ഗാന്ധി ജയന്തി (ഒക്ടോബർ 02)

Arivarang, October 02, Gandhi Jayanthi, ഗാന്ധി ജയന്തി (ഒക്ടോബർ 02)

 ഇന്ന് ഗാന്ധി ജയന്തി 

ഗാന്ധി ശാന്തി

  -- ഷാക്കിർ തോട്ടിക്കൽ --
           

        "സ്ഥിരതയെ ഒരു ഗുണമായി ഞാൻ മഹത്വവൽക്കരിക്കുകയില്ല. ഓരോ നിമിഷവും മനസാക്ഷിയോട് നീതി പാലിക്കാനായാൽ പിന്നെ എന്റെ നേരെ ഉയരുന്ന ആശയ വൈരുദ്ധ്യങ്ങളെ ഞാൻ ഭയക്കില്ല"
          (മഹാത്മാ ഗാന്ധി)

       വൈദേശിക മേധാവിത്വത്തിനെതിരായ തീക്ഷ്ണ പോരാട്ട വേളകളിൽ ജനതയെ ഒരേ ചരടിൽ കോർത്ത് അഹിംസയിൽ അധിഷ്ഠിതമായ പ്രതിഷേധത്തിന്റെ ജ്വാലകൾ കൊളുത്തിവിട്ട ഗാന്ധിജി പകരം വെക്കാനില്ലാത്ത വ്യക്തിത്വമാണ്. കത്തിയെരിഞ്ഞ സ്വാതന്ത്ര്യസമര തീച്ചൂളയിൽ ജനതയുടെ വികാരവും വിചാരവുമായിരുന്ന ഗാന്ധിജി ഉണർത്തിവിട്ട അഹിംസ മന്ത്രധ്വനികൾ വൈദേശിക മേധാശക്തി യെ തളർത്തിയെന്ന് മാത്രമല്ല, സ്വാതന്ത്ര്യ അഭിനിവേശത്തിനു ഊടും പാവും നെയ്യുകയുമായി യിരുന്നു.
               ഇന്ത്യൻ ജനതയുടെ സാമൂഹികവും സാമ്പത്തികവുമായ പരാധീനതകളെ ചൂഷണം ചെയ്ത ബ്രിട്ടീഷ് മേധാവിത്വം ചവിട്ടിയരച്ച പാതകളിലൂടെ അഹിംസാ മന്ത്ര ധ്വനികൾ മുഴക്കി കടന്നുപോകുമ്പോൾ അങ്ങകലെ ഇളകിയാടിയത് ഇംഗ്ലണ്ടിലെ രാജകീയ സിംഹാസനങ്ങൾ. സ്വാതന്ത്ര്യത്തിന് മുമ്പും പിമ്പും ഗാന്ധിജി അധികാര വഴികളിലൂടെയല്ല നടന്നു നീങ്ങിയത്. അന്നും തുടർന്നും മാതൃരാജ്യം എങ്ങനെയായിരിക്കണമെന്ന കാഴ്ചപ്പാടും ഗാന്ധിജിക്കുണ്ടായിരുന്നു. ദാരിദ്ര്യവും പട്ടിണിയും നിരക്ഷരരുമില്ലാത്ത ഒരിന്ത്യ. രാജ്യത്തിന്റെ സാമൂഹികവും ഭൗതികവുമായ പുരോഗതി. വ്യക്തി, വ്യക്തിയിലേക്ക് മാത്രം ചുരുങ്ങാതെ വ്യക്തി സമൂഹത്തിന് വേണ്ടിയും സമൂഹം വ്യക്തിക്ക് വേണ്ടിയുമെന്ന് എവിടെയും എഴുതി ചേർക്കാതെ അതിനനുസൃതമായി സമൂഹത്തെ വാർത്തെടുക്കാൻ ജീവിതം സമരമാക്കിയ ഗാന്ധിജിയുടെ ദർശനങ്ങൾ കാലമേറെ കഴിഞ്ഞാലും ഒളിമങ്ങാത്തതിന്റെ കാരണവും മറ്റൊന്നുമല്ല. വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന ജനതയെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുകയായിരുന്നു ഗാന്ധിജിയുടെ ലക്ഷ്യം. അതിന് പശ്ചാത്തല സൗകര്യം ഒരുക്കി കൊടുക്കാനാണ് അഹിംസയെന്ന ആയുധം അദ്ദേഹം പുറത്തെടുത്തത്. ആവശ്യങ്ങൾ നേടിയെടുക്കാൻ സത്യാഗ്രഹവും കൂടിയായപ്പോൾ അതിനുമുന്നിൽ എല്ലാ വൈദേശിക ഭരണാധികാരികളുടെയും മുട്ട് വിറക്കുകയായിരുന്നു. ഗാന്ധിജി ഉണർത്തിവിട്ട സ്വരാജ്യ സ്നേഹമന്ത്രം അലയടിച്ച കാതുകളിൽ ഓരോന്നിലും അടക്കാനാവാത്ത സാമ്രാജ്യത്വവിരുദ്ധ വികാരമായിരുന്നു. ഗാന്ധിജി തീർത്ത പാതയിൽ പിൻ നിഴൽപ്പറ്റി അദ്ദേഹത്തോടൊപ്പം ഇന്ത്യൻ ജനത സഞ്ചരിച്ചതിന്റെ‍ രഹസ്യവും തന്നിലേക്കാ കർഷിക്കാനുള്ള ഗാന്ധിജിയുടെ അസാമാന്യ വ്യക്തിത്വമായിരുന്നു.



