ജീവിതത്തിന്റെ മൂല്യം
അവന്‍ തന്റെ അച്ഛനോട് ചോദിച്ചു: എന്താണച്ഛാ നമ്മുടെ ജീവിതത്തിന്റെ മൂല്യം. അച്ഛന്‍ അവന് ഒരു കല്ലെടുത്ത് കയ്യില്‍ കൊടുത്തിട്ടു പറഞ്ഞു, ഈ കല്ലുമായി നീ അടുത്തുള്ള ചന്തയില്‍ പോവുക. ആരെങ്കിലും ഈ കല്ലിന് വില ചോദിച്ചാല്‍ രണ്ട് വിരല്‍ ഉയര്‍ത്തിക്കാണിക്കുക. മകന്‍ കല്ലുമായി ചന്തയിലെത്തി. അവിടെ നില്‍ക്കുമ്പോള്‍ ഒരു സ്ത്രീ വന്ന് ഈ കല്ലിന് വിലചോദിച്ചു. അവന്‍ രണ്ടു വിരല്‍ ഉയര്‍ത്തിക്കാണിച്ചു. 20 രൂപയോ അവര്‍ ചോദിച്ചു. അവര്‍ ആ കല്ല് വാങ്ങാന്‍ തയ്യാറായി. അവന്‍ അവരോട് മറുപടിപറയാതെ വീട്ടിലേക്ക് ഓടി വന്നു. ഇരുപത് രൂപയ്ക്ക് കല്ല് ആവശ്യപ്പെട്ട വിവരം അച്ഛനോട് പറഞ്ഞു. അച്ഛന്‍ അവനെ അടുത്തുള്ള മ്യൂസിയത്തിന് മുന്നില്‍ കല്ലുമായി നില്‍ക്കുവാന്‍ ആവശ്യപ്പെട്ടു. അവിടെ നില്‍ക്കുമ്പോള്‍ ഒരാള്‍ വന്ന് ആ കല്ലിന്റെ വില ചോദിച്ചു. അവന്‍ രണ്ട് വിരല്‍ ഉയര്‍ത്തിക്കാണിച്ചു. അപ്പോള്‍ അയാള്‍ ചോദിച്ചു: 2000 രൂപയോ, ശരി ഞാന്‍ ഈ കല്ല് വാങ്ങാന്‍ തയ്യാറാണ്. അവന്‍ അയാളോടും മറുപടിയൊന്നും പറയാതെ അച്ഛനടുത്തേക്ക് വന്നു. ഈ കല്ലിന് രണ്ടായിരം രൂപയോ അവന്‍ അത്ഭുതപ്പെട്ടു. അച്ഛന്‍ അവനെ പിന്നീട് അയച്ചത് ഒരു രത്‌നവ്യാപരിയുടെ കടയിലേക്കായിരുന്നു. ഒരു വയസ്സായ വൃദ്ധനായിരുന്നു അവിടെ ഉണ്ടായിരുന്നത്. അയാള്‍ ഈ കല്ല് കണ്ടപ്പോള്‍ പെട്ടന്നു തന്നെ അവന്റെ അടുത്തെത്തി. ഈ കല്ല് തനിക്ക് വില്‍ക്കുന്നുണ്ടോ, ഇതിനെന്ത് വില വരും എന്ന് ചോദിച്ചു. അവന്‍ വീണ്ടും തന്റെ രണ്ടുവിരല്‍ ഉയര്‍ത്തിക്കാണിച്ചു. അപ്പോള്‍ അയാള്‍ പറഞ്ഞു: രണ്ട് ലക്ഷമോ.. ശരി സമ്മതിച്ചു. ഈ കല്ല് ഞാന്‍ വാങ്ങിച്ചോളാം.. അവന് അത്ഭുതം സഹിക്കാന്‍ സാധിച്ചില്ല. അവന്‍ അച്ഛന് അടുത്തെത്തി വിവരങ്ങള്‍ പറഞ്ഞു. അച്ഛന്‍ അവനെ ചേര്‍ത്ത് പിടിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു. ഈ കല്ല് പോലെയാണ് നമ്മുടെ ജീവിതവും. നാം എവിടെയിരിക്കുന്നു എന്നതാണ് അതിന്റെ വില നിശ്ചയിക്കുന്നത്. നമുക്ക് ചുറ്റും ധാരാളം ആളുകള്‍ ഉണ്ട്. അവരില്‍ നമ്മെ അവരുടെ ആവശ്യത്തിന് ചൂഷണം ചെയ്യുന്നവര്‍ ഉണ്ടാകും. അവര്‍ അവരുടെ ആവശ്യം കഴിഞ്ഞാല്‍ നമ്മെ മറന്നുപോകും. അവര്‍ക്ക് നമ്മുടെ ജീവിതത്തിന്റെ വില മനസ്സിലാക്കാന്‍ കഴിയില്ല. അവരില്‍ നിന്നും നാം ഒഴിഞ്ഞു മാറുക തന്നെ വേണം. അല്ലെങ്കില്‍ നമ്മുടെ ജീവിത്തിന്റെ വിലയും അതുപോലെ കുറഞ്ഞുപോവുക തന്നെ ചെയ്യും. എന്നാല്‍ വേറെ ചിലരുണ്ട്. നമ്മുടെ കഴിവുകളെ കണ്ടറിഞ്ഞ്, നമ്മെ പ്രോത്സാഹിപ്പിക്കുന്നവര്‍. അവരെ നമുക്ക് ചേര്‍ത്ത് പിടിക്കാം.. അവര്‍ നമ്മുടെ ജീവിതത്തിന്റെ മൂല്യം വര്‍ദ്ധിപ്പിക്കുന്നവരാണ്. നമ്മുടെ ജീവിതത്തിന്റെ മൂല്യം നമുക്ക് തന്നെ നിശ്ചയിക്കാനാകട്ടെ...