കയ്യിലെ ഒരു ഒറ്റ നാണയം പോലെ ആണ്‌ ഈ ആയുസ്‌.

അറിവരങ്ങ് പ്രഭാത ചിന്തകൾ, Arivarang prabhatha chinthakal

 🔅 🔅          

കയ്യിലെ ഒരു ഒറ്റ നാണയം പോലെ ആണ്‌ ഈ ആയുസ്‌. നാണയം നമ്മുടേതാണ്‌. അത്‌ എങ്ങനെയും ചിലവഴിക്കാൻ നമുക്ക്‌ സാധിക്കും ... പക്ഷേ ഒരു കാര്യം ഉള്ളത്‌ ഇത്‌ ഒരു പ്രാവശ്യം മാത്രമേ ചിലവഴിക്കാൻ പറ്റൂ എന്നതാണ്‌..

🔅ഇവിടുന്ന് നാം നമ്മുടെ കർമ്മങ്ങൾ പൂർത്തിയാക്കി പോവുമ്പോൾ പിന്നീട്‌ നാം അറിയപ്പെടുന്നത്‌ നമ്മുടെ പ്രവർത്തികളിലൂടെയും ചിന്തകളിലൂടെയും ആയിരിക്കും ... നമ്മുടെ ചിന്തയും പ്രവർത്തങ്ങളും തന്നെ ആണ്‌ നാം. മുന്തിരിയെ ജീവിതത്തോട്‌ ചേർത്ത്‌ പറയാം എന്ന് തോന്നുന്നു. മുന്തിരി എന്നത്‌ രണ്ടോ മൂന്നോ ദിവസം കൊണ്ട്‌ ചീഞ്ഞ്‌ പോവുന്ന ഒന്നാണ്‌. എന്നാൽ അതിൽ നിന്ന് ഉണ്ടാക്കുന്ന വീഞ്ഞ്‌ എത്ര നാൾ വേണമെങ്കിലും കേട്‌ കൂടാതിരിക്കും . ആയുസിന്റെ അർത്ഥം പഠിക്കാൻ ഈ കഥ നല്ലതാണ്‌.. ജീവിതം കൊണ്ട്‌ വീഞ്ഞ്‌ തീർക്കുന്നവരാവണം നാം . ഒരിക്കലും നശിച്ചു പോവാത്ത വീഞ്ഞ്‌...

🔅 ആയുസ്സിനെ നാം വെറുതെ വച്ചാൽ എന്താവും സംഭവിക്കുക... ഒന്നും സംഭവിക്കില്ല വാർദ്ധക്യം എത്തും. മനസ്‌ ചിന്തിക്കുന്നത്‌ ശരീരത്തിന്‌ ചെയ്യാൻ പറ്റാത്ത വാർദ്ധക്യം...അത്‌ കൊണ്ടാണ്‌ പറയുന്നത്‌ ശരീരം ഊർജ്ജസ്വലമായിരിക്കുമ്പോൾ പിഴിഞ്ഞെടുത്ത്‌ വീഞ്ഞുണ്ടാക്കണം എന്ന്..പഴകും തോറും വീര്യം കൂടി വരുന്ന ഓർമ്മകളും കർമ്മങ്ങളും കൊണ്ട്‌ ജീവിതത്തിലെ അവസാന നിമിഷവും അപ്പോൾ ആഹ്ലാദകരമാവും.

🔅 ആളിക്കത്തുന്ന ചൂള പോലെ ആണ്‌ മനസ്‌. അതിലേക്ക്‌ എന്തിട്ടാലും അത്‌ ആളിക്കത്തും . എന്തിടണമെന്നത്‌ നമ്മുടെ തീരുമാനമാണ്‌ .ജീവിതത്തിന്റെ എല്ലാ ബഹളങ്ങളിലേക്കും വാർത്തകളിലേക്കും സോഷ്യൽ മീഡിയ പോസ്റ്റുകളിലേക്കും നാം പോകേണ്ടതുണ്ടൊ... നമുക്ക്‌ ആവശ്യമുള്ളത്‌ മാത്രം തിരഞ്ഞ്‌ കാണുക തന്നെ ആണ്‌ ബുദ്ധി.

🔅 നിങ്ങൾ മരിച്ചു കിടക്കുന്ന ദിവസവും ജനിച്ച ദിവസവും മറ്റുള്ളവർ നിങ്ങളെ കുറിച്ച്‌ നല്ലത്‌ മാത്രം പറയാൻ ആണ്‌ സാധ്യത. അതിനിടയിലുള്ള ദിവസങ്ങളെ കുറിച്ച്‌ നിങ്ങൾ എങ്ങനെ അറിയപ്പെടണമെന്നും പറയപ്പെടണമെന്നും നിങ്ങൾ തീരുമാനിക്കണം .കയ്യിലെ ഒരു ഒറ്റ നാണയം പോലെ ആണ്‌ ജീവിതം .അത്‌ നിങ്ങൾക്ക്‌ എങ്ങനെ വേണമെങ്കിലും ചിലവഴിക്കാൻ സ്വാതന്ത്രമുണ്ട്‌. പക്ഷേ അത്‌ ഒരിക്കൽ മാത്രമേ ചിലവഴിക്കാൻ പറ്റു....' .അത്‌ മനസ്സിൽ ഉണ്ടായാൽ ഓരോ നിമിഷവും നമുക്ക്‌ വിലപ്പെട്ടതാകും

🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅


Powered by Blogger.