. യാംഗ്സ്റ്റേ നദീതടത്തിലാണ് ചൈനയിലെ ജനസംഖ്യയിൽ മൂന്നിലൊന്നും താമസിക്കുന്നത്. ചാംഗ് ജിയാംഗ് എന്നപേരിലും ഈ നദി അറിയപ്പെടുന്നു.
കോംഗോ നദി
പടിഞ്ഞാറൻ മധ്യ ആഫ്രിക്കയിലെ ഏറ്റവും വലിയ നദിയാണ് കോംഗോ നദി. സയർ നദി എന്നും അറിയപ്പെടുന്നു. 4700 കിലോമീറ്റർ നീളമുള്ള കോംഗോ നദി നൈലിന് പിന്നിലായി ആഫ്രിക്കയിലെ ഏറ്റവും നീളമേറിയ രണ്ടാമത്തെ നദിയാണ്. ആകെ ജലപ്രവാഹത്തിന്റെ കാര്യത്തിലും നദീതടത്തിന്റെ വിസ്തീർണത്തിന്റെ കാര്യത്തിലും തെക്കേ അമേരിക്കയിലെ ആമസോണിനു പിന്നിലായി രണ്ടാംസ്ഥാനത്താണ് കോംഗോ. നദീമുഖത്ത് വസിച്ചിരുന്ന പുരാതന കോംഗോ സാമ്രാജ്യത്തിൽ നിന്നാണ് നദിക്ക് ഈ പേര് ലഭിച്ചത്. ഇതിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഡെമോക്രാറ്റിക് റിപബ്ലിക്ക് ഓഫ് ദ കോംഗോ, റിപ്പബ്ലിക്ക് ഓഫ് ദ കോംഗോ എന്നീ രണ്ട് രാജ്യങ്ങളുടെയും പേരിന്റെ ഉൽപ്പത്തി കോംഗോ നദിയിൽ നിന്നാണ്. പ്രസിദ്ധമായ ബോയ് വെള്ളച്ചാട്ടം കോംഗോ നദിയിലാണ്..
വോൾഗ നദി
യൂറോപ്പിലെ ഏറ്റവും നീളം കൂടിയ നദിയാണ് വോൾഗ. ഒഴുകുന്ന വെള്ളത്തിന്റെ അളവ്, വൃഷ്ടിപ്രദേശത്തിന്റെ വിസ്തൃതി, എന്നിവ വെച്ച് നോക്കിയാലും യൂറോപ്പിലെ ഏറ്റവും വലിയ നദി ഇതുതന്നെ. റഷ്യയുടെ പടിഞ്ഞാറ് ഭാഗത്ത് കൂടി ഒഴുകുന്ന ഈ നദീപ്രദേശത്താണ് തലസ്ഥാനമായ മോസ്കോ ഉൾപ്പെടെ, റഷ്യയിലെ ഏറ്റവും വലിയ 20 നഗരങ്ങളിൽ പതിനൊന്നും സ്ഥിതിചെയ്യുന്നത്. 3692 കിലോമീറ്റർ നീളമുള്ള ഈ നദി വൽദായി കുന്നുകളിൽ ഉൽഭവിച്ച് കാസ്പിയൻ കടലിൽ ചേരുന്നു. റഷ്യയുടെ ദേശീയ നദിയായാണ് ഇത് കണക്കാക്കപ്പെടുന്നത്. അണകൾ കെട്ടിയുണ്ടാക്കിയ പല വലിയ തടാകങ്ങളും വോൾഗയിൽ ഉടനീളമുണ്ട്. റഷ്യൻ സംസ്കാരത്തിൽ ഈ നദിക്ക് പ്രതീകാത്മകമായ സ്ഥാനമുണ്ട്. വോൾഗ മാറ്റുഷ്ക്ക( വോൾഗ മാതാവ്) എന്നാണ് റഷ്യൻ സാഹിത്യത്തിലും ഐതിഹ്യങ്ങളും ഈ നദിയെ പറ്റി പറയുന്നത്
ഡാന്യൂബ് നദി
ലോകത്തിൽ ഏറ്റവും കൂടുതൽ രാജ്യങ്ങളിലൂടെ ഒഴുകുന്ന നദിയാണ് ഡാന്യൂബ് നദി. യൂറോപ്യൻ യൂണിയനിലെ ഏറ്റവും വലിയ നദിയും യൂറോപ്പിലെ വോൾഗക്ക് പിന്നിലായി ഏറ്റവും വലിയ രണ്ടാമത്തെ നദിയുമാണ് ഡാന്യൂബ്. ജർമനിയിലെ ബ്ലാക്ക് ഫോറസ്റ്റിൽ ബ്രിഗാച്, ബ്രെഗ് എന്നീ ചെറുനദികൾ കൂടിച്ചേരുന്നതോടെയാണ് ഡാന്യൂബ് നദി ഉത്ഭവിക്കുന്നത്. അവിടെനിന്ന് പല മദ്ധ്യ കിഴക്കൻ യൂറോപ്പ്യൻ തലസ്ഥാനങ്ങളിലൂടെ കിഴക്ക് ദിശയിൽ 2850 കിലോമീറ്റർ സഞ്ചരിച്ച് ഒടുവിൽ ഉക്രൈയിനിലും റൊമാനിയയിലുമായും സ്ഥിതി ചെയ്യുന്ന ഡാന്യൂബ് ഡെൽറ്റ വഴി കടലിൽ ചേരുന്നു. ഒരു പ്രധാന വാണിജ്യ പാത എന്ന നിലയിലും ഡാന്യൂബ് പ്രസിദ്ധി നേടിയിട്ടുണ്ട്. നദിയുടെ ഇരുവശത്തുമായി സ്ഥിതിചെയ്യുന്ന നിരവധി രാജ്യങ്ങളുടെ വാണിജ്യത്തിൽ മുഖ്യപങ്കാണ് ഡാന്യുബിനുള്ളത്.
