വിശന്നു നടക്കുമ്പോള്‍ ആണ് പുലി പൂച്ചയെ കണ്ടത്
വിശന്നുവലഞ്ഞുനടക്കുമ്പോഴാണ് പുലി പൂച്ചയെ കണ്ടത്. അപകടം മണത്ത പൂച്ച ഓടി. പക്ഷേ, പൊട്ടക്കിണറ്റില്‍ വീഴാനായിരുന്നു അതിന്റെ വിധി. പൂച്ചയെ ഓടിക്കാനായി തൊട്ടുപിറകെ ഓടിയെത്തിയ പുലിയും അതേ കിണറ്റില്‍ വീണു. പൂച്ച ഒരുവിധത്തില്‍ കിണറ്റിലുള്ളിലെ മണ്‍തിട്ടയില്‍ കയറിപ്പറ്റി. മറ്റുമാര്‍ഗ്ഗമില്ലാതെ പുലിയും അതേ തിട്ടയില്‍ കയറി നിന്നു. പേടിച്ചുവിറച്ച പൂച്ച പുലിയോട് പറഞ്ഞു: എന്നെ ഉപദ്രവിക്കരുത്. കുറച്ച് നേരം അനങ്ങാതിരുന്നശേഷം പുലി ചോദിച്ചു: ഇവിടെ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടാനുള്ള മാര്‍ഗ്ഗം നിനക്കറിയുമോ?!... ഒരേ കെണിയില്‍ പെട്ടാല്‍ ഇരയും വേട്ടക്കാരനും ഒരുപോലെയാകും. പിന്നെ ബലഹീനനെ കീഴ്‌പ്പെടുത്തന്നതിന്റെ സുഖം വേട്ടക്കാരനുണ്ടാകില്ല. പ്രകൃതി നിയമത്തിന്റെ പേരില്‍ വേട്ടയാടല്‍ പ്രക്രിയയെ ന്യായീകരിക്കുന്നവര്‍ പോലും പ്രകൃതിദുരന്തം വന്നാല്‍ പരസ്പാരാശ്രയത്തിന്റെ പച്ചത്തുരുത്തുകളെക്കുറിച്ചു പ്രസംഗിക്കാന്‍ തുടങ്ങും. ഒരാള്‍ക്ക് തന്നെ രക്ഷപ്പെടാനാകില്ല എന്ന് തിരിച്ചറിയുമ്പോഴാണ് എല്ലാവരും ഒന്നാണെന്നുള്ള തിരിച്ചറിവുണ്ടാകുക. താന്‍ ഒരു ഇരയാകുന്നതുവരെ ഇരയുടെ വേദന വേട്ടക്കാരന് മനസ്സിലാകുകയില്ല. സുഖവാസകാലത്ത് തമ്മിലടിക്കാനും ചേരിതിരിയാനും ഒട്ടേറെ കാരണങ്ങളുണ്ടാകും. അത്യാഹിതങ്ങളിലകപ്പെട്ടാല്‍ എല്ലാ വേലിക്കെട്ടുകളും പൊളിച്ചുകളഞ്ഞ് ആയുസ്സ് സംരക്ഷിക്കാന്‍ മാത്രമാകും ശ്രമം. വിശപ്പിനേക്കാള്‍ വലുതാണ് ജീവനെന്നറിഞ്ഞാല്‍ വില്ലാളിവീരന്മാരെല്ലാം വിനീതരാകും. ജീവന്‍ അപകടത്തിലാകുമ്പോള്‍ മാത്രമല്ല, എല്ലായ്‌പോഴും എല്ലാവരും ഒന്നാണെന്നുള്ള ചിന്ത നമ്മുടെ മനസ്സില്‍ കടന്നുവരട്ടെ.