ഇടി മിന്നൽ : ജാഗ്രതൈ
ഇടിമിന്നലുകളുടെ കാലമാണ്. കൂടുതൽ ജാഗ്രത സന്ദർഭങ്ങളാണ് വരാൻ പോകുന്നത്. യഥാർത്ഥത്തിൽ മിന്നൽ എങ്ങനെയാണ് ഉണ്ടാകുന്നതെന്നും ഇത് എപ്പോൾ ഏത് സന്ദർഭങ്ങളിൽ മനുഷ്യനിൽ ആഘാതമേൽക്കുമെന്നും നമ്മിൽ പലർക്കും അറിയില്ല.
എന്താണ് മിന്നലുകൊണ്ട് ഉദ്ദേശിക്കുന്നത്? ഞൊടിയിട ഒരു വൈദ്യുതാഘാതമാണ് മിന്നല്‍.
മനുഷ്യനായാലും ഒരു വലിയ കെട്ടിടം ആയാലും ഒരു ലോഹപെട്ടിയായാലും അതിന്റെ പുറംഭാഗത്തു കൂടെ കുളിപ്പിക്കുന്നത് പോലെ ഒഴുകാനാണ് മിന്നലിനിഷ്ടം. ഒഴുക്കിന്റെ ഈ പ്രത്യേകത മൂലം മിന്നലിലൂടെ ശരീരത്തിലെത്തുന്ന വൈദ്യുതിയുടെ അളവ് കുറയും. വീടിന്റെ തുറന്നിട്ട വാതിലുകളിലൂടെയും ജനലുകളിലൂടെയും അരികത്തു നിൽക്കുന്നവർക്കാണ് അകത്തുനിൽക്കുന്നവരേക്കാൾ മിന്നലിൽ നിന്നും കൂടുതൽ അപകടങ്ങൾ പറ്റുന്നത്. എന്നാൽ കെട്ടിടങ്ങളിൽ ഉള്ളവരുടെയും കാർ, ബസ്സ് തുടങ്ങിയ വാഹനങ്ങളിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്നവരെയും മിന്നൽ അത്യപൂർവമായി ആക്രമിക്കുന്നത് മിന്നലിന്റെ ഈ 'ഒഴുക്ക്' തന്നെയാണ്.
വൈദ്യുതി പ്രവഹിക്കുന്ന പ്രദേശത്തെ വായുവിന്റെ പെട്ടെന്നുള്ള ചൂടാകലും വികാസവും ശക്തമായ പ്രവാഹവും മിന്നലിന്റെ പൂരകങ്ങളാണ്. സ്ഫോടനാത്മകമായ ശബ്‍ദം അതിന്റെ പരിണിത ഫലമാണ്. പെട്ടെന്നുള്ള ഈ ശബ്‍ദം തന്നെ അപൂർവമായി ചിലരിൽ മനോവിഭ്രാന്തിക്കും കാരണമാകാറുണ്ട്.
എങ്ങനെയെല്ലാം മിന്നലിൽ നിന്ന് അഘാതമേൽക്കാം
നേരിട്ടുള്ള മിന്നലാക്രമണം;
മിന്നലിലെ വൈദ്യുതപ്രവാഹത്തിന്റെ പാതയിൽ വിധേയൻ അകപ്പെടുമ്പോഴാണ് നേരിട്ട് ആക്രമണം സഹിക്കേണ്ടി വരുന്നത്. ഇടി മിന്നലിന്റെ ഏറ്റവും മാരകമായ ആക്രമണരീതിയും ഇത് തന്നെയാണ്.
സമ്പർക്ക വസ്തുവിലൂടെയുള്ള ആക്രമണം;
നാം തൊട്ടിരിക്കുന്ന അല്ലെങ്കിൽ നമ്മുടെ ശരീരത്തോട് ചേർന്നിരിക്കുന്ന ഒരു വസ്തുവിന് ഇടിമിന്നലേറ്റാൽ മൊത്തം ആഘാതത്തിൽ ഒരംശം നമുക്കും ഏൽക്കും.
സാമിപ്യം മൂലമുള്ള ആഘാതം;
സമീപത്തുള്ള ഒരു വസ്തുവിലെത്തിയ മിന്നൽ അവിടെ നിന്നും നമ്മുടെ ശരീരത്തിലേക്ക് വായുവിലൂടെ ചാടിയാലും നമുക്ക് ആഘാതമേൽക്കും.