ബ്രഹ്മപുത്ര നദി
ചൈന, ഇന്ത്യ, ബംഗ്ലാദേശ്, എന്നീ മൂന്നു രാജ്യങ്ങളിലൂടെ ഒഴുകുന്ന ഒരു വലിയ നദിയാണ് ബ്രഹ്മപുത്ര.ചൈനയിൽ യാലു സാങ്പോ (സാങ്‌പോ) എന്നും ഇന്ത്യയിൽ സിയാങ്, ദിഹാങ്, ബ്രഹ്മപുത്ര എന്നും ബംഗ്ലാദേശിൽ ജമുന എന്നും ഈ നദി അറിയപ്പെടുന്നു. ലോകത്തിലെ നീളം കൂടിയ നദികളിൽ ഒന്നാണ് ഇത്. ചൈനയിലെ തിബത്തിലാണ് ഉത്ഭവം. 1500 കിലോമീറ്ററിൽ കൂടുതൽ ദൂരം ഇങ്ങനെ ഒഴുകിയ ശേഷം ടിബറ്റിലെ നംച പർവതത്തെ ചുറ്റി നേരെ പടിഞ്ഞാറ് ദിശയിലേക്ക് തിരിഞ്ഞ് ഭാരതത്തിന്റെ വടക്കു കിഴക്കൻ അതിർത്തി സംസ്ഥാനമായ അരുണാചൽ പ്രദേശിൽ ഈ നദി പ്രവേശിക്കുന്നു. ഇവിടെ ദിഹാങ് എന്ന പേരിലാണ് ഈ നദി അറിയപ്പെടുന്നത്. ഇവിടെ നിന്നും ഒഴുകി ആസാമിലെത്തുമ്പോൾ ബ്രഹ്മപുത്ര എന്ന പേരിൽ ഇത് അറിയപ്പെടാൻ തുടങ്ങുന്നു. ബ്രഹ്മപുത്രയുടെ 2900 കി മി ദൈർഘ്യമുള്ള യാത്രയ്ക്കിടയിൽ 916 കിലോമീറ്റർ മാത്രമേ അത് ഭാരതത്തിലൂടെ ഒഴുകുന്നുള്ളു. ധുബുരി എന്ന സ്ഥലത്തു വെച്ചു ഗാരോ മലകളെ ചുറ്റി തെക്കോട്ടൊഴുകിയാണ് ബ്രഹ്മപുത്ര ബംഗ്ളാദേശിൽ പ്രവേശിക്കുന്നത്. ഇവിടെ വെച്ച് നദി യമുന, മേഘ്ന എന്നീ 2 ശാഖകളായി പിരിയുന്നു . ഈ പ്രദേശത്തെ സമതലങ്ങളിലൂടെ ഏകദേശം 279 കിമി സഞ്ചരിച്ചു പത്മ എന്ന നദിയുമായി സന്ധിച്ചു ബൃഹത്തായ ഒരു ഡെൽറ്റ രൂപപ്പെടുന്നു. തുടർന്ന് തെക്കോട്ട് 246കിമി ഒഴുകി ബംഗാൾ ഉൾക്കടലിൽ എത്തുന്നു.
പ്രധാന ഏഷ്യന്‍ നദികള്‍
സിന്ധു,ബ്രഹ്മപുത്ര,യൂഫ്രറ്റീസ്,ടെെഗ്രീസ്,യങ്റ്റസി,അരക്കാവ,ചേനാബ്,ഗംഗ,നര്‍മദ,മെക്കോങ് നദി,ലെന നദി,ഇര്‍തിഷ്,അമുര്‍ നദി,സാന്‍വീന്‍,ഐരാവതി,മാനസ സരോവര്‍