മരണം ഇല്ല എന്നതല്ല. ഒരിക്കൽ മരിക്കും എന്നതാണ് ജീവിതത്തിന്റെ സൗന്ദര്യം.
🔅 മനുഷ്യന്‍ ദുരിതങ്ങള്‍ അനുഭവിക്കുന്നത് പ്രധാനമായും രണ്ടു വിധത്തിലാണ്- മാനസികം, ശാരീരികം. ശാരീരിക ദുരിതങ്ങള്‍ പല പ്രകാരത്തിലുമുണ്ടാകാം. മനുഷ്യരനുഭവിക്കുന്ന ദുരിതങ്ങളില്‍ തൊണ്ണൂറു ശതമാനവും മാനസിക കാരണങ്ങള്‍കൊണ്ടാണ്. ജനങ്ങള്‍ മനസ്സുകൊണ്ട് സ്വയം ദുരിതങ്ങള്‍ സൃഷ്ടിക്കുകയാണ്. കോപം, അസൂയ, അവജ്ഞ, ഭയം, അരക്ഷിതാവസ്ഥ തുടങ്ങിയ പല വികാരങ്ങള്‍ സ്വയം സൃഷ്ടിച്ചു കൊണ്ടേയിരിക്കുന്നു.
🔅ഇന്നത്തെ സൂര്യോദയം എത്ര മനോഹരമായിരുന്നു എന്നത് നിങ്ങളാരെങ്കിലും ശ്രദ്ധിച്ചിരുന്നോ? നീലാകാശം, കുളിര്‍മ ചൊരിയുന്ന കാറ്റ്, പച്ച വിരിച്ച ഭൂമി, പൂക്കളും, പൂമ്പാറ്റകളും, പക്ഷി മൃഗാദികളും എല്ലാം ചേര്‍ന്ന് ഉത്സാഹഭരിതരായി ഒരു പുതിയ ദിനത്തെ വരവേല്‍ക്കുന്നു. ഈ പ്രപഞ്ചം മുഴുവനും എത്ര ഭംഗിയും ചിട്ടയുമായിട്ടാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്? എന്നിട്ടും നിങ്ങളുടെ മസ്തിഷ്കത്തില്‍ ആവശ്യമില്ലാതെ നുഴഞ്ഞു കയറി കടന്നു വരുന്ന ഒരു വിചാരം, "ഇന്നൊരു നന്നല്ലാത്ത ദിവസം" എന്നായിരിക്കാം. എന്തോ ചെറിയ പ്രശ്നം നിങ്ങളെ അലട്ടുന്നു, അതുകൊണ്ട് നിങ്ങളുടെ ഉള്ളില്‍ ആകാംക്ഷയും, പിരിമുറുക്കവും. മനുഷ്യന്‍ ദുരിതമനുഭവിക്കുന്നതിനുള്ള ഒരു പ്രധാന കാരണം, ഭൂരിപക്ഷം ജനങ്ങള്‍ക്കും ഈ ജീവിതം എന്താണ് എന്നുള്ളതിനെക്കുറിച്ച് ശരിയായ ഒരു ധാരണ നഷ്ടപ്പെട്ടിരിക്കുന്നു എന്നതു കൊണ്ടാണ്. അവരുടെ മാനസിക പ്രക്രിയകളെല്ലാം തങ്ങളുടെ അസ്തിത്വ വ്യവസ്ഥയേക്കാള്‍ വളരെ വലുതായിട്ടാണവര്‍ കരുതുന്നത്, വ്യക്തമായി പറഞ്ഞാല്‍ സ്രഷ്ടാവിന്റെ സൃഷ്ടിമഹത്വത്തേക്കാള്‍ വളരെ വലുതായി.
🔅എല്ലാ ദുരിതങ്ങളുടെയും അടിസ്ഥാനസ്രോതസ്സ് മേല്‍പ്പറഞ്ഞ ചിന്താഗതി തന്നെയാണ്. ഈ ഭൂതലത്തില്‍ ജീവിച്ചിരിക്കുന്നു എന്നതിന്റെ മഹത്വം നമ്മള്‍ മനസ്സിലാക്കുന്നില്ല. ജീവിതത്തിന്റെ പൊരുള്‍ നമുക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്. നിങ്ങളുടെ മസ്തിഷ്കത്തില്‍ തത്ക്കാലത്തേക്ക് ഉദിക്കുന്ന ചിന്തയോ വികാരമോ ഏതു തരത്തിലാണെന്നുള്ളതിനെ ആശ്രയിച്ചായിരിക്കും ഇപ്പോഴുള്ള നിങ്ങളുടെ ജീവിതാനുഭവത്തിന്റെ സ്വഭാവ നിര്‍ണയം. ഈ സൃഷ്ടി അഭൂതപൂര്‍വമായ രീതിയില്‍, കുറ്റമറ്റതായി. കൃത്യനിഷ്ഠതയോടെ, നിത്യവും സംഭവിച്ചു;കൊണ്ടിരിക്കുന്നു. എന്നിട്ടും യാതൊരു പ്രാധാന്യവുമര്‍ഹിക്കാത്ത കഴമ്പില്ലാത്ത കുറേ ചിന്തകളും, അതില്‍ നിന്നുദിക്കുന്ന വികാരങ്ങളും നിങ്ങളുടെ ദിവസത്തെ മുഴുവന്‍ നശിപ്പിക്കുന്നു. ജീവിതത്തിന്റെ പരിമിതമായ യാഥാര്‍ത്ഥ്യങ്ങളുമായി അതിനു യാതൊരു ബന്ധവുമില്ല. പ്രശ്നത്തിന്റെ പരിഹാരത്തിനു വേണ്ടി ശ്രമിക്കാം. പക്ഷെ, മനസ്സ് നീറിപ്പുകഞ്ഞിട്ടെന്തു കിട്ടാന്‍?
