ഒരുപാട് ദൂരം സഞ്ചരിച്ച പരുന്തിന് ക്ഷീണം തോന്നി
ഒരു പാട് ദൂരം വിശ്രമമില്ലാതെ സഞ്ചരിച്ചതുകൊണ്ടാകണം പരുന്തിന് വല്ലാത്ത ക്ഷീണം തോന്നി. അതുകൊണ്ട് തന്നെ കുറച്ച് നേരം താഴ്ന്നു പറക്കാന്‍ പരുന്ത് തീരുമാനിച്ചു. പരുന്ത് താഴ്ന്നു പറക്കുന്നത് കണ്ട് ഒരു കാക്ക പരുന്തിന്റെ മുകളില്‍ വന്നിരുന്ന് തലക്കു പിന്നില്‍ കൊത്താനും ആക്രമിക്കാനും തുടങ്ങി. വേദനിച്ചെങ്കിലും കാക്കയെ കുടഞ്ഞിടാനോ തിരിച്ച് ആക്രമിക്കാനോ പരുന്ത് മുതിര്‍ന്നില്ല. പരുന്ത് കാക്കയേയും കൊണ്ട് മുകളിലേക്ക് ഉയര്‍ന്നു. ഉയരത്തിലേക്ക് എത്തുംതോറും കാക്കയ്ക്ക് ചൂട് സഹിക്കാന്‍ വയ്യാതായി. അധികം കഴിയും മുമ്പേ പിടിച്ചുനില്‍ക്കാനാകാതെ കാക്ക സ്വയം പിടഞ്ഞു താഴെ വീണു. പകരം വീട്ടി എല്ലാ പീഢനങ്ങള്‍ക്കും നമുക്ക് പരിഹാരം കാണാനാകില്ല. അതിന്റെ ആവശ്യവുമില്ല. സ്വന്തം പ്രകടനം ഒരു പടികൂടി മുകളിലേക്ക് ഉയര്‍ത്തുക എന്നതാണ് മികച്ച മാര്‍ഗ്ഗം. താഴേക്ക് വലിച്ചിടാന്‍ ശ്രമിക്കുന്നതിന്റെ അടിസ്ഥാനകാരണം എതിരാളിയുടെ ഭയവും അപകര്‍ഷതാബോധവുമാണ്. അപരന്‍ ഉയര്‍ന്നു പറക്കുമോ എന്ന പേടിയും താന്‍ തകര്‍ന്നു വീഴുന്നതിലുള്ള നിരാശയും. സ്വയം നശിക്കുന്നു എന്നതിനേക്കാള്‍ ദുഃഖം മറ്റൊരാള്‍ വിജയിക്കുന്നു എന്നതിലാണ്. അതുകൊണ്ട് തന്നെ അവരുടെ ഉയരങ്ങളെ പ്രതിരോധിക്കുക എന്നതാണ് ഇത്തരക്കാരുടെ വിനോദം. മറികടന്നാല്‍ മെച്ചപ്പെടും എന്ന് ഉറപ്പുള്ള പ്രതിബന്ധങ്ങളോട് മാത്രമേ മത്സരിക്കാവൂ. അല്ലാത്തവ നമ്മുടെ സമയവും ഊര്‍ജ്ജവും നശിപ്പിക്കുമെന്നുമാത്രമല്ല, വഴിതെറ്റിപ്പിക്കുകയും അപായപ്പെടുത്തുകയും ചെയ്യും. താഴെ നില്‍ക്കുന്നവര്‍ക്ക് എറിഞ്ഞുവീഴ്ത്താവുന്ന ദൂരത്തിന് പരിധിയുണ്ട്. തകര്‍ക്കാന്‍ വരുന്നവരുടെ തീരുമാനങ്ങളേക്കാള്‍ സ്വന്തം തീരുമാനങ്ങളെയാണ് അവിടെ വിശ്വസിക്കേണ്ടത്. സ്വയം കീഴടങ്ങാന്‍ തീരുമാനിക്കാതെ ആരും ആരുടേയും മുന്‍പില്‍ തകരാറില്ല.. നമ്മുടെ യാത്രകള്‍ വലിയ ലക്ഷ്യങ്ങളിലേക്കാണെങ്കില്‍ ചെറിയ പരിഹാസങ്ങളെ, ആക്രമണങ്ങളെ പാടേ അവഗണിക്കാന്‍ നമുക്ക് ശീലിക്കാം. വലിയ ലക്ഷ്യങ്ങളിലേക്കാകട്ടെ നമ്മുടെ യാത്രകള്‍.