മുഹമ്മദ് നബി; മാനുഷിക മൂല്യങ്ങൾക്ക് വില നൽകിയ പ്രവാചകൻ

അറിവരങ്ങ്, നബിദിന ആശംസകള്‍, Arivarang, Happy Meelad Day
 

മുഹമ്മദ് നബി;മാനുഷിക മൂല്യങ്ങൾക്ക് വില നൽകിയ പ്രവാചകൻ

   -- ഷാക്കിര്‍ തോട്ടിക്കൽ --

മുഹമ്മദ് നബിയുടെ ജീവിതം സ്നേഹത്തിൻെറയും സമത്വത്തിൻെറയും സാഹോദര്യത്തിൻെറയും സന്ദേശമാണ് നൽകുന്നത്.ക്ഷണികമായ ആനന്ദത്തിനുമപ്പുറം വ്യർത്ഥ മോഹങ്ങളിൽ തളച്ചിട്ട മനുഷ്യ മനസുകളിൽ സാഹോദര്യത്തിൻെറ ഊടും പാവും നെയ്യുകയായിരുന്നു പ്രവാചകൻ.

ധർമ്മങ്ങളിൽ നിന്നും വ്യതിചലിച്ച് മൂല്യങ്ങളെ തൃണവദ്ഗണിച്ച് താന്തോന്നികളായി ജീവിച്ച ഒരു സമൂഹത്തെ ബോധവൽക്കരണത്തിലൂടെ കർത്തവ്യ ബോധവും കർമ്മോത്സുകതയുമുള്ളവരാക്കി മാറ്റുകയെന്നതായിരുന്നു പ്രവാചകൻെറ ദൗത്യം.

ജീവിതം നശ്വരമെന്ന ബോധം നൽകുകയായിരുന്നു പ്രവാചകൻ. സ്വർഗവും നരകവും പറഞ്ഞ് കൃത്രിമ വിലാസത്തിലൂടെ സമൂഹത്തിൻെറ ദൗർബല്യങ്ങൾ ചൂഷണ വിധേയമാക്കുകയായിരുന്നില്ല നബി,മറിച്ച് ചിന്തനീയമായ ഒരു ലോകം പടുത്തുയർത്തുകയായിരുന്നു.

അടിമത്തത്തിൻെറ ചങ്ങലകളിൽ മുറുകി സംസ്ക്കാര ശൂന്യതയുടെ അപ്പോസ്തലൻമാരായിരുന്ന വിഭാഗത്തെ ചിന്തയുടെയും വിശകലനത്തിൻെറയും പുതിയ പാത വെട്ടിത്തെളിച്ച് അതിലൂടെ അവരെ കെെപിടിച്ചുയർത്തുകയായിരുന്നു പ്രവാചകൻ.

ഖുർആനിക വചസുകളായിരുന്നു മുഹമ്മദ് നബിയുടെ ആയുധം.ആ മഹാത്ഭുതം വസ്തുനിഷ്ഠമായ വിവരണത്തിലൂടെ സമൂഹത്തിലേക്ക് കോറിയിട്ടപ്പോൾ അതൊരു പൊലിമ മാത്രമായിരുന്നില്ല,ആദർശാധിഷ്ഠിത സംഭവ വിവരണങ്ങളായിരുന്നു പ്രവാചകൻ അവർക്ക് നൽകിയത്.

സ്നേഹ വസന്തം ഇതൾ വിരിയിച്ച പ്രവാചകൻ അതിൻെറ മനോഹാരിത ലോകത്താകമാനം ദർശന വിധേയമാക്കി.അവാച്യമായ സുഗന്ധം എല്ലായിടങ്ങളിലും പരിമളം പരത്തി.എല്ലാം ആസ്വദിക്കാൻ ഒരു ജനസഞ്ചയം തന്നെ കാത്തിരുന്നു.

ഒരിക്കൽ കണ്ടവർക്ക് ആ വദനം നൽകിയത് കാഴ്ചയുടെ ഒരായിരം അനുരണങ്ങളായിരുന്നു.മനസിന് ശാന്തിയും സമാധാനവും ആശ്വാസവും ലഭിക്കുന്ന ഇടം മറ്റെവിടെയാണുള്ളത്.....?അത് വേണ്ടത് പോലെ മനസിലാക്കിയവരായിരുന്നു പ്രവാചകൻെറ അനുയായികൾ.ആ സാന്നിധ്യം മാത്രം മതിയായിരുന്നു അവർക്ക് ധന്യരാകാൻ.

ആ വെളിച്ചം അണയരുതെന്ന നിർബന്ധത്തിനു മുമ്പിൽ എല്ലാം സമർപ്പിക്കാൻ അവർ തയ്യാറായിരുന്നു.സൗർ ഗുഹയുടെ അകത്തളങ്ങളിൽ സിദ്ധീഖി(റ) ൻെറ സ്നേഹ പ്രകടനം എത്രയോ വലുതായിരുന്നു.പ്രകടന പരതയായിരുന്നില്ല അത്,അതിരില്ലാത്ത സ്നേഹം നൽകിയ നേതാവിന് പകരം കൊടുക്കാൻ അതിലുമപ്പുറം അവർ ചെയ്യുമായിരുന്നു.

''ജീവൻെറ തുടിപ്പുള്ള എല്ലാ ഹൃദയങ്ങൾക്കും ധർമ്മമുണ്ടെന്ന്'' പ്രഖ്യാപിക്കുക വഴി ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ പുണ്യം തിരുനബി വിളിച്ചറിയിച്ചു.പ്രഖ്യാപനമല്ല,പ്രയോഗ വൽക്കരണമായിരുന്നു പ്രവാചകൻെറ മുദ്രാവാക്യം.

യുദ്ധത്തിൽ കൊല്ലപ്പെട്ട അന്യമതസ്ഥരായ മക്കൾക്കു വേണ്ടി കണ്ണീരൊഴുക്കിയ നിഷ്ക്കളങ്കനായ മനുഷ്യ സ്നേഹിയായിരുന്നു മുഹമ്മദ് നബി.മതങ്ങൾക്കുമപ്പുറം സ്നേഹത്തിന് വില നൽകിയ തിരുദൂതർ.

ജീവിതം സാർത്ഥകമാകണം. അതിന് മുൻഗാമികളുടെ സരണി പ്രാപ്യമാകണം.സ്നേഹവും മതേതരത്വവും ഊട്ടിയുറപ്പിക്കുന്ന,ഒരു നല്ല നാളെയാവട്ടെ ഇന്നിൻെറ നബിദിന സന്ദേശം.



Powered by Blogger.