ആ അച്ഛന്‍ മകളെ വളരെ കഷ്ടപ്പെട്ടാണ് പഠിപ്പിച്ചത്
ആ അച്ഛന്‍ മകളെ വളരെ കഷ്ടപ്പെട്ടാണ് പഠിപ്പിച്ചത്. അച്ഛന്റെ വലിയ പ്രതീക്ഷയായിരുന്നു അവള്‍. അവള്‍ നന്നായി പഠിച്ച് നല്ല ജോലി നേടുമെന്നും തന്റെ കഷ്ടപ്പാടുകളെല്ലാം അതോടെ മാറുമെന്നും അയാള്‍ ഉറച്ച് വിശ്വസിച്ചു. പക്ഷേ, അവള്‍ക്കൊരു ജോലി ലഭിക്കുന്നതിനുമുന്നേ അയാള്‍ മരിച്ചു. ടൈപ്പ്‌റൈറ്റിങ്ങും ഷോട്ടഹാന്റിലും അവള്‍ക്ക് നല്ല വൈദഗ്ദ്യം ഉണ്ടായിരുന്നു. പക്ഷേ, ജോലി അന്വേഷിച്ചു ചെല്ലുമ്പോഴെല്ലാം എല്ലാവരും പ്രവൃത്തിപരിചയം ആവശ്യപ്പെട്ടു. ജോലി ലഭിക്കാതെ എങ്ങിനെ പരിചയം നേടും... അവസാനം അവള്‍ ഒരു പരസ്യം കൊടുത്തു. പരിചയമില്ലെന്ന് കാരണത്താല്‍ എനിക്ക് ജോലിയൊന്നും കിട്ടുന്നില്ല. അതുകൊണ്ട് തന്നെ ശമ്പളമൊന്നുമില്ലാതെ തന്നെ ഏതെങ്കിലും കമ്പനിയില്‍ ഞാന്‍ 1 മാസം ജോലി ചെയ്യാന്‍ തയ്യാറാണ്! പരസ്യം ഫലിച്ചു. ധാരാളം ജോലി ഓഫറുകള്‍ അവള്‍ക്ക് ലഭിച്ചു. അതില്‍ തന്നെ മികച്ച 3 കമ്പനികളില്‍ മൂന്ന് മാസം അവള്‍ ജോലി ചെയ്തു. കമ്പനി അധികാരികള്‍ക്ക് അവളില്‍ മതിപ്പുണ്ടായി. അവര്‍ അവള്‍ക്ക് ശമ്പളവും പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റും നല്‍കി. പിന്നീട് അവള്‍ക്ക് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. നിരവധി കമ്പനികളില്‍ അവള്‍ക്ക് ഉയര്‍ന്ന ശമ്പളത്തില്‍ ഉയര്‍ന്ന സ്ഥാനത്തില്‍ ജോലി ലഭിച്ചു. എല്ലാവരുടെ ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാകാം. നമുക്ക് നേരിടുന്ന നിര്‍ഭാഗ്യങ്ങള്‍ നമ്മെ കര്‍മ്മവിമുഖരാക്കുകയല്ല വേണ്ടത്. കര്‍മ്മനിരതരാക്കുകയാണ് വേണ്ടത്. നമ്മുടെ മനസ്സില്‍ എത്ര തന്നെ നൈരാശ്യം നിറഞ്ഞാലും വെളിച്ചത്തിന്റെ ഒരു കണിക എവിടെയങ്കിലും ഒളിഞ്ഞിരിപ്പുണ്ടാകും. ആ വെളിച്ചത്തെ കണ്ടെത്തി ജീവിതത്തെ പ്രകാശപൂരിതമാക്കാന്‍ നാം ശ്രമിക്കുക തന്നെ വേണം. സ്വയമുളള വളര്‍ച്ചക്കും പുരോഗതിക്കും അതുമാത്രമാണ് മാര്‍ഗ്ഗം. എന്ത് പ്രതിബന്ധങ്ങള്‍ വന്നാലും എന്ത് ആപത്ത് നേരിട്ടാലും ജീവനുള്ളകാലത്തോളം അതിനെ അതിജീവിക്കുമെന്ന് മനസ്സുകൊണ്ട് തീരുമാനിക്കാന്‍ നമുക്ക് കഴിയണം. വസ്തുതകള്‍ക്ക് നേരെ കണ്ണടയ്ക്കുകയല്ല വേണ്ടത്.. അതിനെ നേരിടാന്‍ ശീലിച്ചുനോക്കൂ.. പുതുവഴികള്‍ നമുക്ക് മുന്നില്‍ തെളിയുന്നത് കാണാം.