മനുഷ്യശരീരത്തിലെ അവയവങ്ങളില്‍ പ്രധാനപ്പെട്ടതാണ് കരള്‍
മനുഷ്യശരീരത്തിലെ നിരവധി അവയവങ്ങളില്‍ ഏറ്റവും പ്രധാനമായ ഒന്നാണ് കരള്‍. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുക, രോഗങ്ങളോടും അണുബാധയോടും പോരാടുക, ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ ഉന്‍മൂലനം ചെയ്യുക, ശരീരത്തിലെ കൊഴുപ്പ് നിയന്ത്രിക്കുക എന്നിവയാണ് കരളിന്റെ ചില പ്രധാന ജോലികള്‍. കരളിന്റെ ആരോഗ്യത്തിനായി കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് അറിയാം. ഫാറ്റി ലിവര്‍ പ്രശ്നങ്ങള്‍ തടയുന്നതിന് ബ്രോക്കോളി മികച്ചൊരു പച്ചക്കറിയാണ്. പോഷകഗുണമുള്ള ബ്രോക്കോളി പുഴുങ്ങിയോ സാലഡില്‍ ഉള്‍പ്പെടുത്തിയോ കഴിക്കാം. ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ബ്രോക്കാളി സഹായിക്കും. ഗ്രീന്‍ ടീയിലെ 'കാറ്റെച്ചിന്‍' എന്ന ആന്റി ഓക്സിഡന്റ് കരളിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നു. ഹൃദ്രോഗസാധ്യത കുറയ്ക്കാനും അമിതവണ്ണം അകറ്റാനുമെല്ലാം ഗ്രീന്‍ ടീ ഫലപ്രദമാണ്. ബദാം വൈറ്റമിന്‍ ഇയുടെ കലവറയാണ്. ഫാറ്റി ലിവറിനെ പ്രതിരോധിക്കാന്‍ അവശ്യം വേണ്ടതാണ് വൈറ്റമിന്‍ ഇ. കരളിനു മാത്രമല്ല, കണ്ണിനും ഹൃദയത്തിനും നല്ലതാണ് ബദാം.കാപ്പിയില്‍ അടങ്ങിയിരിക്കുന്ന പോളിഫെനോളുകള്‍ക്ക് ആന്റിഓക്‌സിഡന്റുകളും വീക്കം തടയുവാന്‍ സഹായിക്കുന്ന ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളും ഉണ്ട്. ഇത് സിറോസിസിന്റെ വളര്‍ച്ചയില്‍ നിന്ന് കരളിനെ സംരക്ഷിക്കാന്‍ സഹായിക്കുന്നു. കരള്‍ ആരോഗ്യത്തോടെയിരിക്കാന്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി. ഇതിലുള്ള അലിസിന്‍ നല്ലൊരു ആന്റി ഓക്‌സിഡന്റാണ്. ഇത് ശരീരത്തില്‍ സംഭവിക്കുന്ന ഓക്‌സിഡേറ്റീവ് ഡാമേജ് ഇല്ലാതാക്കുന്നു. കരളിന്റെ സുഹൃത്താണ് പോളിഫിനോള്‍സ് അടങ്ങിയ ബ്ലൂ ബെറി. നോണ്‍ ആല്‍ക്കഹോളിക്ക് ഫാറ്റി ലിവര്‍, ഹൈ കൊളസ്ട്രോള്‍, അമിതവണ്ണം ഇവയില്‍ നിന്നെല്ലാം സംരക്ഷിക്കാന്‍ ഇതിന് സാധിക്കും.