ദീര്‍ഘകാല ലക്ഷ്യത്തോടെയുള്ള തീരുമാനങ്ങള്‍ക്ക് വിട്ടുവീഴ്ചയുണ്ടാകാറില്ല
അയല്‍രാജ്യങ്ങളെ ആക്രമിച്ച് അവിടുത്തെ സമര്‍ത്ഥരായ യുവാക്കളെ തങ്ങളുടെ രാജ്യത്ത് കൊണ്ടുവന്ന് സൈന്യത്തില്‍ ചേര്‍ക്കുക എന്നത് ആ രാജ്യത്തെ രാജാവിന്റെ സ്വഭാവമായിരുന്നു. സൈന്യത്തില്‍ ചേരുന്നവര്‍ക്ക് മികച്ച പരിശീലനവും ഭക്ഷണവും സൗജന്യതാമസവും ലഭിക്കുന്നതുകൊണ്ടുതന്നെ പിടിച്ചുകൊണ്ടുവരുന്ന ആര്‍ക്കും അതില്‍ പരാതിയൊന്നും ഉണ്ടായതുമില്ല. എന്നാല്‍ ഒരിക്കല്‍ പുതിയ അയല്‍രാജ്യത്തുനിന്നും കുറെ ചെറുപ്പക്കാരെ കൊണ്ടുവന്നിരിക്കയാണ്. അന്ന് ഭക്ഷണം നല്‍കിയപ്പോള്‍ ഒരാള്‍ മാംസാഹാരം കഴിക്കാന്‍ കൂട്ടാക്കിയില്ല. താന്‍ സസ്യാഹാരം മാത്രമേ കഴിക്കൂ എന്ന് അയാള്‍ വാശിപിടിച്ചു. മാംസാഹാരം കഴിച്ചാല്‍ മാത്രമേ നല്ല ശാരീരികക്ഷമതയുണ്ടാകൂ എന്നായി സൈന്യാധിപന്‍. അവസാനം ഈ പ്രശ്‌നം രാജാവിന്റെ മുന്നിലെത്തി. താന്‍ പൂര്‍ണ്ണമായും ഒരു സസ്യഭുക്കാണെന്നും എങ്കിലും തന്റെ ശാരീരിക ക്ഷമത തെളിയിക്കാന്‍ ആരുമായും മത്സരത്തിന് തയ്യാറാണെന്നും അയാള്‍ പറഞ്ഞു. എല്ലാ പരിശീലനങ്ങളും മുടങ്ങാതെ ചെയ്തിരുന്ന അയാള്‍ ആ മത്സരത്തില്‍ അവരെയെല്ലാം തോല്‍പിക്കുകയും ചെയ്തു. ആളുകള്‍ എന്തെങ്കിലും കാരണത്തിന്റെ പേരിലായിരിക്കും ഒരുകാര്യം സ്വീകരിക്കുന്നതും നിരാകരിക്കുന്നതും. ചിലപ്പോള്‍ അതൊരു ഉറച്ച ബോധ്യത്തോടെയുള്ള തീരുമാനമാകാം. അല്ലെങ്കില്‍ താല്‍ക്കാലിക നേട്ടത്തിന്റെ പ്രലോഭനം മൂലമാകാം. ദീര്‍ഘകാല ലക്ഷ്യത്തോടെയുള്ള തീരുമാനങ്ങള്‍ക്ക് വിട്ടുവീഴ്ചയുണ്ടാകാറില്ല. തീരുമാനങ്ങള്‍ എടുക്കുന്നവരല്ല, അവയ്ക്ക് വേണ്ടി നിലകൊള്ളുന്നവരാണ് തങ്ങളുടെ യാത്ര പൂര്‍ത്തിയാക്കുന്നത്. ഒരു വശീകരണത്തിനും വിധേയരാകാതെ ജീവിക്കണമെങ്കില്‍ അസാധാരണമായ സ്വയംപ്രതിരോധ ശേഷിയുണ്ടാകണം. ആരും എടുക്കാത്ത തീരുമാനങ്ങള്‍ എടുക്കുന്നതിലല്ല, ആരും പിന്തുണയ്ക്കാനില്ലെങ്കിലും എടുത്ത തീരുമാനങ്ങളില്‍ ഉറച്ച് നില്‍ക്കാനുള്ള മനസ്സാണ് വേണ്ടത്. അതാണ് ഒരാളുടെ വ്യക്തിത്വം നിര്‍ണ്ണയിക്കുന്നതും. തീരുമാനങ്ങള്‍ സുദൃഢവും സുവ്യക്തവും ആകട്ടെ