അവര്‍ തമ്മില്‍ വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു
അവര്‍ തമ്മില്‍ വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. അതിനിടെ അവള്‍ക്ക് ഒരു അസുഖം പിടിപെട്ടു. ചികിത്സയുടെ ഓരോരോ ഘട്ടത്തിലും അയാള്‍ അവളുടെ കൂടെ ഉണ്ടായിരുന്നു. ആന്റിബയോട്ടിക്കുകളുടെ ഉപയോഗം അവളുടെ സമൃദ്ധമായ മുടികളെ ഇല്ലാതാക്കി. മുടി നഷ്ടപ്പെടുന്നതില്‍ അവള്‍ അനുഭവിക്കുന്ന സങ്കടം അയാള്‍ മനസ്സിലാക്കി. അയാള്‍ അവളുടെ ബാക്കിയുള്ള മുടിയെല്ലാം ട്രിമ്മര്‍ ഉപയോഗിച്ച് കളഞ്ഞു. ഒപ്പം അയാളും സ്വന്തം തലമുടിയും വടിച്ചുകളഞ്ഞു ! അപരനായി മാറുവാന്‍ കഴിയാത്തവര്‍ക്ക് സ്നേഹിക്കാനും കഴിയില്ല. നാം സ്നേഹിക്കുന്നുണ്ടെന്ന് അവകാശപ്പെടുന്നവരുടെ വഴികളിലൂടെ കുറച്ചുദൂരമെങ്കിലും നടക്കാന്‍ ശ്രമിക്കണം. ബാലിശമായ കാരണങ്ങളുടെ പേരില്‍ പിണങ്ങുന്നതിന്റെ മൂഢത നമുക്ക് അപ്പോള്‍ മനസ്സിലാകും. കുറവുകളെ അംഗീകരിക്കാതെ ആര്‍ക്കും ആരെയും സ്നേഹിക്കാന്‍ കഴിയില്ല, കൂച്ചുവിലങ്ങുകളിടുന്നതൊന്നും പ്രണയമല്ല. ആനന്ദാനുഭൂതികളില്‍ മാത്രല്ല, അസ്വസ്ഥകള്‍ക്കിടയിലും ഒരിക്കലും വിച്ഛേദിക്കപ്പെടാത്ത ഒരു കണ്ണിയെങ്കിലും എല്ലാ ബന്ധങ്ങളിലും ഉണ്ടാകേണ്ടതാണ്. സ്നേഹിക്കുന്നവര്‍ ഉപേക്ഷിക്കേണ്ട ചില പിടിവാശികളുണ്ട്. എന്നെ തിരിച്ചും സ്നേഹിക്കണം, എന്നെ മാത്രം സ്നേഹിക്കണം, എക്കാലവും സ്നേഹിക്കണം എന്നതൊക്കെ ആ പിടിവാശികളില്‍ ചിലതാണ്. എല്ലാ ബന്ധങ്ങളും എല്ലാകാലവും തുടരാനാകില്ല, സ്നേഹിക്കാനുള്ള കാരണങ്ങള്‍ അവസാനിക്കുമ്പോള്‍ ആ ബന്ധങ്ങളും അവസാനിക്കും. സ്നേഹിക്കാനുള്ള കാരണങ്ങള്‍ അവസാനിക്കാതിരിക്കട്ടെ, ആദരവോടെ പരസ്പരം നമുക്ക് ഇനിയുളള കാലങ്ങളിലും പ്രണയിക്കാനാകട്ടെ.