അതിപ്രശസ്തനായ ഭൂഗര്‍ഭ ഗവേഷകനായിരുന്നു അദ്ദേഹം

Arivarang special story

 

അതിപ്രശസ്തനായ ഭൂഗര്‍ഭ ഗവേഷകനായിരുന്നു അദ്ദേഹം. ഒട്ടേറെ കണ്ടെത്തലുകള്‍ അയാള്‍ നടത്തിയിട്ടുണ്ട്. 5ലക്ഷം വര്‍ഷം പഴക്കമുള്ള ശിലകള്‍ കണ്ടെത്തി അവതരിപ്പിച്ചതായിരുന്നു ഏറ്റവും പ്രധാനപ്പെട്ട നേട്ടം. അതോടെ അയാളുടെ പ്രശസ്തി വാനോളമുയര്‍ന്നു. അംഗീകാരങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗത്തുനിന്നെത്തി. പക്ഷേ, പിന്നീടു വന്ന ഗവേഷകര്‍ സത്യം പുറത്തുകൊണ്ടുവന്നു. അദ്ദേഹം ലോകത്തെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. അയാള്‍ തന്നെ കുഴിച്ചിട്ട ശിലകളാണ് ഗവേഷണഫലമായി അയാള്‍ അവതരിപ്പിച്ചത്. അന്നുമുതല്‍ അയാളെ പിന്നെ ആരും കണ്ടിട്ടില്ല. രണ്ടുതരം വഴികളുണ്ട്. യഥാര്‍ത്ഥവഴിയും എളുപ്പവഴിയും. യാഥാര്‍ത്ഥവഴികള്‍ക്കു പ്രചോദനസാധ്യതയും എളുപ്പവഴികള്‍ക്ക് പ്രലോഭനസാധ്യതയുമാണ് ഉള്ളത്. എളുപ്പവഴികള്‍ക്ക് ചില പ്രത്യേകതകളുണ്ട്. അവ നമ്മെ ലക്ഷ്യസ്ഥാനത്ത് നേരത്തെ തന്നെ എത്തിക്കും. പക്ഷേ, യാത്രികര്‍ക്കു മുഴുവന്‍ സമയ യാത്രയുടെ അറിവുകളോ അനുഭവങ്ങളോ അവിടെ ലഭിക്കാറില്ല. എവിടെയെത്തി, എപ്പോഴെത്തി എന്നതുപോലെ തന്നെ പ്രധാനമാണ് എങ്ങനെയെത്തി എന്നതും. എടുക്കേണ്ട സമയവും പ്രയത്‌നവും എടുത്തുവേണം എല്ലാ യാത്രകളും പൂര്‍ത്തിയാക്കാന്‍. സ്ഥിരപരിചയത്തിലൂടെയും തുടര്‍പരിശീലനത്തിലൂടെയും കരസ്ഥമാക്കിയ എന്തിനെയും കൃത്യതയോടെ കൈകാര്യം ചെയ്യാനും കാത്തുസൂക്ഷിക്കാനുമാകും. നമുക്ക് എളുപ്പവഴിയിലൂടെയുള്ള ക്രിയകള്‍ വേണ്ടെന്നുവെക്കാം. അഭിമാനകരമായ വഴികളിലൂടെ നടന്നുകയറാം

Powered by Blogger.