കളിക്കുന്നതിനിടയിൽ അവന്റെ കൈ തട്ടി ഗ്ളാസ് താഴെ വീണു.
ഓടിക്കളിക്കുന്നതിനിടയില്‍ മേശപ്പുറത്തിരുന്ന ഗ്ലാസ്സ് ആ 5 വയസ്സുകാരന്റെ കൈതട്ടി താഴെ വീണു പൊട്ടി. അമ്മ അവനെ അടിക്കാന്‍ വടി നോക്കിയെങ്കിലും കിട്ടിയില്ല. അപ്പോള്‍ അമ്മ ദേഷ്യത്തില്‍ പറഞ്ഞു: നീ തന്നെ വടി എടുത്തുകൊണ്ടുവാ.. എന്തായാലും നിനക്ക് ഒരടിയുടെ കുറവുണ്ട്. കുഞ്ഞ് പോയി കുറെ തപ്പിനോക്കിയെങ്കിലും വടി കണ്ടെത്താനായില്ല. അവസാനം ചെറിയ കല്ല് കൊണ്ടുവന്ന് അമ്മയുടെ കയ്യില്‍ കൊടുത്തിട്ട് പറഞ്ഞു: വടി ഒരിടത്തും കണ്ടില്ലമ്മേ.. ഈ കല്ലുമാത്രമേ കിട്ടിയുള്ളൂ.. കുഞ്ഞ് അമ്മയുടെ നേരെ കല്ലും നീട്ടി നിന്നു.. ഇതുകണ്ട് അമ്മയുടെ ദേഷ്യമെല്ലാം മാറി.. കുഞ്ഞിനെ അമ്മ ചേര്‍ത്തുപിടിച്ചു മൂര്‍ദ്ധാവില്‍ ഒരുമ്മ കൊടുത്തു.. അമ്മയെ കെട്ടിപിടിച്ചിട്ട് അവന്‍ പറഞ്ഞു: ഇനി ഞാന്‍ ശ്രദ്ധിച്ചു കളിക്കാം അമ്മേ.. ശിക്ഷകള്‍ കൊണ്ട് ആളുകള്‍ നന്നാവുമായിരുന്നുവെങ്കില്‍ ശിക്ഷിക്കപ്പെടുന്ന കുറ്റവാളികള്‍ അതേ കുറ്റം ആവര്‍ത്തിക്കില്ലായിരുന്നു. ചെയ്ത കുറ്റത്തിനുള്ള പ്രാശ്ചിത്തമാകണം ശിക്ഷ. ശിക്ഷയോട് പൊരുത്തപ്പെട്ടുകഴിഞ്ഞാല്‍ പിന്നയത് ആവര്‍ത്തിക്കുന്നതായിരിക്കും തെറ്റു ചെയ്യുന്നവരുടെ വിനോദം. തിരുത്തപ്പെടാന്‍ വേണ്ടിയുള്ള ശിക്ഷകള്‍ക്ക് ചില പ്രത്യേകതകളുണ്ട്. അവ രഹസ്യസ്വഭാവമുള്ളതായിരിക്കും. ശിക്ഷയേല്‍ക്കുന്നവര്‍ മറ്റാരുടേയും മുന്നില്‍ അവഹേളിക്കപ്പെടുകയില്ല. സ്വയം തിരിച്ചറിവുണ്ടാക്കുന്ന മാനസിക പരിശീലനങ്ങളാകും അവയുടെ കാതല്‍. എന്താണ് ചെയ്തതെറ്റെന്ന് പരിശോധിക്കുന്നതിനോടൊപ്പം, എന്തുകൊണ്ടാണങ്ങനെ ചെയ്തതെന്ന വിശകലനം കൂടി ചെയ്താല്‍ ചിലപ്പോള്‍ ശിക്ഷ പോലും നല്‍കേണ്ടി വരില്ല. ചെയ്ത പ്രവൃത്തിയുടെ ഗൗരവം അയാളില്‍ സൃഷ്ടിക്കപ്പെടുന്ന അസ്വസ്ഥതയാകും ഏറ്റവും വലിയ ശിക്ഷ. തിരുത്തലിനു വേണ്ടി ഒരാള്‍ വരുത്തുന്ന സ്വഭാവവ്യതിയാനമായിരിക്കും ഏറ്റവും വലിയ പരിഹാരകര്‍മ്മം. ഒരാള്‍ക്ക് ശിക്ഷ കൊടുക്കുമ്പോള്‍ , ഈ ശിക്ഷ കുറ്റവാളിയില്‍ മാറ്റം വരുത്തുമോ എന്ന ചോദ്യം സ്വയം ചോദിക്കാന്‍ നമുക്കും ശീലിക്കാം.