രാജാവും പടയാളിയും
രാജാവും പടയാളിയും മരൂഭൂമിയിലൂടെ യാത്ര ചെയ്യുകയാണ്. ദാഹം കൊണ്ടുവലഞ്ഞ രാജാവിനു പടയാളി കയ്യിലുണ്ടായിരുന്ന വെളളം കൊടുത്തു. വിശന്നപ്പോള്‍ ഭക്ഷണവും. വെയിലുകൊണ്ട് തളര്‍ന്നപ്പോള്‍ വിശറികൊണ്ട് വീശിയും കൊടുത്തു. ക്ഷീണം മാറുന്നതിനനുസരിച്ച് രാജാവ് യാത്ര പുനരാരംഭിച്ചു. യാത്രയുടെ മൂന്നാം ദിവസം ഒരു സ്ഥലത്ത് അവര്‍ വിശ്രമിക്കുമ്പോള്‍ പടയാളി ഉറങ്ങിപ്പോയി. ഉറക്കമുണര്‍ന്ന പടയാളി കണ്ടത് രാജാവ് സ്വയം വിശറികൊണ്ട് വീശുന്നതാണ്. ശിക്ഷഭയന്ന് പടയാളി രാജാവിന്റെ കാല്‍ക്കല്‍ വീണു. രാജാവ് അവനെ എഴുന്നേല്‍പിച്ചിട്ടു പറഞ്ഞു: നീ എന്നെ പഠിപ്പിച്ച മൂന്ന് പാഠങ്ങളുണ്ട്. വിലപ്പെട്ട മൂന്ന് പാഠങ്ങള്‍. ഒന്ന്, പ്രകൃതിശക്തിക്കു മുന്‍പില്‍ രാജാവും പടയാളിയും ഒരുപോലെയാണ്. രണ്ട്, തളര്‍ച്ചയും വിശപ്പും എല്ലാവര്‍ക്കും ബാധകമാണ്. മൂന്ന്, പ്രജകള്‍ ക്ഷീണം മാറ്റേണ്ടവനല്ല, പ്രജകളുടെ ക്ഷീണം മാറ്റേണ്ടവനാണ് രാജാവ്. സിംഹാസനങ്ങളില്‍ നിന്നും ഇറങ്ങാത്തവര്‍ക്ക് ഇരിപ്പിടമില്ലാത്തവരെ മനസ്സിലാവില്ല. പരവതാനിയിലൂടെ മാത്രം നടക്കുന്നവര്‍ക്ക് മുള്ളുനിറഞ്ഞ പാതകളുടെ നൊമ്പരം മനസ്സിലാകില്ല. സ്ഥാനവ്യതിയാനങ്ങളും അധികാരചിഹ്നങ്ങളുമെല്ലാം മനുഷ്യനിര്‍മ്മിതമാണ്. അതുവരെ അമൂല്യമെന്ന് കരുതിയിരുന്ന അത്തരം വസ്തുക്കള്‍ക്ക് ഒരാപത്തില്‍ നിന്നോ ആകസ്മിക സംഭവങ്ങളില്‍ നിന്നോ ആരെയും രക്ഷിക്കാന്‍ കഴിയില്ല എന്ന യാഥാര്‍ത്ഥ്യബോധത്തില്‍ നിന്നാണ് എല്ലാവരുടേയും അടിസ്ഥാനാവശ്യങ്ങളും വികാരങ്ങളും ഒന്നാണെന്ന് തിരിച്ചറിയുക.. വിജയശ്രീലാളിതരായി നടക്കുമ്പോള്‍ പിന്നിലും മുന്നിലുമായി നടക്കാന്‍ ഒട്ടേറെപ്പേരുണ്ടാകും. പക്ഷേ, ഒരു പ്രതിസന്ധിയില്‍ പെടുമ്പോഴോ തോല്‍വി മുന്നില്‍കാണുമ്പോഴോ ഇവരെല്ലാം അപ്രത്യക്ഷരാകുന്നതും നമുക്ക് കാണാം. മുന്നിലും പിന്നിലും നടക്കുന്നവരെയല്ല, ഒപ്പം നടക്കുന്നവരെയാണ് നാം കണ്ടെത്തേണ്ടത്.