സത്യത്തിന്‌ ഒരു പക്ഷമേ ഉള്ളു അത്‌ സത്യത്തിന്റെ പക്ഷമാണ്‌..

 

Arivarang, prabhatha chinthakal, അറിവരങ്ങ്, പ്രഭാത ചിന്തകൾ


🔅അറിവരങ്ങ് പ്രഭാത ചിന്തകൾ 🔅



🔅 ആധുനിക ലോകത്ത്‌ ബിസിനസ്സ്‌, രാഷ്‌ട്രീയം, എന്നിവയെല്ലാം വഞ്ചനയിലും അസത്യത്തിലും തട്ടിപ്പിലും വെട്ടിപ്പിലും മുങ്ങിക്കുളിച്ചു നിൽക്കുകയാണ്‌. എന്തു കൊണ്ടാണത്‌? ആളുകൾ പലപ്പോഴും അത്യാഗ്രഹവും അതിമോഹവും നിമിത്തം എങ്ങനെയും മറ്റുള്ളവരെ കടത്തിവെട്ടാൻ ശ്രമിക്കുന്നതോ, അർഹിക്കാത്ത പണമോ, അധികാരമോ, സ്ഥാനമാനങ്ങളോ എത്തിപ്പിടിക്കാൻ പണിപ്പെടുന്നതോ അല്ലേ അതിനു വഴിമരുന്നിടുന്നത്‌? നുണ പറയാൻ പലരെയും പ്രേരിപ്പിക്കുന്ന മറ്റൊരു ഘടകമാണ്‌ പേടി.പരിണതഫലങ്ങളെക്കുറിച്ചോ സത്യം പറഞ്ഞാൽ മറ്റുള്ളവർ എന്തു വിചാരിക്കും എന്നതിനെക്കുറിച്ചോ ഉള്ള പേടി. മറ്റുള്ളവർ തങ്ങളെ ഇഷ്ടപ്പെടാൻ അല്ലെങ്കിൽ അംഗീകരിക്കാൻ ആളുകൾ ആഗ്രഹിക്കുന്നതു തികച്ചും സ്വാഭാവികമാണ്‌. ഈ ആഗ്രഹം പക്ഷേ, ചെറുതായിട്ടാണെങ്കിൽ പോലും സത്യത്തെയൊന്നു വളച്ചൊടിക്കാൻ അവരെ പ്രേരിപ്പിച്ചേക്കാം; പിഴവുകൾ മൂടിവെക്കുകയോ തങ്ങൾക്ക്‌ അനുകൂലമല്ലാത്ത ചില വിശദാംശങ്ങൾ മറച്ചു വെക്കുകയോ അല്ലെങ്കിൽ കേവലം നല്ലൊരു ധാരണ ഉളവാക്കുകയോ ചെയ്യുക എന്നതായിരിക്കാം അവരുടെ ഉദ്ദേശ്യം.


