വിനാശകരമായ വിനോദങ്ങൾ
കുട്ടികള്‍ പാടത്ത് കളിക്കുകയാണ്. ദൂരെയുള്ള വസ്തുക്കളെ ഉന്നം പിടിച്ച് കല്ല് എറിയുകയാണ് അവര്‍. ആ കളിയുടെ അപകടം മനസ്സിലാക്കി അതുവഴി വന്ന ഒരു കര്‍ഷകന്‍ അവരോട് ഈ കളിയില്‍ നിന്നും പിന്തിരിയാന്‍ ആവശ്യപ്പെട്ടു. പക്ഷേ കുട്ടികള്‍ അത് കേട്ടില്ല. പിന്നീട് അതുവഴി പോയിരുന്ന ഒരു ട്രെയിന്റെ ഉള്ളിലേക്ക് കല്ലെറിയുകയായിരുന്നു അവരുടെ അടുത്ത വിനോദം. ട്രെയിന്റെ ഉള്ളിലേക്ക് കല്ല് എറിയുന്നതില്‍ അതിലൊരാള്‍ വിജയിച്ചു. പക്ഷേ പിറ്റേ ദിവസത്തെ പത്രത്തില്‍ അവരെ എല്ലാവരെയും വേദനിപ്പിക്കുന്ന ഒരു വാര്‍ത്ത ഉണ്ടായിരുന്നു. ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ കല്ലുകൊണ്ട് ഒരു യുവതിയുടെ കാഴ്ച നഷ്ടമായി. അങ്ങനെ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്ന അവള്‍ക്ക് അവളുടെ ജോലി നഷ്ടപ്പെട്ടു. ഇത്തരം വിനാശകരമായ വിനോദങ്ങളാണ് കരുതിക്കൂട്ടിയുള്ള പീഡനങ്ങളെക്കാള്‍ അപകടകരം. ശീലമായ തെറ്റുകള്‍ ഒരു കാരണവുമില്ലാതെ ആവര്‍ത്തിക്കപ്പെടും. അത് അവരുടെ വിനോദമാണ്. പക്ഷേ അത്തരം കര്‍മ്മങ്ങളെ ഫലങ്ങള്‍ അനുഭവിക്കുന്നത് അതുമായി യാതൊരു ബന്ധവുമില്ലാത്തവരായിരിക്കും. ദുശ്ശീലങ്ങള്‍ക്ക് അടിമകളായ അവര്‍ക്ക് തങ്ങളുടെ പ്രവര്‍ത്തികള്‍ മറ്റാരെയെങ്കിലും ബാധിക്കുന്നുണ്ടോ എന്നത് പ്രസക്തമല്ല. അനുദിന കര്‍മ്മങ്ങള്‍ എത്ര എണ്ണം ഉപകാരപ്രദം ആകുന്നുണ്ട് എന്നതുമാത്രമല്ല ഉപദ്രവം ആകുന്നില്ല എന്നുകൂടി പരിശോധിച്ചു വേണം പ്രവര്‍ത്തനശൈലി വിലയിരുത്താന്‍. അസാന്നിധ്യത്തില്‍ നടത്തുന്ന വിമര്‍ശനങ്ങളും കേട്ടറിഞ്ഞ അതിന്റെ പേരില്‍ ഉന്നയിക്കുന്ന ആരോപണങ്ങളും ശിക്ഷാനിയമങ്ങള്‍ക്ക് കീഴില്‍ വരാത്ത കുറ്റകൃത്യങ്ങള്‍ തന്നെയാണ്. എന്നാല്‍ ശിക്ഷ നല്‍കാന്‍ കഴിയാത്ത പല കുറ്റങ്ങളും, ശിക്ഷയെക്കാള്‍ ആപല്‍ക്കരമാണ്. എല്ലാ മുന്നറിയിപ്പുകള്‍ ക്കും ചുവപ്പുനിറം ആകണമെന്ന് വാശിപിടിക്കരുത.് ഏറ്റവും അപകടാവസ്ഥയില്‍ എത്തുമ്പോള്‍ മാത്രമാണ് ചുവപ്പ് തെളിയുക. മുന്‍പ് ഉറപ്പായും മഞ്ഞവെളിച്ചം ഉണ്ടാകും. ചെയ്തുകൊണ്ടിരിക്കുന്ന കാര്യം അതുപോലെ തുടരരുത് കരുതല്‍ ഉണ്ടാകണം എന്ന ഓര്‍മ്മപ്പെടുത്തല്‍ ആണത്. അത് അവഗണിക്കാതെ ഇരുന്നാല്‍ യാത്ര ശുഭകരവും സുരക്ഷിതവും ആവും.