മനുഷ്യാവകാശ ദിനം (ഡിസംബര്‍ 10)
അവകാശം ഹനിക്കരുത്
-- ഷാക്കിര്‍ തോട്ടിക്കല്‍ --
എല്ലാ ഭീകര പ്രവർത്തനങ്ങൾക്ക് പിന്നിലും മനുഷ്യാവകാശലംഘനങ്ങളുടെ ചെറുചലനങ്ങൾ കാണാൻ കഴിയും. എവിടെ മനുഷ്യാവകാശം ധ്വംസിക്കപ്പെടുന്നുവോ, അവിടെ ചെറുത്തുനില്പും പോരാട്ടവും അനിവാര്യമായിത്തീരും. ഇവ ചിലപ്പോൾ ഉഗ്രവാദ പോരാട്ടമായി രൂപം പ്രാപിക്കും. മനുഷ്യാവകാശത്തിനു നേരെയുള്ള കടന്നു കയറ്റത്തെ ചെറുക്കുക വഴി ഭീകരവാദ പ്രവർത്തനങ്ങളെ തടയിടാൻ കഴിയുമെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.
ഒരു മനുഷ്യന് അവനനുഭവിക്കുന്ന അവകാശങ്ങളെ നിഷേധിക്കപ്പെടുമ്പോൾ ഉണ്ടാകുന്ന സ്വാഭാവിക പ്രതിരോധമാണ് ഭീകര വാദത്തിലേക്കും വിധ്വംസക പ്രവർത്തനങ്ങളിലേക്കും അവരെ നയിക്കുന്നത്. പ്രകൃതാ മനുഷ്യൻ സ്വതന്ത്രനായി നില്‍ക്കാന്‍ ആഗ്രഹിക്കുന്നവനും, സമൂഹം അവനിലേൽപിച്ച അവകാശത്തെക്കുറിച്ച് ബോധമുള്ളവനുമാകുന്നു. സ്വന്തം ചിന്താഗതികളും വിശ്വാസപ്രമാണങ്ങളും മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കാൻ മനുഷ്യൻ ആരംഭം മുതൽക്കേ ശ്രമിച്ചിരുന്നു.കായബലവും സൈനികബലവും ഇതിന്റെ വേഗത വർദ്ധിപ്പിച്ചു. ജനവിഭാഗത്തിന് മേൽ സംഘടിത ജനവിഭാഗം കയ്യേറ്റം ആരംഭിക്കുകയും അസംഘടിതർ സംഘടിച്ച് ചെറുത്തുനിൽപ്പ് ആരംഭിക്കുകയും ചെയ്തു.ആ ചെറുത്തുനിൽപ്പുകളാണ് ചിലപ്പോൾ പോരാട്ടമായി വളരുന്നത്.
ജീവജാലങ്ങൾക്ക് ആവശ്യമായതെല്ലാം പ്രകൃതി ഇവിടെ ഒരുക്കിവെച്ചിട്ടുണ്ട്. പ്രകൃതി നിയമമനുസരിച്ച് പ്രകൃതി വിഭവങ്ങൾ കൈകാര്യം ചെയ്യാതെ ശക്തി ഉപയോഗിച്ച് വിഭവങ്ങൾ കൈവശപ്പെടുത്തുമ്പോ ഴാണ് അസ്വാരസ്യങ്ങൾ ഉടലെടുക്കുന്നത്. ഉല്പാദനോപാധികളുടെയും ഉൽപന്നങ്ങളുടെയും പ്രകൃതിവിഭവങ്ങളുടെയും കൈയടക്കലുകൾ മനുഷ്യാവകാശലംഘനാമായി മാറുന്നു. പ്രകൃതിവിഭവങ്ങളിലേക്കുള്ള അധീശത്വം സമൂഹത്തെ അസ്വസ്ഥത യിലേക്ക് നയിക്കുന്നു.
