നമ്മുടെ ചിന്തയും ഭാവനയുമാണ് നമ്മുടെ വഴികാട്ടികൾ

Arivarang, prabhatha chinthakal, അറിവരങ്ങ്  പ്രഭാത ചിന്തകൾ



മനക്കരുത്തിന്റെ ഉറവിടവും വിജയത്തിന്റെ രഹസ്യവും ആത്മഹർഷത്തിന്റെ ഖനിയുമാണ് ആത്മവിശ്വാസം.


🔅 ആത്മവിശ്വാസം ഒരുവനെ സർഗ്ഗാത്മകചിന്തകളിലേക്ക് ഉയർത്തുന്നതും വിജയബോധം വളർത്തുന്നതുമായ ശക്തിസ്രോതസ്സാണ്. ജീവിതത്തിന്റെ ഏതു സാഹചര്യത്തിലും ഒരുവന് ശക്തിയും ധൈര്യവും വിജയവും നല്കുന്നത് ആത്മവിശ്വാസമാണ്. നമ്മുടെ ചിന്തയാണ് നമ്മെ നയിക്കുന്നത്. വിജയകരമായ ജീവിതത്തിന് വസ്തുനിഷ്ഠമായ ചിന്താസമ്പ്രദായം ആവശ്യമാണ്. പലപ്പോഴും നമ്മുടെ ചിന്തയും ഭാവനയുമാണ് നമ്മുടെ വഴികാട്ടികൾ. നല്ല നല്ല വികാരവിചാരങ്ങളും, ചിന്തകളും, ഭാവനകളും, ജീവിതത്തെക്കുറിച്ച് പോസിറ്റീവായ മനോഭാവവും ഒരുവന് ആത്മവിശ്വാസം നൽകും . പരാജയഭീതിയും, അപകർഷതാബോധവും, സംശയവും, നിരാശതയും, തന്നിൽത്തന്നെയുള്ള ആത്മവിശ്വാസക്കുറവും ജീവിതത്തെ അതിന്റെ പടുകുഴിയിലേയ്ക്കും നിരാശതയിലേക്കും നയിക്കും.

🔅 പലപ്പോഴും പലരും പറയാറുളളതാണ്, ”ഞാൻ നന്നായി പഠിച്ചു, പക്ഷേ പരീക്ഷയിൽ ഒന്നും എഴുതുവാൻ സാധിച്ചില്ല”അല്ലെങ്കിൽ ”ഞാൻ നന്നായി ഒരുങ്ങിയാണ് ഇന്റർവ്യൂവിന് പോയത്”. പക്ഷേ എനിക്ക് ഒന്നും പറയുവാൻ സാധിച്ചില്ല, അവിടെ ചെന്നപ്പോൾ ഞാൻ മറന്നുപോയി, വിറക്കുന്നു, നാവും ചുണ്ടും ഉണങ്ങുന്നു , ശബ്ദം പുറത്തേയ്ക്കുവരുന്നില്ല…” ”ഇരുപതും മുപ്പതും കുട്ടികളുള്ള ക്ലാസിൽ എനിക്ക് എഴുന്നേറ്റ് നിന്ന് ഒരു സംശയം ചോദിക്കാൻ പോലും സാധിക്കുന്നില്ല. വിയർക്കുന്നു….”ഒരു ചെറിയ സമൂഹത്തിൽപ്പോലും എഴുന്നേറ്റു നിന്ന് എനിക്ക് രണ്ടു വാക്ക് സംസാരിക്കുവാൻ സാധിക്കുന്നില്ല.” ഇങ്ങനെയുള്ള പരാതികളും, പ്രശ്‌നങ്ങളുമായി കഴിയുന്നവരല്ലേ നമ്മിൽ പലരും. ആരോടും ഒന്നും തുറന്നു പറയുവാൻ സാധിക്കാതെ ഹൃദയത്തിൽ എല്ലാം കൂട്ടിക്കൂട്ടി വച്ച് അവസാനം ജീവിതത്തിൽ ഒന്നും നേടുവാൻ സാധിക്കാതെ പരാജിതനായി നിരാശയോടെ കഴിയുന്നവർ നമ്മുടെ സമൂഹത്തിലില്ലേ? എന്താണ് ഇതിന്റെയൊക്കെ അടിസ്ഥാന കാരണം? നമുക്ക് നമ്മളിൽ തന്നെ വിശ്വാസമില്ലെങ്കിൽ എങ്ങനെ മറ്റുള്ളവർ നമ്മിൽ വിശ്വസിക്കും? ജീവിതത്തിൽ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കണമെങ്കിൽ ആത്മവിശ്വാസം വേണം. അതുകൊണ്ടാണ് എമേഴ്‌സൺ പറഞ്ഞത് ”ആത്മവിശ്വാസമാണ് ധീരതയുടെ കാതൽ”എന്ന്. എന്താണ് ആത്മവിശ്വാസം? സ്വന്തം കഴിവുകളിൽ, തന്നോടു തന്നെയുള്ള പൂർണ്ണ വിശ്വാസമാണത്. ”മനക്കരുത്തിന്റെ ഉറവിടവും വിജയത്തിന്റെ രഹസ്യവും ആത്മഹർഷത്തിന്റെ ഖനിയുമാണ് ആത്മവിശ്വാസം”. ജീവിത വിജയത്തിന്റെ മൂലക്കല്ലാണ് ആത്മവിശ്വാസം. ഒരുവന് എത്രമാത്രം കഴിവുണ്ടെങ്കിലും കായികബലമുണ്ടെങ്കിലും എത്രമാത്രം ബലവാനാണെങ്കിലും എത്രമാത്രം ബുദ്ധിമാനാണെങ്കിലും ആത്മവിശ്വാസമില്ലെങ്കിൽ പരാജയം ഉറപ്പാണ്.

