ഗുരുവിന്റെ പാഠശാലയിലെ ഒരു വിദ്യാര്‍ത്ഥിക്ക് രാത്രിയില്‍ ചില ദുശ്ശീലങ്ങളുണ്ട്
ഗുരുവിന്റെ പാഠശാലയിലെ ഒരു വിദ്യാര്‍ത്ഥിക്ക് രാത്രിയില്‍ ചില ദുശ്ശീലങ്ങളുണ്ട്. എല്ലാദിവസവും അവന്‍ മതില്‍ ചാടി പുറത്ത് പോകുമായിരുന്നു. ഒരു പാതിരാവില്‍ അവന്‍ മതിലുചാടുന്നത് ഗുരു കണ്ടു. ചാരിവെച്ച ഒരു മരക്കമ്പില്‍ ചവിട്ടിയാണ് അവന്‍ മതില്‍ ചാടിയിരുന്നത്. ഒരു ദിവസം അവന്‍ ചാടിപ്പോയ ശേഷം മരക്കൊമ്പ് എടുത്തുമാറ്റി പകരമായി ഗുരു തന്നെ നിന്നു. നേരംവെളുക്കാന്‍ ആയപ്പോള്‍ തിരികെയെത്തിയ ശിഷ്യന്‍ മരക്കൊമ്പ് എന്ന് കരുതി ഗുരുവിന്റെ മുതുകില്‍ ചവിട്ടി മതിലിനിപ്പുറമെത്തി. ഗുരുവിനെ കണ്ട ഭയപ്പാടോടെ അവന്‍ നിന്ന് വിറക്കുമ്പോള്‍ വാല്‍ല്യത്തോടെ, സ്നേഹത്തോടെ അവന്റെ ശിരസ്സില്‍ തടവി, മുതുകില്‍ തട്ടി ചിരിച്ചു. പിന്നീടവന്‍ മതില്‍ ചാടിയില്ല. കരുതലോടെ ഉള്ള ഒരു തലോടല്‍, സ്നേഹത്തോടെയുള്ള ഒരു പുഞ്ചിരി അത് വലിയ ഒരു ആശ്വാസം തന്നെയാണ്. എല്ലാവരും അത് ആഗ്രഹിക്കുന്നുന്നുമുണ്ടാകും. തലോടലില്‍ ഒരു പാട് കാര്യങ്ങളുണ്ട്, അതില്‍ സ്നേഹമന്ത്രങ്ങളുണ്ട്. അതില്‍ ഒത്തിരി ആശ്വാസം അടങ്ങിയിട്ടുണ്ട്. അത് നല്‍കുന്ന കരുത്ത് പറഞ്ഞറിയിക്കാന്‍ കഴിയില്ല. എല്ലാ ദുഃഖങ്ങളും അതില്‍ വീണുടയും. ജീവിതം ഒരുപാട് വേഗത്തിലാണ് കടന്നു പോകുന്നത്. ആര്‍ക്കും ആരെയും ഒന്ന് പരിഗണിയ്ക്കാന്‍ പോലുമാകാത്ത അത്ര വേഗത്തില്‍.. ഈ കാലത്തില്‍ ഒരു തലോടല്‍ നല്‍കാന്‍, ഒരു കരുതല്‍ ആയി മാറാന്‍ നമുക്കും സാധിക്കട്ടെ