പലവെട്ടം ഓടിയിട്ടും എലിയെ പിടിക്കാൻ കഴിയാത്ത സങ്കടത്തിൽ ഒരു പൂച്ചയും ആത്മഹത്യ ചെയ്തത് നമ്മൾ കണ്ടിട്ടില്ല.

Arivarang, prabhatha chinthakal, അറിവരങ്ങ്  പ്രഭാത ചിന്തകൾ




🔅നമുക്ക്‌ പരിചിതരായ പല തരത്തിലുള്ള ആളുകളുടെ ജീവിതം ഒന്ന് നിരീക്ഷിച്ച്‌ നോക്കണം. അപ്പോൾ നമുക്ക്‌ മനസ്സിലാവുന്ന ഒരു കാര്യമുണ്ട്‌... വളരെ കഷ്ടപ്പെട്ടും ബുദ്ധിമുട്ടിയും വളർന്ന് വന്ന കുട്ടികൾ പിന്നീട്‌ ജീവിതത്തിൽ വിജയിച്ചവരും കാര്യങ്ങൾ ശരിയായി വിലയിരുത്തുന്നവരും ഒക്കെ ആവുമ്പോൾ സമ്പത്തും മറ്റ്‌ ഭൗതിക സാഹചര്യങ്ങളും അനുകൂലമായിട്ടും മറ്റ്‌ ചില കുട്ടികൾ ജീവിതയാത്രയിൽ ഇടക്ക്‌ നഷ്ടപ്പെട്ടവരായും നമുക്ക്‌ കാണാം...

🔅 എന്ത്‌ കൊണ്ടാണിങ്ങനെ സംഭവിച്ചത്‌ ? ആദ്യം പറഞ്ഞ കുട്ടിക്ക്‌ പറയത്തക്ക ജീവിത സാഹചര്യങ്ങൾ ഉണ്ടായിരുന്നില്ലെങ്കിലും ജീവിതത്തിലെ യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കാനും അത്‌ പ്രകാരം ജീവിതം മുന്നോട്ട്‌ കൊണ്ട്‌ പോകാനും സാധിച്ചപ്പോൾ രണ്ടാമത്‌ പറഞ്ഞ കുട്ടിക്ക്‌ ഒന്നിന്‌ വേണ്ടിയും പരിശ്രമിക്കേണ്ടി വന്നില്ല. ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളും അവന്റെ മാതാപിതാക്കൾ അവന്‌ നൽകി പോന്നു..

🔅 ഒരു ശലഭത്തിന്റെ ( പൂമ്പാറ്റ ) കഥയുണ്ട്‌ . അത്‌ ഇങ്ങനെ ; ജീവശാസ്ത്ര അധ്യാപകൻ പൂമ്പാറ്റയുടെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങൾ പഠിപ്പിക്കാനായി ഒരു കൊക്കൂണുമായി ക്ലാസിലെത്തി. ഏതാനും മണിക്കൂറിനുള്ളിൽ പൂമ്പാറ്റ വിരിഞ്ഞ് പുറത്തു വരുമെന്നും അതിനായി കാത്തിരിക്കണമെന്നും കുട്ടികളോട് പറഞ്ഞു. കൊക്കൂണിൽ നിന്നും പുറത്തു വരാനുള്ള പൂമ്പാറ്റയുടെ പരിശ്രമം കണ്ട് ആരും അതിനെ സഹായിക്കാൻ ഒരുങ്ങരുതെന്ന് മാഷ് പ്രത്യേകം താക്കീത് ചെയ്ത ശേഷം പുറത്തേക്ക് പോയി.