ആത്മവിശ്വാസത്തെ തളർത്തുന്ന ഒരു ഘടകമാണ് ഭീതിയും സംശയവും. ഭീതിയും സംശയവും ഉള്ളവർക്ക് ജീവിതത്തിൽ നേട്ടങ്ങൾ കൈവരിക്കുക എളുപ്പമല്ല. സംശയപ്രകൃതരിൽ ആത്മവിശ്വാസം കുറയുന്നു. ഇങ്ങനെയുള്ളവർക്ക് എല്ലാ കാര്യങ്ങളിലും സംശയം, എല്ലാവരെയും സംശയം, ഇത്തരക്കാർക്ക് മറ്റാരിലും വിശ്വാസമർപ്പിക്കുവാനും സാധ്യമല്ല.


🔅 നമ്മുടെ ചിന്തകൾ നമ്മെ നിയന്ത്രിക്കുന്നു. നമ്മുടെ ചിന്തകൾക്കും ഭാവനകൾക്കുമനുസരിച്ചാണ് നമ്മുടെ മനസ്സിൽ സുരക്ഷിതത്വബോധവും, അരക്ഷിതത്വബോധവും വളരുന്നത്. നമ്മുടെ മനസ്സിൽ സ്ഥിരമായി സ്ഥാനം പിടിക്കുന്ന ചിന്തകളെ ആശ്രയിച്ചായിരിക്കും നമ്മുടെ ആത്മവിശ്വാസം. പരാജയത്തെപ്പറ്റിയും ഭയത്തെപ്പറ്റിയും ചിന്തിച്ചാൽ പരാജയമായിരിക്കും ഫലം. എനിക്ക് വിജയിക്കുവാൻ സാധിക്കും എന്ന ചിന്ത വിജയത്തിൽ എത്തിക്കും. ആത്മവിശ്വാസമുള്ള ചിന്തകൾക്കൊണ്ട് ഹൃദയത്തെ നിറക്കുക. ഏതു കാര്യത്തിനും മുന്നിട്ടിറങ്ങുമ്പോൾ വിജയിക്കുന്ന ചിത്രം മനസ്സിൽ സങ്കല്പിക്കുക. വിജയങ്ങളും പരാജയങ്ങളും ഡയറിയിൽ കുറിച്ചിടുക.


🔅 സ്വന്തം കഴിവുകളിൽ ബോധ്യമുള്ളവരാവുക. ആത്മവിശ്വാസം വളർത്താനുള്ള മറ്റൊരു മാർഗ്ഗമാണ് നാം നമ്മുടെ തന്നെ കഴിവുകളെക്കുറിച്ച് ബോധവാന്മാരും ബോധവതികളുമാവുക എന്നത്. ദൈവം നമുക്ക് നല്കിയ കഴിവുകൾ കണ്ടുപിടിച്ച് വളർത്തുക.


🔅 താരതമ്യം ചെയ്യാതിരിക്കുക. ദൈവം ഓരോരുത്തർക്കും ഓരോ കഴിവുകളാണ് നൽകിയിരിക്കുന്നത്. നമ്മുടെ കഴിവുകളെയും ഇല്ലായ്മകളെയും നാം മറ്റുള്ളവരുമായി താരതമ്യം ചെയ്യാതിരിക്കുക. താരതമ്യപഠനം നിരാശതയിലേക്കും അപകർഷാബോധത്തിലേക്കും അസൂയയിലേക്കും നയിക്കും.

🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅

Powered by Blogger.