🔅 സുപ്രസിദ്ധ എഴുത്തുകാരനും സാമുദായിക പരിഷ്കർത്താവും ഒക്കെയായിരുന്ന വി.ടി.ഭട്ടതിരിപ്പാട് അദ്ദേഹത്തിൻറെ ആത്മകഥയിൽ അദ്ദേഹത്തിൻറെ തന്നെ ബാല്യത്തിലെ ഒരു സംഭവം വിവരിക്കുന്നുണ്ട് ഏഴാം വയസ്സിൽ ഉപനയനവും ഒൻപതാം വയസ്സിൽ സമാവർത്തനവും കഴിഞ്ഞ ബാലനായ വി.ടി യെ അദ്ദേഹത്തിൻറെ പിതാവ് മേലേടം നമ്പൂതിരിപ്പാടിന്റെ മനയിലേക്ക് കൊണ്ടുപോകുന്നു വേദം പഠിക്കാൻ ആണ്. ആ കുട്ടിക്ക് അല്ലെകിൽ കുട്ടിയായ വി.ടി യ്ക്ക് അല്പംപോലും വേദം പഠിക്കാൻ പോകാൻ ഇഷ്ടം ഉണ്ടായിരുന്നില്ല. അച്ഛൻറെ അടുത്തു നിൽക്കുമ്പോൾ ഗുരു നാഥനായ അല്ലെകിൽ ഗുരുനാഥനാകാൻ പോകുന്ന മേലേടം ചോദിക്കുകയാണ് എന്താ വേദം പഠിക്കാൻ മോഹോണ്ടോ..? വി.ടി യ്ക്ക് സത്യം പറയണം എന്നുണ്ട് പക്ഷേ അച്ഛൻ അടുത്തുനിൽക്കുന്നു. അശേഷം മോഹം ഇല്ല്യ എന്ന് എങ്ങനെ പറയും എന്നാൽ മോഹോണ്ട് എന്ന് പറഞ്ഞാലോ അത് ഈശ്വരന്റെ മുൻമ്പിലും ഗുരുനാഥന്റെ മുൻമ്പിലുമുള്ള ഒരു കള്ളമാകും. ഇങ്ങനെ ആലോചിച്ചു നിൽകുമ്പോൾ ഗുരുനാഥനായ മേലേടത്തിന്റെ ചോദ്യം വീണ്ടും അപ്പോൾ വേദം പഠിക്കാൻ കുട്ടി ഭട്ടേരിക്ക് അല്പംപോലും താല്പര്യം ഇല്ല്യല്ലേ. പെട്ടെന്ന് തന്നെ ധൈര്യം സംഭരിച്ച് ബാലനായ വി.ടി പറയുകയാണ് ഉണ്ട് മോഹോണ്ട് വേദം പഠിക്കാൻ നല്ല മോഹോണ്ട്. പക്ഷേ അത് പറഞ്ഞു കഴിഞ്ഞപ്പോൾ കുട്ടി ആകെ വിയർത്തിരുന്നു. കാരണം നെറ്റിൽനിന്നും വിയർപ്പ് ഇറ്റ് ഇറ്റ് വീഴുന്നത് ആ ബാലന് മനസ്സിലായി. അതിനെക്കുറിച്ച് അദ്ദേഹം താൻ പിന്നീട് എഴുതിയ ആത്മകഥയിൽ പറയുകയാണ് മനപ്പൂർവമായി ഒരു നുണ പറയുവാൻ ഞാൻ എത്രയധികം വിഷമിച്ചു എന്ന് അന്നത്തെ അനുഭവത്തിൽ നിന്ന് എനിക്ക് വ്യക്തമായിരുന്നു. കാരണം എനിക്ക് നുണ പറയാൻ അറിയില്ലായിരുന്നു. ചിന്തയിലും വാക്കിലും പ്രവർത്തിയിലും സത്യസന്ധത നിറഞ്ഞ ജീവിതം എത്രയോ മഹത്തരമാണ് നാം എത്ര ലാഘവത്തോടെയാണ് പലപ്പോഴും കള്ളം പറയുന്നതും തെറ്റുകൾ പ്രവർത്തിക്കുന്നതും മറ്റാരും അറിയുന്നില്ലെങ്കിൽ അല്ലെങ്കിൽ മറ്റാരും കേൾക്കുന്നില്ലെങ്കിൽ കള്ളം പറയുന്നതും തെറ്റ് പ്രവർത്തിക്കുന്നതിലൊന്നും കുഴപ്പമില്ല എന്നല്ലേ പലപ്പോഴും നമ്മുടെ ധാരണ. വി.ടി. ഭട്ടതിരിപ്പാട് പറയുന്നതു പോലെ സത്യസന്ധത നിറഞ്ഞ ജീവിതമാണ് വില പിടിച്ച സ്വത്തിനെക്കാൾ ഒക്കെ മികച്ച മൂലധനം അതുപോലെ തന്നെ ജീവിതയാത്രയിൽ നമുക്കെപ്പോഴും ഉപകരിക്കുന്നത് ചെക്ക് ബുക്കിനേക്കാൾ സത്യസന്ധമായ കാഴ്ചപ്പാടും സത്യസന്ധമായ ജീവിതം തന്നെയാണ്.


🔅 പതിനെട്ടു വയസ്സുള്ളപ്പോൾ ഒരു കമ്പനിയിൽ ട്രെയ്‌നിയായിരുന്നു മാൻഫ്രേറ്റ്‌. മാൻഫ്രേറ്റും മറ്റു ട്രെയ്‌നികളും ആഴ്‌ചയിൽ രണ്ടു ദിവസം ഒരു വോക്കേഷനൽ കോളേജിൽ സംബന്ധിക്കാനായി കമ്പനി ക്രമീകരണം ചെയ്‌തു. ഒരു ദിവസം ക്ലാസ്സ്‌ നേരത്തേ കഴിഞ്ഞു. കമ്പനിയിലെ നിയമം അനുസരിച്ച്‌ ശേഷിച്ച സമയം ട്രെയ്‌നികൾ ജോലി ചെയ്യണമായിരുന്നു. എന്നാൽ മാൻഫ്രേറ്റ്‌ ഒഴികെ മറ്റെല്ലാവരും വീണുകിട്ടിയ സമയം ‘അടിച്ചുപൊളിക്കാൻ’ തീരുമാനിച്ചു. മാൻഫ്രേറ്റ്‌ മാത്രം ജോലിസ്ഥലത്തേക്കു തിരിച്ചു വന്നു. അപ്പോഴാണ്‌ ട്രെയ്‌നികളുടെ മേൽനോട്ടം വഹിക്കുന്ന കമ്പനി എക്‌സിക്യുട്ടിവ്‌ യാദൃച്ഛികമായി അതുവഴി വന്നത്‌. മാൻഫ്രേറ്റിനെ കണ്ടപ്പോൾ അദ്ദേഹം ചോദിച്ചു: “എന്താ നീയിന്നു ക്ലാസ്സിൽ പോകാതിരുന്നത്‌? മറ്റുള്ളവരൊക്കെ എവിടെ?” മാൻഫ്രേറ്റ്‌ ഇപ്പോൾ എന്തു പറയും?

