ചന്ദനമരവും കാഞ്ഞിരമരവും
ആ കാട്ടില്‍ ചന്ദനമരവും കാഞ്ഞിരമരവും അടുത്തടുത്താണ് നിന്നിരുന്നത്. ചന്ദനത്തെക്കുറിച്ച് ആളുകള്‍ക്ക് എന്നും നല്ല അഭിപ്രായമായിരുന്നു. അതിന്റെ തണലും സുഗന്ധവുമെല്ലാം ആളുകള്‍ക്ക് ഇഷ്ടമായിരുന്നു. ഒരിക്കല്‍ കാഞ്ഞിരം ചന്ദനത്തോട് പറഞ്ഞു. ജീവിച്ചിരിക്കുമ്പോള്‍ പുകഴ്ത്തിയിട്ട് എന്തുകാര്യം.. വെട്ടിയെടുത്താല്‍ എല്ലാം വെറും തടിമാത്രം... അപ്പോള്‍ ചന്ദനം പറഞ്ഞു: എന്തിനാണ് മരണശേഷമുള്ള കാര്യങ്ങള്‍ മാത്രം ചിന്തിക്കുന്നത്. ജീവിച്ചിരിക്കുമ്പോള്‍ നമുക്ക് മറ്റുള്ളവര്‍ക്ക് സന്തോഷം നല്‍കാന്‍ ശ്രമിച്ചാല്‍ പോരെ. നാളുകള്‍ കഴി്ഞ്ഞു. ഒരു മരം വെട്ടുകാരന്‍ വന്ന് രണ്ടു മരങ്ങളും വെട്ടി. കാഞ്ഞിരത്തിനെ വിറകിന് വേണ്ടിയും ചന്ദനത്തെ പൂജക്കും തൈലം നിര്‍മ്മിക്കാനും വേണ്ടി എടുത്തു. ആളുകള്‍ അപ്പോഴും ചന്ദനത്തിന്റെ സുഗന്ധത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടേയിരുന്നു. നാമെല്ലാവരും ഒരിക്കല്‍ മരിക്കാനുള്ളതാണ്. എന്ന് കരുതി ജീവിതത്തില്‍ വലിയ സ്വപ്നങ്ങളും നേട്ടങ്ങളും ഉണ്ടായിട്ടു കാര്യമില്ലെന്ന് ചിന്തിക്കുന്നത് ആത്മബോധത്തിലും അധ്വാനത്തിലും വിശ്വസിക്കുന്നവരെ ബാധിക്കാത്ത വസ്തുതയാണ്. ജീവിച്ചിരിക്കുമ്പോള്‍ തന്നെ മൃതരായിരിക്കുന്നവര്‍ എത്രയോ ഉണ്ട്. മൃതശരീരത്തിന് ആറടി മണ്ണ് മതി. പക്ഷേ, ജീവിച്ചിരിക്കുന്നവര്‍ക്ക് അത് പോരാ. അവര്‍ക്ക് നിയോഗങ്ങളും കര്‍മ്മവീഥികളും ഉണ്ടായിരിക്കും. അവരുടെ ഓരോ ദിവസവും ലക്ഷ്യപൂര്‍ത്തീകരണത്തിനും ആത്മസംതൃപ്തിക്കും വേണ്ടിയുള്ളതാണ്. താനെന്താണെന്നുള്ളതും തനിക്കെന്താല്ലാമുണ്ടെന്നും ഉള്ളവയെല്ലാം എങ്ങിനെ ഫലപ്രദമായി ഉപയോഗിക്കാമെന്നും കണ്ടെത്തുന്നവര്‍ ജീവിതത്തിലും ജീവിതത്തിന് ശേഷവും ഓര്‍മ്മച്ചെപ്പുകള്‍ അവശേഷിപ്പിക്കും. മധുരവും കയ്പും കറുപ്പും വെളുപ്പും സുഗന്ധവും ദുര്‍ഗന്ധവും എല്ലാം ഒരുപോലെ ആവശ്യമാണ്. ആര്‍ക്കെങ്കിലും ഉപകാരപ്പെടുന്ന എന്തെങ്കിലും എല്ലാ മനുഷ്യരിലും ഉണ്ടാകും. അവയെ മിനുക്കി എടുത്തു പ്രയോജനപ്പെടുത്താന്‍ ശ്രമിച്ചാല്‍ കൂടുതല്‍ സാമൂഹികപ്രസ്‌ക്തമാകും നമ്മുടെ ജീവിതം. നമുക്കും അടയാളങ്ങള്‍ അവശേഷിപ്പിക്കാം.