വര്‍ഷങ്ങള്‍ക്ക് ശേഷം പ്രവാസജീവിതം മതിയാക്കി അയാള്‍ നാട്ടിലെത്തി

Arivarang malayalam story, അറിവരങ്ങ് മലയാളം കഥ

 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രവാസജീവിതം മതിയാക്കി അയാള്‍ നാട്ടിലെത്തി. പിതൃസ്വത്തായി ലഭിച്ച പാടത്തു കൃഷിയിറക്കിയെങ്കിലും അസമയത്ത് ഉണ്ടായ വെള്ളപ്പൊക്കം കൃഷിയെ പാടെ നശിപ്പിച്ചു. പിന്നീട് അവിടെ ഒരു റിസോര്‍ട്ട് തുടങ്ങാന്‍ തീരുമാനിച്ചു. റിസോര്‍ട്ടിന്റെ നിര്‍മ്മാണത്തിന്റെ തുടക്കത്തില്‍ തന്നെ അയാള്‍ക്ക് സ്റ്റോപ്പ്‌മെമ്മോ ലഭിച്ചു. കോടതിയില്‍ കേസ് കൊടുത്തു. ആ കേസ് തുടരുന്നതിനോടൊപ്പം തന്നെ പല ചെറുകിട സംരംഭങ്ങളും തുടങ്ങി. പക്ഷേ അവയും പരാജയപ്പെട്ടു.. നിരാശനായ അയാള്‍ തന്റെ ഗുരുവിന്റെ അടുത്ത് പ്രശ്‌നപരിഹാരത്തിനായി എത്തി. എല്ലാം കേട്ടതിന് ശേഷം ഗുരു പറഞ്ഞു: പുകയുയരാതെ ഒരു വിറകടുപ്പും കത്താറില്ല. തളരാതെ വീണ്ടും ശ്രമങ്ങള്‍ തുടരുക.. വീണ്ടും രണ്ടുതവണ പരാജയപ്പെട്ടെങ്കിലും അടുത്തതവണ അയാള്‍ തന്റെ ശ്രമത്തില്‍ വിജയിക്കുക തന്നെ ചെയ്തു. ജന്മം കൊണ്ടുതന്നെ അത്യൂന്നതിലെത്തിയവര്‍ ആരുമുണ്ടാകില്ല. ഉണ്ടെങ്കില്‍ തന്നെ അത് കര്‍മ്മഫലമല്ല, പാരമ്പര്യസൗഭാഗ്യമാണ്. എല്ലാ തുടക്കങ്ങളും താഴേ തട്ടില്‍ നിന്നാണ് ആരംഭിക്കുന്നത്. എങ്ങനെ പോകുമെന്നോ എവിടെ എത്തുമെന്നോ ഉറപ്പില്ലാതെ തുടക്കം കുറിക്കുന്നതിന്റെ അപകടസാധ്യത നാം അംഗീകരിച്ചേ മതിയാകൂ.. പുതിയതുടക്കങ്ങള്‍ക്കൊന്നും മുന്നനുഭവങ്ങളോ പാഠങ്ങളോ ഉണ്ടാകില്ല. ചിലകാര്യങ്ങള്‍ തുടങ്ങിതന്നെയേ പഠിക്കാന്‍ സാധിക്കൂ. അനുഭവിച്ചുതന്നെ അനുരൂപപ്പെടേണ്ടിവരും. എന്നാല്‍ അപരിചിതത്വത്തിന്റെയോ ആശങ്കയുടേയോ പേരില്‍ ഒരടിപോലും മുന്നോട്ട് വെയ്ക്കാത്തവര്‍ സ്വയം അപ്രത്യക്ഷരാവുകയേ ഉള്ളൂ. ഓരോ തുടക്കത്തിനും പലവഴികളുണ്ടാകും. ഒരു വഴിയും അറിയാതെ വന്നാല്‍ പിന്നെ എല്ലാ വഴികളും നമുക്ക് പരീക്ഷണവഴികളാണ്. ഒരിക്കല്‍പോലും പരാജയപ്പെടാതെ വിജയിച്ചവര്‍ ആരുമുണ്ടാകില്ല. എല്ലാം മുന്‍കൂട്ടി കാണാന്‍ കഴിയില്ലെങ്കിലും ചില ഗവേഷണങ്ങളും മുന്നൊരുക്കങ്ങളും എല്ലാ പ്രവൃത്തികള്‍ക്ക് പിന്നിലുമുണ്ടാകണം. ഇത് പരാജയത്തിന്റെ ആക്കം കുറയ്ക്കും. എന്തെങ്കിലും ചെയ്യണമല്ലോ എന്ന് കരുതിയല്ല പുതിയതൊന്ന് ആരംഭിക്കേണ്ടത്. ഓരോ തുടക്കത്തിനും അനുയോജ്യതയും യുക്തിയും ഉണ്ടാകാന്‍ ശ്രദ്ധിക്കണം. മറ്റാര്‍ക്കും മനസ്സിലായില്ലെങ്കിലും ഉടമയ്ക്ക് താന്‍ ഇത് തുടങ്ങുന്നത് എന്തിനാണെന്ന ബോധ്യവും ഉണ്ടാകണം. എന്തെങ്കിലും ചെയ്താല്‍ മതി എന്ന് കരുതുന്നവര്‍ ഏതെങ്കിലും തടസ്സത്തിന് മുന്നില്‍ അടിയറവു പറയും. മറ്റൊന്നിലേക്ക് ചുവടുമാറ്റും. എന്തുസംഭവിച്ചാലും ഇതാണെന്റെ പദ്ധതി എന്ന് തീരുമാനിച്ചിറങ്ങുന്നവര്‍ വഴിമാറി സഞ്ചരിച്ചും പുതുവഴികള്‍ ഉണ്ടാക്കിയും ലക്ഷ്യസ്ഥാനത്ത് എത്തുക തന്നെ ചെയ്യും


Powered by Blogger.