സമരമല്ല; സമരായുധമാണു ഗാന്ധി
ലാഭേച്ഛയല്ല അധികാരമെന്നും, അധികാരികൾ അകത്തളങ്ങളിൽ മേഞ്ഞു നടക്കേണ്ട വരെല്ലെന്നും സ്വജീവിത പ്രയത്നത്താൽ മറ്റുള്ളവർക്ക് കാട്ടിക്കൊടുത്ത സമരമല്ല, സമരായുധമായിരുന്നു ഗാന്ധിജി. അവസാനം ബ്രിട്ടീഷുകാർക്ക് പോലും ഈ വന്ദ്യവയോധികനു മുന്നിൽ തല കുനിക്കേണ്ടി വന്നത് രാജ്യം ഒരൊറ്റ വ്യക്തിയെ കേന്ദ്രീകരിച്ചതുകൊണ്ട് മാത്രമാണ്. സ്വാതന്ത്ര്യം നേടി കാലമേറെ പിന്നിടുമ്പോൾ ഗാന്ധിജിയുടെ ദർശനങ്ങൾക്കെന്തുപറ്റി യെന്ന ചോദ്യവും അന്തരീക്ഷത്തിൽ അലയടിക്കുകയാണ്.
            ഗാന്ധിജിയുടെ നിരാഹാര സത്യാഗ്രഹം വിദേശ സഹസ്ര ബഹിഷ്കരണം സ്വാതന്ത്ര്യ സമര രണാങ്കണങ്ങളിൽ നിന്ന് ജയിലിലേക്കുള്ള മതേതരത്വത്തിന്റെ പ്രതീകമായിരുന്നു. എല്ലാ വർഷവും ഇന്ത്യൻ ജനത ഗാന്ധിജയന്തി ദിനം കൊണ്ടാടുന്നുണ്ടെങ്കിലും ഭരണവർഗ്ഗം ഗാന്ധിജിയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിച്ചില്ല എന്ന യാഥാർഥ്യം നമ്മുടെ മുന്നിലുണ്ട്. ബ്രിട്ടീഷുകാർ ഇന്ത്യക്ക് സ്വാതന്ത്ര്യം കൊടുക്കേണ്ടി വരും എന്ന് മനസ്സിലാക്കിയ സാഹചര്യത്തിൽ ഇന്ത്യൻ ജനതയെ ഭിന്നിപ്പിക്കുക എന്ന തന്ത്രം അവർ ഉപയോഗിച്ചു. മാത്രമല്ല, ഇന്ത്യയെ വെട്ടിമുറിച്ചു രണ്ട് തുണ്ടാക്കി ഹിന്ദുക്കളും മുസ്ലീങ്ങളും പരസ്പരം കൊലവിളിയുമായി രംഗത്തിറങ്ങി. വർഗീയവിഷം വ്യാപിപ്പിക്കാൻ ബ്രിട്ടീഷ് ഭരണാധികാരികൾക്ക്‌ കഴിഞ്ഞു.