ജാതി, വംശം, രാജ്യം തുടങ്ങിയ വിഭജനങ്ങൾ മനുഷ്യരാശിയെ ഓരോ സംഘങ്ങളായി മാറ്റുകയും ഒരു വർഗ്ഗം മറ്റൊരു വർഗ്ഗത്തിനു മേൽ കൂട്ടായ അക്രമം നടത്തുന്നതിലേക്ക് ഈ ചേരിതിരിവ് രൂപം പ്രാപിക്കുകയും ചെയ്യുന്നു. പ്രത്യക്ഷത്തിൽ ഒരു വ്യക്തി മറ്റൊരു വ്യക്തിയെ യും രാജ്യം മറ്റൊരു രാജ്യത്തെയും അക്രമിക്കുന്നതിലേക്ക് ഇത് രൂപപരിണാമം ചെയ്യപ്പെടുന്നു. ഭൂമിയിൽ ജനിച്ചു വളരുന്ന എല്ലാ ജീവജാലങ്ങൾക്കും പ്രകൃതിയിൽ അവകാശമുണ്ടെന്നിരിക്കെ പ്രകൃതിയെ ചിലർ മാത്രം കൈകാര്യം ചെയ്തു തുടങ്ങുന്നതോടു കൂടിയാണ് മനുഷ്യാവകാശലംഘനങ്ങൾ ആരംഭിക്കുന്നത്.മിസിസ് റൂസ് വെൽറ്റിന്റെ നേതൃത്വത്തിൽ ഐക്യരാഷ്ട്രസംഘടനയുടെ മനുഷ്യാവകാശ കമ്മീഷൻ മുഴുവൻ രാജ്യങ്ങളിലെയും ജനങ്ങൾക്കുവേണ്ടി ആഗോള മനുഷ്യാവകാശ വിളംബരം 1984 ഡിസംബർ 10 ന് ജനറൽഅസ്സംബ്ലിയിൽ അവതരിപ്പിച്ചു.എന്നിരുന്നാലും മനുഷ്യാവകാശങ്ങൾ ചവിട്ടിമെതിക്കുന്ന കാഴ്ചയാണ് എവിടെയും കാണാൻ കഴിയുന്നത്. കുട്ടികളും സ്ത്രീകളും മാത്രമല്ല, അധ :കൃതവർഗ്ഗ ജനവിഭാഗങ്ങളും കടുത്ത മനുഷ്യാവകാശ ലംഘനത്തിന്റെ ഇരകളായിത്തീരുന്നു.
ബാലവേല, സ്ത്രീപീഡനം, വർഗ്ഗം തിരിച്ചുള്ള അസമത്വം എന്നിവ മുൻകാലങ്ങളെക്കാള്‍ വളരെ കൂടുതലായി. തുല്യ ജോലിക്ക് തുല്യ വേതനം എന്ന സാമൂഹ്യനീതി പോലും ജനങ്ങൾക്ക് നിഷേധിക്കപ്പെടുന്നു. സ്ത്രീയുടെ അസ്ഥിത്വവും അഭിമാനവും ചവിട്ടിമെതിക്കപ്പെടുന്നു. സ്ത്രീ ഒരു കമ്പോള വസ്തു മാത്രമായി പരിഗണിക്കപ്പെടുന്നു. കുട്ടികളുടെ നിലയും ശോചനീയം തന്നെ. ഭരണഘടനകൾ വിഭാവനം ചെയ്ത സൗജന്യവും സാർവത്രികമായ വിദ്യാഭ്യാസം മാത്രമല്ല കുട്ടികൾക്ക് നിഷേധിക്കപ്പെടുന്നത്. ഫാക്ടറികളിലും തൊഴിലിടങ്ങളിലും വൻതോതിൽ കുട്ടികളെക്കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നു.ഭിക്ഷാടനം പോലുള്ള ജോലികളിൽഅംഗഛേദനം ചെയ്യപ്പെട്ട കുട്ടികളെ കുറിച്ചുള്ള വാർത്തകൾ വർത്തമാനകാലത്തും ഏറെ കാണാൻ കഴിയും.
ജാതി, മത, വർഗ്ഗ, വർണ്ണ വിത്യാസത്തിന്റ പേരിൽ മനുഷ്യാവകാശം കവർന്നെടുക്കുന്നത് പരിഷ്കൃത രാജ്യങ്ങളിലും കാണാവുന്നതാണ്. മനുഷ്യൻ മനുഷ്യന്റെ മേൽ നടത്തുന്ന കടന്നുകയറ്റങ്ങളെ ഫലപ്രദമായി തടയാനും, മനുഷ്യന് സമൂഹം കല്പ്പിച്ചു നൽകിയ അവകാശങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്താനും നമ്മെ ഓർമ്മിപ്പിക്കുവാനാണ് ഡിസംബർ 10 ന് ലോക മനുഷ്യാവകാശ ദിനമായി ഐക്യരാഷ്ട്രസഭ ആചരിച്ചു വരുന്നത്.