സ്ഥിരമായി പേന മറന്നുവെയ്ക്കുക എന്നത് അയാളുടെ ഒരു സ്വഭാവമായിരുന്നു
സ്ഥിരമായി പേന മറന്നുവെയ്ക്കുക എന്നത് അയാളുടെ ഒരു സ്വഭാവമായിരുന്നു. അതുകൊണ്ട് തന്നെ വില കുറഞ്ഞ പേനയാണ് അയാള്‍ ഉപയോഗിക്കുക. ഒരിക്കല്‍ അയാളുടെ കയ്യിലെ പേന കണ്ട് സുഹൃത്ത് ആശ്ചര്യപ്പെട്ടു. അപ്പോള്‍ അയാള്‍ തന്റെ മറവിയെ കുറിച്ച് സുഹൃത്തിനോട് പറഞ്ഞു. ഇനി വിലകൂടിയ പേന മാത്രമേ ഉപയോഗിക്കാവൂ എന്ന സുഹൃത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് അയാള്‍ സ്വര്‍ണ്ണം പൂശിയ പേന വാങ്ങി. മാസങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടിയപ്പോള്‍ സുഹൃത്ത് അയാളുടെ ദുശ്ശീലത്തെക്കുറിച്ച് ചോദിച്ചു. കഴിഞ്ഞ ആറുമാസമായി താന്‍ ഒരേ പേന തന്നെയാണ് ഉപയോഗിക്കുന്നത് എന്ന് അയാള്‍ പറഞ്ഞു. അപ്പോള്‍ സുഹൃത്ത് പറഞ്ഞു, ആ പേനയുടെ വിലയാണ് നിങ്ങളുടെ അശ്രദ്ധയും അലസതയും മാറ്റിയെടുത്തത് എന്ന്. വിലയുള്ളവയ്‌ക്കെല്ലാം സ്വാഭാവിക വൈശിഷ്ട്യം ചാര്‍ത്തപ്പെടും. അവയെ കരുതലോടെയും കാര്യഗൗരവത്തോടെയും മാത്രമേ ആളുകള്‍ പരിഗണിക്കൂ. അവയെ സംരക്ഷിക്കാനും പുതുമ നിലനിര്‍ത്താനും വേണ്ടി പെരുമാറ്റരീതികള്‍ പോലും ക്രമീകരിക്കും. ഒരാള്‍ എന്തിന് വിലകല്‍പിക്കുന്നുവോ അത് നഷ്ടപ്പെടുത്തരുത് എന്ന നിര്‍ബന്ധബുദ്ധി അയാള്‍ക്കുള്ളതുകൊണ്ടാണ്. സൗഹൃദങ്ങള്‍ക്ക് വിലകല്‍പിക്കുന്നവര്‍ ഒരു ചങ്ങാത്തംപോലും നഷ്ടപ്പെടാന്‍ അനുവദിക്കില്ല. തുടര്‍ച്ചയായി എന്തെങ്കിലും നഷ്ടപ്പെടുന്നുവെങ്കില്‍ നാം രണ്ടു കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ മതി. ഒന്ന്. അവയ്ക്ക് നല്‍കിയിരിക്കുന്ന വില. രണ്ട് അവ കൈകാര്യം ചെയ്യുന്ന രീതി. ഓരോന്നിനും അവയര്‍ഹിക്കുന്ന വില നല്‍കുക എന്നതാണ് അമൂല്യമായതൊന്നും നഷ്ടപ്പെടാതിരിക്കാനുള്ള എളുപ്പമാര്‍ഗ്ഗം. അവയെ ചെറുതായി കാണുന്നതുകൊണ്ടാണ് പലതും നാം നഷ്ടപ്പെടുത്തുന്നത്. പണം കൊടുത്തുവാങ്ങുന്നവയ്ക്ക് മാത്രമല്ല, സൗജന്യമായി കിട്ടുന്നവയ്ക്കും വിലയുണ്ട്. ഒരു പക്ഷേ, പണം കൊടുത്ത് വാങ്ങുന്നവയേക്കാള്‍... പക്ഷേ, നാം അതിന്റെ മൂല്യം മനസ്സിലാക്കുന്നത് അത് നഷ്ടപ്പെടുമ്പോള്‍ മാത്രമാണ്. സൗജന്യമായി ലഭിച്ചിരുന്നവയ്ക്ക് ഒരുനാള്‍ വിലകൊടുക്കാന്‍ ആരംഭിച്ചാല്‍ അന്നുമുതല്‍ അവയോടുള്ള സമീപനം തന്നെ മാറുന്നത് കാണാം. നഷ്ടപ്പെടുമ്പോള്‍ കാണിക്കുന്ന വേവലാതിയല്ല, നഷ്ടപ്പെടാതിരിക്കാന്‍ പുലര്‍ത്തുന്ന ജാഗ്രതയാണ് നമുക്ക് വേണ്ടത്. അതാണ് നമ്മുടെ ജീവിതത്തില്‍ അമൂല്യവസ്തുക്കളുടെ ശേഖരമുണ്ടാക്കുന്നത്, അതിപ്പോ വസ്തുക്കളിലായാലും, ബന്ധങ്ങളിലായാലും ! -