 ഗാന്ധിവധം; ഇന്ത്യ കണ്ട ഏറ്റവും വലിയ ഭീകരത
അഹിംസാ മന്ത്രം സ്വാതന്ത്ര്യ സമ്പാദനത്തിന് വലിയ പങ്കാണ് വഹിച്ചതെങ്കിലും സ്വാതന്ത്ര്യ സമ്പാദനത്തിന് ശേഷം വർഗീയ ലഹളയിൽ പതിനായിരങ്ങൾ മരിച്ചുവീഴുന്ന വൈരുദ്ധ്യത്തിനു നമുക്ക് സാക്ഷിയാകേണ്ടിവന്നു. സ്വാതന്ത്ര്യ ദിനത്തിൽ ആഗസ്റ്റ് 14 അർദ്ധരാത്രിയിൽ പ്രഥമ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തുമ്പോൾ ലക്ഷങ്ങൾ ആനന്ദനൃത്തം ചവിട്ടുകയായിരുന്നു. അവിടെ ഗാന്ധിജി ഉണ്ടായിരുന്നില്ല. ലക്ഷങ്ങൾ കാതോടു കാതോരം ചോദിക്കുകയുണ്ടായി ബാപ്പുജി എവിടെ ബാപ്പുജി എവിടെ എന്ന്. വർഗീയ വിഷം ചീറ്റി മനുഷ്യരെ കൊന്നു തള്ളുന്നവരുടെ ഇടയിൽ സമാധാനത്തിന്റെ സന്ദേശവുമായി അദ്ദേഹത്തിന്റെ മുളവടിയിൽ സ്വന്തം ശരീരം താങ്ങിക്കൊണ്ട് ചോരച്ചാലുകളിലൂടെ സഞ്ചരിക്കുകയായിരുന്നു.ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും ജൈനനും പാർസിയും എല്ലാം ഏകോദര സഹോദരങ്ങളാണെന്ന സന്ദേശം നൽകിയാണ് ഗാന്ധിജി സഞ്ചരിച്ചിരുന്നത്. ജനക്ഷേമം മുൻനിർത്തി ഗാന്ധിജി സ്വീകരിച്ച മതേതരത്വ നിലപാടിനെ വർഗീയവാദികൾ തെറ്റായി ധരിച്ച് ആർ എസ് എസ്കാരനായ ഗോഡ്സെ 1948 ജനുവരി 30ന് മഹാത്മാവിന്റെ തിരുനെഞ്ചിലേക്ക് നിറയൊഴിക്കുകയായിരുന്നു. ഇന്ത്യ കണ്ട ഏറ്റവും വലിയ ഭീകരതയായിരുന്നു ഗാന്ധി വധം.  
           ഇന്ത്യയിലെ മതേതരത്വത്തിന് ഏറ്റ ആദ്യത്തെ പ്രഹരം. വർഗീയശക്തികൾ ഏറ്റവും നീചമായ ഒരു പ്രവർത്തിയിലൂടെ വർഗീയ ഫാസിസ്റ്റ് ശൈലി ഇന്ത്യയിൽ ഉദ്ഘാടനം ചെയ്തു.


ഇന്ത്യ ഭരിക്കാൻ മതേതരത്വത്തിന്റെ ഘാതകർ
   ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ഒരു പങ്കും വഹിക്കാത്തവരായിരുന്നു ആർ എസ് എസ് സംഘം എന്നത് ചരിത്ര സത്യമായിരുന്നു. പിന്നീട് ഇവർ ബാബരി മസ്ജിദിനകത്ത് വർഗീയ വികാരത്തിന്റെ പുതിയ ആവേശം സൃഷ്ടിച്ചു. നിരക്ഷരരായ ജനകോടികളെ വഞ്ചിക്കുവാൻ അവർക്കു കഴിഞ്ഞു. ആദ്യഘട്ടത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരസിംഹറാവു ആയിരുന്നു. ബാബരി മസ്ജിദ് പൊളിഞ്ഞു വീഴുമ്പോൾ അദ്ദേഹം ഉറക്കം തൂങ്ങുക യായിരുന്നു. ഇന്ന് ഇന്ത്യ ഭരിക്കുന്നവർ മതേതര ത്തിന്റെ ഘാതകരാണ്.... 


 ഗാന്ധിജിയല്ല മോഡിയാണ് താരം
 ഗാന്ധിജിയല്ല മോഡിജിയാണ് ഇന്ത്യയിൽ വിപണി മൂല്യമുള്ളതെന്നും മോഡിജിയെ ആണ് എല്ലാവരും മാതൃകയാക്കേണ്ടതെന്നുമുള്ള സന്ദേശമാണ് സംഘപരിവാർ ഏറെക്കാലമായി പ്രചരിപ്പിക്കുന്നത്. ഇതിനുള്ള ഏറ്റവും വലിയ ഉദാഹരണമായിരുന്നു ഖാദി ഗ്രാമോദ്യോഗ് കലണ്ടറിൽ നിന്നും ഡയറിയിൽ നിന്നും ഗാന്ധിജിയെ ഒഴിവാക്കി മോഡിയെ പ്രതിഷ്ഠിച്ച സംഭവം. ചർക്കയിൽ നൂൽ നൂൽക്കുന്ന മഹാത്മാഗാന്ധി ചിത്രത്തിന് സമാനമായ രീതിയിൽ നൂൽ നൂൽക്കുന്ന മോദിയുടെ ചിത്രമാണ് ഇവിടെ ഉൾപ്പെടുത്തിയത്. ഗാന്ധി തന്റെ സ്ഥിരം ശൈലിയിൽ ഒറ്റമുണ്ട് ധരിച്ചു നൂൽനൂൽക്കുമ്പോൾ വിലകൂടിയ വസ്ത്രം ധരിച്ചു വില കൂടിയ ചർക്കയിൽ ആണ് ഇവിടെ മോഡി നൂൽനൂൽക്കുന്നത്. പതിറ്റാണ്ടുകളായി ഭാരതീയരുടെ മനസ്സിൽ തറഞ്ഞു നിൽക്കുന്ന ഗാന്ധി രൂപത്തെ പിന്തള്ളി തന്റെ രൂപത്തെ അവിടെ പ്രതിഷ്ഠിക്കാനുള്ള മോദിയുടെയും സംഘപരിവാറിന്റെയും മനഃശാസ്ത്രപരമായ സമീപനമാണ് ഇവിടെ ദർശിക്കാനാവുന്നത്.. 