അവൻ സത്യം പറയണോ? അതോ സഹപാഠികളെ രക്ഷിക്കുന്നതിനായി സത്യം മറച്ചുവെക്കണോ? സത്യം പറയുന്നത്‌ മറ്റുള്ളവരെ കുഴപ്പത്തിലാക്കുകയും അവരുടെ അപ്രീതിക്ക്‌ ഇടയാക്കുകയും ചെയ്യുമായിരുന്നു. അത്തരം സാഹചര്യങ്ങളിൽ ഒരു നുണ പറയുന്നതിൽ കുഴപ്പമുണ്ടോ? മാൻഫ്രേറ്റിന്റെ സ്ഥാനത്ത്‌ നിങ്ങളായിരുന്നെങ്കിൽ എന്തു ചെയ്യുമായിരുന്നു?

പക്ഷേ മാൻഫ്രേറ്റിന്റെ മറുപടി ഇതായിരുന്നു: “ഇന്ന്‌ അധ്യാപകൻ ക്ലാസ്സ്‌ നേരത്തേ വിട്ടു, അതുകൊണ്ട്‌ ഞാൻ ജോലിക്കു വന്നു. മറ്റുള്ളവരുടെ കാര്യം, ഒരുപക്ഷേ താങ്കൾ അവരോടു നേരിട്ടു ചോദിക്കുന്നതായിരിക്കും നല്ലത്‌.”

കൗശലപൂർവം തെറ്റായ ഒരു ഉത്തരം നൽകാനും അങ്ങനെ മറ്റു ട്രെയ്‌നികളെ പ്രീതിപ്പെടുത്താനും അവനു കഴിയുമായിരുന്നു. എന്നാൽ സത്യത്തോടു വിശ്വസ്‌തമായി പറ്റിനിൽക്കുന്നതിന്‌ അവന്‌ ന്യായമായ കാരണങ്ങൾ ഉണ്ടായിരുന്നു. സത്യസന്ധത ശുദ്ധ മനസ്സാക്ഷി നിലനിറുത്തുന്നതിന്‌ അവനെ സഹായിച്ചു. അത്‌ മുതലാളിയുടെ വിശ്വാസം നേടിക്കൊടുക്കുകയും ചെയ്‌തു. ട്രെയിനിങ്ങിന്റെ ഭാഗമായി മാൻഫ്രേറ്റിനെ ജ്വല്ലറി വിഭാഗത്തിലേക്കു നിയമിച്ചു; സാധാരണ, അവിടെ ജോലി ചെയ്യാൻ ട്രെയ്‌നികളെ അനുവദിച്ചിരുന്നില്ല. ഏകദേശം 15 വർഷത്തിനുശേഷം കമ്പനിയിലെ ഒരു ഉത്തരവാദിത്വ സ്ഥാനത്തേക്ക്‌ മാൻഫ്രേറ്റിനു പ്രമോഷൻ ലഭിച്ചപ്പോൾ അന്നത്തെ ആ എക്‌സിക്യുട്ടിവ്‌ അദ്ദേഹത്തെ ഫോണിൽ വിളിച്ച്‌ അഭിനന്ദിക്കുകയും സത്യത്തിനുവേണ്ടി നിലകൊണ്ട ഈ സംഭവത്തെക്കുറിച്ചു പറയുകയും ചെയ്‌തു.


🔅 എന്നാൽ എല്ലാവരോടും നാം സത്യം പറയേണ്ടതുണ്ടോ? , നമ്മോട്‌ വിവരങ്ങൾ ആവശ്യപ്പെടുന്ന വ്യക്തി എല്ലാ വിശദാംശങ്ങളും അറിയാൻ അർഹതയുള്ള ആളാണോ എന്നത്‌ നാം ശ്രദ്ധിക്കണം. ഉദാഹരണത്തിന്‌, മറ്റൊരു കമ്പനിയിലെ ഒരു എക്‌സിക്യുട്ടിവാണ്‌ മാൻഫ്രേറ്റിനോട്‌ ആ ചോദ്യം ചോദിച്ചതെന്നു കരുതുക. മാൻഫ്രേറ്റ്‌ അദ്ദേഹത്തോട്‌ എല്ലാം പറയേണ്ടതുണ്ടോ? ഇല്ല. ആ വിവരങ്ങൾ അറിയാൻ അധികാരപ്പെട്ട വ്യക്തിയല്ലാത്തതിനാൽ, അദ്ദേഹത്തോട്‌ അതു പറയാനുള്ള ഉത്തരവാദിത്വം മാൻഫ്രേറ്റിനില്ല. എന്നാൽ ഒരു കാര്യം തീർച്ചയാണ്‌, ഈ സാഹചര്യത്തിൽ പോലും നുണ പറയുന്നതു തെറ്റായിരിക്കും.



Powered by Blogger.