🔅 'എന്റെ മനസ്സ്' എന്ന്‍ നിങ്ങള്‍ വിശ്വാസിക്കുന്ന ആ ഒന്ന്, വാസ്തവത്തില്‍ അത് നിങ്ങളുടേതല്ല. നിങ്ങള്‍ക്കുമാത്രം സ്വന്തമായിട്ടൊരു മനസ്സില്ല. 'എന്റെ മനസ്സ്' എന്നു നിങ്ങള്‍ പറയുന്ന വസ്തു, വാസ്തവത്തില്‍ സമൂഹത്തിന്റെ ചവറ്റുകുട്ടയാണ്. നിങ്ങളുമായി ബന്ധമുള്ള, നിങ്ങളെ മറികടന്നു പോകുന്ന ഓരോരുത്തരും നിങ്ങളുടെ തലക്കുള്ളില്‍ എന്തൊക്കെയോ നിക്ഷേപിച്ച് കടന്നു പോകുന്നു. ആരില്‍ നിന്നും കിട്ടുന്ന സന്ദേശമാണ് സ്വീകരിക്കേണ്ടത്, ആരില്‍ നിന്നും കിട്ടുന്നത് തിരസ്കരിക്കണം എന്നതിനെക്കുറിച്ച് ഒരു വിവേചനബുദ്ധി നിങ്ങള്‍ക്കില്ലാതെ പോകുന്നു.
🔅 ദുരിതങ്ങള്‍ എവിടെ നിന്നും നമ്മുടെ മേല്‍ ചൊരിയപ്പെടുന്നില്ല, മറിച്ച്, അതു നമ്മളാല്‍തന്നെ ഉല്‍പ്പാദിപ്പിക്കപ്പെടുകയാണ്. അതിന്റെ ഫാക്ടറി നമ്മുടെ മനസ്സില്‍ത്തന്നെയാണ് ഉള്ളത്. അത് അടച്ചുപൂട്ടാനായാല്‍ നമ്മളനുഭവിക്കുന്ന ദുരിതത്തിന്റെ വ്യാപ്തി കുറഞ്ഞു കുറഞ്ഞ് വരും.
🔅 മറിച്ച് ചിന്തിച്ചാൽ ദുരിതങ്ങൾ ഇല്ലാത്തവന് എന്ത് അനുഗ്രഹം ? സങ്കടങ്ങൾ ഇല്ലാത്തവന് എന്ത് സന്തോഷം ?
വിശപ്പ് ഇല്ലാതെ കഴിക്കുന്ന ഭക്ഷണത്തിന് രുചി ഉണ്ടാകില്ല. പോരായ്മകളും ഇല്ലായ്മകളും ആണ് പുതു മാർഗങ്ങൾക്ക് വഴി ഒരുക്കുന്നത്. .വിപരീതങ്ങൾ ആണ് പൂരകങ്ങൾ .
🔅നമ്മുടെ ചില ലക്ഷ്യങ്ങൾ വിജയം വരിക്കുമ്പോൾ സന്തോഷം ഉണ്ടാവുന്നു. അപ്രതീക്ഷിതവും അപ്രായോഗികവുമായതിനെ അതിജീവിക്കുമ്പോഴുള്ള സംതൃപ്തി താരതമ്യങ്ങൾക്കും അപ്പുറത്താണ്.
🔅 മരണം ഇല്ല എന്നതല്ല. ഒരിക്കൽ മരിക്കും എന്നതാണ് ജീവിതത്തിന്റെ സൗന്ദര്യം . മരണം ഇല്ലായിരുന്നു എങ്കിൽ ആരുടെയും ജീവിതത്തിന് നിശ്ചയദാർഡ്യമോ , കാര്യക്ഷമതയോ ഉണ്ടാകുമായിരുന്നില്ല..
🔅 പ്രായത്തിന്റെ ചാക്രിക സ്വഭാവവും അതിന്റെ വളർച്ചയും തളർച്ചയുമാണ് ഓരോരുത്തർക്കും തനിമയും തന്റേടവും നൽകുന്നത്.അനന്തമായ തുടർച്ചയും ദൈർഘ്യവും എത്ര നല്ല കാര്യത്തെയും മുരടിപ്പിക്കും.
🔅കുമിഞ്ഞ് കൂടുന്നവക്ക് ഒന്നും കണക്കും കാര്യക്ഷമതയും ഉണ്ടാവില്ല . മരണമില്ലാത്ത അവസ്ഥയെക്കാൾ വിരസമായി മറ്റൊന്നില്ല . അവസാനമില്ലാത്ത കർമ്മങ്ങൾ വിരസത മാത്രമെ സൃഷ്ടിക്കൂ. . ഒന്ന് അവസാനിക്കുന്നിടത്ത് നിന്ന് മാത്രമെ പുതിയ പലതും ആരംഭിക്കാനാകു .അവസാനം ആണ് ആരംഭം
🔅🔅🔅🔅🔅🔅🔅🔅🔅🔅🔅