തറയിലൂടെയുള്ള ആഘാതം;
വൈദ്യുതി ഒഴുകുന്ന പരിധിക്കുള്ളിൽ ഇരുകാലുകളും സാധാരണ പോലെ ഊന്നിനിൽക്കുന്ന ഏതൊരാൾക്കും മിന്നൽ മൂലമുള്ള വൈദ്യുതാഘാതമേൽക്കും. കാലുകൾ കൂടുതൽ അകത്തിവെച്ചാണ് നിൽക്കുന്നതെങ്കിലും ആഘാതത്തിന്റെ ശക്തിയും കൂടാം.
നനവില്ലാത്ത മരം, റബ്ബർ ചെരിപ്പ് ഇവ ധരിച്ചു നിൽക്കുന്നത് തറയിലൂടെയുള്ള അക്രമണത്തിനെതിരെ ഗണ്യമായ സുരക്ഷ നൽകുന്നതാണ്..
വായുപ്രവാഹം മൂലമുള്ള ക്ഷതങ്ങൾ;
മിന്നൽ വൈദ്യുതി പ്രവഹിക്കുന്ന പ്രദേശത്തുള്ള വായു പെട്ടെന്ന് ചൂടായി വികസിച്ചു സങ്കീർണങ്ങളായ വായുപ്രവാഹങ്ങൾക്കിട നൽകും. ഇടിമുഴക്കം ഇടിമിന്നലിനെ തുടർന്നുള്ള തീപിടിത്തം എടുത്തെറിയപ്പെടലുമൊക്കെ ഇതിന്റെ പരിണിത ഫലങ്ങളാണ്.
ശ്രദ്ധിക്കുക
ഇടിമിന്നലുള്ളപ്പോൾ വിശാലമായ സ്ഥലത്തു കൂടി നടക്കരുത്. ദേഹമോ വസ്ത്രങ്ങളോ നനഞ്ഞതാണെങ്കിൽ പ്രത്യേകിച്ച് മിന്നലുള്ളപ്പോൾ വിശാലമായ സ്ഥലത്തു ലോഹകാലുള്ള കുടപിടിച്ച് നടക്കുകയോ നിൽക്കുകയോ ചെയ്യുന്നതും സുരക്ഷിതമല്ല. തീവണ്ടിയെ അത്യപൂർവമായി മാത്രമേ മിന്നൽ പിടിക്കാറുള്ളൂ. എന്നാൽ മിന്നലുള്ള സമയത്തു റെയിൽ പാളങ്ങളിൽ ഇരിക്കുന്നതോ റെയിലുകളെ സ്പർശിച്ചു കൊണ്ട് നടക്കുന്നതോ സുരക്ഷിതമല്ല. പ്രത്യേക സംരക്ഷണ സംവിധാനങ്ങൾ ഘടിപ്പിക്കാത്ത ടെലിഫോണുകൾ കൈകാര്യം ചെയ്യുന്നത് ആപത്തുകൾ ക്ഷണിച്ചു വരുത്തും.
ശുശ്രൂഷ
ചലനമറ്റ ശരീരത്തിൽ മനുഷ്യജീവൻ ഒളിച്ചു കളിക്കുന്ന ഒരു സന്ദർഭമാണല്ലോ ഇത്. അത് കൊണ്ട് തന്നെ ഇടിമിന്നലേറ്റവരുടെ കൂട്ടത്തിൽ ആദ്യം ശ്രദ്ധിക്കേണ്ടത് ചലനമറ്റവരെയാണ്. ഇവരുടെ ഹൃദയ-കോശ-ശ്വാസാദികൾ നിലച്ചിട്ടുണ്ടെങ്കിൽ ഉടൻതന്നെ യഥാവിധിയുള്ള പുനരുജ്ജീവന നടപടികൾ തുടങ്ങണം. മിന്നലേറ്റ് കിടക്കുന്നവരുടെ അടുത്തെത്താനും അവരെ തൊടാനും പേടിക്കേണ്ടതില്ല. മിന്നൽ മിന്നി കഴിഞ്ഞതോടെ അതിലെ വൈദ്യുതപ്രവാഹവും അവസാനിച്ചിരിക്കും. അതിനാൽ മിന്നലേറ്റ് കിടക്കുന്നവരെ ഉടൻതന്നെ ധൈര്യമായി ശുശ്രൂഷിക്കാവുന്നതാണ്.