 ഗാന്ധി ഔട്ട്‌ ;മോഡി ഇൻ
  നോട്ട് അസാധുവാക്കലിന് ശേഷം പുറത്തിറക്കിയ ചില 2000 രൂപ നോട്ടുകളിൽ നിന്ന് ഗാന്ധിജിയുടെ ചിത്രം ഒഴിവാക്കിയിരുന്നു. മധ്യപ്രദേശിലെ ഏതാനും ഗ്രാമീണർക്ക് അവിടുത്തെ ഒരു എസ് ബി ഐ ബ്രാഞ്ചിൽ നിന്നും ഈ നോട്ടുകൾ ലഭിച്ചെന്നാണ് വാർത്ത വന്നത്. നോട്ടുകൾ കള്ളനോട്ടാണെന്ന ആശങ്കയിൽ ഗ്രാമീണർ ബാങ്കിനെ സമീപിച്ചെങ്കിലും അവ കള്ളനോട്ടെല്ലെന്ന മറുപടിയാണ് ബാങ്ക് നൽകിയത്. സാങ്കേതിക പിശക് എന്നൊക്കെ പറയുമെങ്കിലും പുതിയ കാലത്തെ പല നീക്കങ്ങളും കാണുമ്പോൾ അതത്ര വിശ്വസനീയമല്ല. നോട്ടുകളിൽ നിന്നും ഗാന്ധിത്തല ഒഴിവാക്കണമെന്ന ഹരിയാന മന്ത്രിയുടെ പ്രസ്താവനയും ഇവിടെ ചേർത്ത് വായിക്കണം..
     മരണത്തിന് പതിറ്റാണ്ടുകൾക്ക് ശേഷവും ഗാന്ധി ജനമനസ്സുകളിൽ ജീവിക്കുന്നതിനും വളരുന്നതിനും അദ്ദേഹത്തിന്റെ ചിത്രങ്ങൾക്കുള്ള പങ്കു ചെറുതല്ല. സ്കൂളിൽ ചേരുമ്പോൾ മുതൽ ആ ചിത്രവും ഓരോ ഇന്ത്യക്കാരന്റെയും മനസ്സിൽ വേരുറയ്ക്കുന്നു.. പാഠപുസ്തകങ്ങളിലും കലണ്ടറുകളിലും ഡയറികളിലും എല്ലാമുള്ള ചിത്രങ്ങളിലൂടെ ഗാന്ധിയുടെ രൂപം ഓരോ മനസ്സിലും പതിഞ്ഞിരിക്കുന്നു. ഒരു ദിവസം ഒരു തവണയെങ്കിലും ഗാന്ധിയുടെ ചിത്രം കാണാത്ത ഇന്ത്യക്കാരുണ്ടാവില്ല. കറൻസി നോട്ടുകളിലെ ഗാന്ധിത്തലയിലൂടെ എത്രയെത്ര തലമുറകളുടെ ദൈനം ദിന ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ് ഗാന്ധിജി.ഇത് തന്നെയാണ് സംഘപരിവാറിന്റെ പ്രശ്‌നവുമെന്ന് സമീപകാലത്തെ ചില കേന്ദ്രസർക്കാർ നീക്കങ്ങളിൽ നിന്നും മനസ്സിലാക്കാം. 
      ഭാരതത്തിന്റെ ആത്മാവ് ഗ്രാമങ്ങളിലാണെന്ന ഗാന്ധിജിയുടെ വീക്ഷണത്തിലേക്ക് സ്വാതന്ത്രാനന്തരം എഴുപതിറ്റാണ്ടുകൾക്കപ്പുറം നാം പൂർണമായും എത്തി ചേർന്നിട്ടില്ല എന്നത് ഒരു വസ്തുതയായി അവശേഷിക്കുമ്പോഴും ഗാന്ധിയൻ ദർശനങ്ങളുടെ സാക്ഷാത്കാരം വിദൂരമല്ല എന്ന് നമുക്ക് പ്രത്യാശിക്കാം.


Powered by Blogger.