🔅 കുട്ടികൾ ആകാംക്ഷയോടെ കാത്തിരുന്നു. കൊക്കൂൺ മെല്ലെ അനങ്ങി തുടങ്ങി. പൂമ്പാറ്റ വളരെ കഷ്ടപ്പെട്ട് കൊക്കൂണിൽ നിന്ന് പുറത്തേക്ക് വരാനുള്ള ശ്രമം തുടങ്ങി. കുട്ടികളിൽ ഒരുവന് കുഞ്ഞു പൂമ്പാറ്റയോട് അലിവ് തോന്നി. അവൻ കൊക്കൂൺ മെല്ലെ തുറന്നു കൊടുത്തു. പൂമ്പാറ്റ വേഗം പുറത്തേക്ക് എത്തി. പക്ഷേ ഒറ്റയ്ക്ക് നടക്കാനൊരുങ്ങിയ പൂമ്പാറ്റ പക്ഷേ ചത്തുവീണു. സങ്കടത്തോടെ നിൽക്കുന്ന കുട്ടികളെയാണ് തിരികെയെത്തിയ മാഷ് കണ്ടത്. കാര്യം മനസിലായ അദ്ദേഹം കുട്ടികളോട് പറഞ്ഞു. നോക്കു കൊക്കൂണിൽ നിന്നും പുറത്തുകടക്കാനുള്ള പരിശ്രമമാണ് പൂമ്പാറ്റയ്ക്ക് ഭാവിയിൽ പറക്കാനായി ചിറകുകൾക്ക് ശക്തി നൽകുന്നത്. കൊക്കൂൺ തുറക്കാൻ നമ്മൾ സഹായിച്ചാൽ പിന്നെ അത് ജീവിച്ചാലും പറക്കാൻ കഴിയില്ല. വെളിയിൽ വരാൻ സഹായിക്കുന്ന പ്രയാസം പിന്നീടുള്ള ജീവിതത്തെ ആണ് സഹായിക്കുന്നത്.

🔅 പൂമ്പാറ്റയ്ക്ക് മുന്നോട്ടു കുതിക്കാനുള്ള ഊർജ്ജം പകരുന്നത് വിരിഞ്ഞ് ഇറങ്ങുമ്പോഴുള്ള പ്രയാസമാണെങ്കിൽ പക്ഷികളുടെ ശരീരത്തിൽ ചിറക് ഒരു ഭാരം ആണെങ്കിലും ആ ചിറകാണ് അവയെ പറക്കാൻ സഹായിക്കുന്നത്. ഭാരങ്ങളും, തോൽവികളും നമ്മെയും മുന്നോട്ടു തന്നെയാണ് കൊണ്ടു പോയിട്ടുള്ളത്. സങ്കടങ്ങളാണ് ശരിയായ അനുഭവങ്ങൾ എന്ന് സങ്കടപ്പെട്ടവർക്കെല്ലാമറിയാം. വേദന നൽകുന്ന ചെറിയൊരു മുറിവ് പോലും വലിയ സന്ദേശങ്ങൾ നൽകുന്നുണ്ട്. ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും വലിയ വേദന അനുഭവിച്ചാൽ മാത്രമേ ഏറ്റവും വലിയ ആഹ്ലാദമായ കുഞ്ഞിനെ അവൾക്ക് കിട്ടു. ജീവിതത്തിന്റെ ആരംഭത്തിൽ പൂമ്പാറ്റ അനുഭവിക്കുന്ന വേദന വെറുതെയായിരുന്നില്ല. കൃത്യമായ ഒരു പ്ലാനിങ് അതിന് പിന്നിൽ ഉണ്ട്. അതിന്റെ സൃഷ്ടാവിന്റെതാണ് പിഴക്കാത്ത ആ പ്ലാനിംഗ്. അങ്ങനെയൊരു പ്ലാനിങ് സർവ്വ സൃഷ്ടികൾക്കും ഉണ്ട്. മനുഷ്യരായ നമ്മൾ മാത്രമാണ് മനോവേദനകളിൽ തകർന്നു പോകുന്നത്.

🔅 പലവെട്ടം ഓടിയിട്ടും എലിയെ പിടിക്കാൻ കഴിയാത്ത സങ്കടത്തിൽ ഒരു പൂച്ചയും ആത്മഹത്യചെയ്തത് നമ്മൾ കണ്ടിട്ടില്ല. ഇന്ന് കിട്ടിയില്ലെങ്കിൽ നാളെ പിടാക്കാമെന്നേ പൂച്ച കരുതു. എന്നാൽ ചെറിയൊരു തോൽവി പോലും സഹിക്കാനാവാതെ ജീവിതം നഷ്ടപ്പെടുത്തിയ എത്രയോ വാർത്തകൾ നാം ഓരോ ദിവസവും വായിക്കുന്നു. നിരന്തരമായ പരാജയങ്ങളിൽ നിരാശപ്പെടരുത് കാരണം താക്കോൽ കൂട്ടത്തിലെ അവസാന താക്കോൽ കൊണ്ടാകും ചിലപ്പോൾ ഒരു താഴ് തുറക്കാൻ കഴിയുക. പരിശ്രമിച്ചുകൊണ്ടിരിക്കുക വിജയിക്കുക തന്നെ ചെയ്യും....

🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅


Powered by Blogger.