ആ പക്ഷി ഒരു പാട് ദൂരം പറന്നുതുകൊണ്ട് ആകെ തളര്‍ന്നിരുന്നു
ആ പക്ഷി ഒരു പാട് ദൂരം പറന്നുതുകൊണ്ട് ആകെ തളര്‍ന്നിരുന്നു. തളര്‍ച്ചമാറ്റാനായി പക്ഷി ഒരു മരത്തിന്റെ ചില്ലയില്‍ ഇരുന്നു. പക്ഷേ, ആ ചില്ല ഉണങ്ങി ഒടിയാറായതായിരുന്നു. ആ മരം പക്ഷിയോട് പറഞ്ഞു: ആ ചില്ലയില്‍ ഇരിക്കരുത് അത് ഉണങ്ങിയതാണ് എപ്പോള്‍ വേണമെങ്കിലും ഒടിഞ്ഞുവീഴാം. പക്ഷി മരത്തിനോട് പറഞ്ഞു: നിങ്ങളുടെ കരുതലിനും മുന്നറിയിപ്പിനും നന്ദി. പക്ഷേ, ഞാന്‍ ഇവിടെ തന്നെ ഇരുന്നുകൊള്ളാം. ഞാന്‍ വിശ്വസിക്കുന്നത് നിന്റെ ചില്ലകളിലല്ല, എന്റെ ചിറകുകളിലാണ്! എനിക്ക് ഞാനുണ്ട് എന്ന ചിന്ത അഹംഭാവത്തിന്റേതല്ല, ആത്മവിശ്വാസത്തിന്റേതാണ്. എല്ലാവരും ആത്യന്തികമായി അവനവന് വേണ്ടി തന്നെയാണ് ജീവിക്കുന്നത്. വിവിധ മാര്‍ഗ്ഗങ്ങളിലൂടെ സ്വന്തം ഇഷ്ടങ്ങളും ദൗത്യങ്ങളും പൂര്‍ത്തീകരിക്കുകയാണ് എല്ലാവരും. സ്വയം നിയന്ത്രണശേഷി ജന്മം കൊണ്ടും കര്‍മ്മം കൊണ്ടുമാണ് നേടിയെടുക്കുന്നത്. അത് നഷ്ടപ്പെടുമ്പോഴാണ് എനിക്കാരുമില്ല, ഞാന്‍ തനിച്ചാണ് എന്ന തോന്നല്‍ സംഭവിക്കുന്നത്. തളരുമ്പോഴും തകരുമ്പോഴും ആത്മവിശ്വാസം നിലനിര്‍ത്തേണ്ടതാണ്. താരമായി തിളങ്ങുമ്പോള്‍ എല്ലാവരിലും ഒരു ഊര്‍ജ്ജം കാണും. എന്നാല്‍ ഒന്ന് താളം തെറ്റിയാല്‍ പലരും പകച്ചുപോകും. അവിടെ ചിലര്‍ മാത്രമാണ് പിടിച്ചുനില്‍ക്കുക. മറ്റാരുടേയോ സഹായത്തോടെയാണ് പലരും വളരുന്നതും വലുതാകുന്നതും. എന്നാല്‍ സ്വന്തം നിലനില്‍പിന്റെ ഉത്തരവാദിത്തം മറ്റാരേയും ഏല്‍പ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. തളരുമ്പോള്‍ വിശ്രമിക്കാന്‍ ഒരു ചില്ലയുള്ളത് നല്ലതാണ്. പക്ഷേ, ചില്ലയുടെ ബലത്തിലും സംരക്ഷണത്തിലും അഭിരമിക്കുന്നവര്‍ അതേചില്ലയിലോ മരത്തിനുകീഴിലോ അന്ത്യവിശ്രമം കൊള്ളേണ്ടിവരും, താങ്ങിനിര്‍ത്തുന്നവര്‍ തളരുന്നില്ല, എന്ന് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തം സംരക്ഷണമേകുന്ന ഓരോ ചില്ലയ്ക്കുമുണ്ട്. എല്ലാകാലത്തും കരവലയത്തിലുള്ളിലൊതുക്കി നിര്‍ത്തുന്നതിലല്ല, അവശ്യസമയത്ത് ആവശ്യമായ ഊര്‍ജ്ജം നല്‍കി അവരെ പറക്കാന്‍ പ്രേരിപ്പിക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്.