ഒക്ടോബര്‍ 14 ലോക കാഴ്ച ദിനം
ഒക്ടോബര്‍ 14 ലോക കാഴ്ച ദിനം
--------------------------------------
കാഴ്ചയുടെ രസതന്ത്രം
-- ഷാക്കിര്‍ തോട്ടിക്കല്‍ --
അറിവ് നേടുന്നതിന് സഹായിക്കുന്ന ജ്ഞാനേന്ദ്രിയമാണ് കണ്ണ്. കണ്ണുകൾ തലയോട്ടിയിലെ നേത്രകോടരത്തിനുള്ളിൽ സ്ഥിതി ചെയുന്നു.
കണ്ണിന്റെ മുൻഭാഗത്ത് വൃത്താകൃതിയിൽ ഗ്ലാസുപോലുള്ള സുതാര്യമായ ഭാഗമാണ് കോർണിയ. ഇതിന്റെ തുടർച്ചയായി വെള്ളനിറത്തിൽ കാണുന്ന ഭാഗമാണ് ദൃഢപടലം. ഇത് കണ്ണിന്റെ ഏറ്റവും പുറമെയുള്ള പാളിയാണ്. നേത്രഗോളത്തിന് ആകൃതി നൽകുന്നത് ദൃഢതയുള്ള ഈ പടലമാണ്. കോർണിയയുടെ തൊട്ടുപിന്നിൽ കാണുന്ന അറയാണ് അക്വസ് അറ. ഇതിൽ നിറഞ്ഞിരിക്കുന്ന ദ്രാവകമാണ് അക്വസ്ദ്രവം. രക്തത്തിൽ നിന്ന് വേർതിരിഞ്ഞുണ്ടാകുന്നഈ ദ്രവം അതെ അളവിൽ തന്നെ രക്തത്തിലേക്ക് പുനരാഗിരണം ചെയ്യപ്പെടുന്നു. ചുറ്റുമുള്ള കലകൾക്ക് പോഷണവും ഓക്സിജനും നൽകുന്നത് ഈ ദ്രാവകമാണ്.
കണ്ണിലെ മധ്യപാളിയാണ് രക്തപടലം. രക്തപടലത്തിന് ഇരുണ്ടനിറം കൊടുക്കുന്ന വര്‍ണ വസ്തുവാണ് മെലാനിൻ. ഇത് കണ്ണിൽ പ്രവേശിക്കുന്ന അമിതപ്രകാശത്തെ ആഗിരണം ചെയ്യുന്നു. രക്തപടലത്തില്‍ ധാരാളം രക്തലോമികകൾ കാണപ്പെടുന്നു. ഇവയാണ് കണ്ണിനാവശ്യമായ പോഷകങ്ങളും ഓക്സിജനും എത്തിക്കുന്നത്. ലെന്‍സിനു മുന്നിൽ മറപോലെ കാണപ്പെടുന്ന ഭാഗമാണ് ഐറിസ്. ഐറിസ്, കട്ടികൂടിയ സീലിയറി പേശികൾ വഴി ദൃഢപടലവുമായി ബന്ധിപ്പിച്ചിരിക്കുന്നു.
പ്രകാശവും കൃഷ്ണമണിയും
പ്രകാശ തീവ്രതയ്ക്കനുസരിച്ച് കൃഷ്ണമണിയുടെ വലുപ്പം വ്യത്യാസപ്പെടുന്നു. തീവ്രപ്രകാശത്തിൽ കൃഷ്ണമണി സങ്കോചിക്കുകയും മങ്ങിയവെളിച്ചത്തിൽ വികസിക്കുകയും ചെയ്യുന്നു. കൃഷ്ണമണിയുടെ സങ്കോചവികാസത്തെ സഹായിക്കുന്നത് വലയപേശികളും റേഡിയിൽ പേശികളുമാണ്. വലയപേശികൾ സങ്കോചിക്കുമ്പോൾ കൃഷ്ണമണിയുടെ വലിപ്പം കുറയുന്നു. റേഡിയൽ പേശികൾ സങ്കോചിക്കുമ്പോൾ കൃഷ്ണമണിയുടെ വലിപ്പം കൂടുന്നു..
കണ്ണിലെ ലെൻസ് കോൺവെക്സ് ആകൃതിയോടു കൂടിയാണ്. ഇലാസ്തികത ഉള്ള ഒരു പദാർത്ഥം കൊണ്ടാണ് ലെൻസ് നിർമിച്ചിരിക്കുന്നത്. ലെന്‍സിനെ സിലീയറി പേശികളുമായി സ്നായുക്കൾ മുഖേന ബന്ധിപ്പിച്ചിരിക്കുന്നു. കണ്ണിനുള്ളിൽ കാണുന്ന വലിയ അറയാണ് വിട്രിയസ് അറ. ലെൻസിൽ നിന്ന് പ്രകാശം കടന്നു പോകുന്നത് പിൻഭാഗത്തെ വലിയ അറ യിലേക്കാണ്.ഇതിൽ നിർമിച്ചിരിക്കുന്ന അർദ്ധ ഖരാവസ്ഥയിലുള്ള ഒരു പദാർത്ഥമാണ് വിട്രിയസ് ദ്രവം. ഇതും നേത്രഗോളത്തിന് ആകൃതി നൽകുന്നു.
വൈകല്യങ്ങൾ
നേത്രഗോളത്തിന്റെ ആകൃതിയിലുള്ള വ്യത്യാസം മൂലം ഉണ്ടാകുന്ന നേത്ര വൈകല്യങ്ങളാണ് ഹ്രസ്വ ദൃഷ്ടിയും ദീര്‍ഘ ദൃഷ്ടിയും.
ഹ്രസ്വദൃഷ്ടി
നേത്രഗോളത്തിന്റെ നീളം വർധിക്കുന്നത് ഹ്രസ്വദൃഷ്ടിക്ക് കാരണമാകുന്നു.ഇത്തരം വൈകല്യമുള്ളവരിൽ വസ്തുവിന്റെ പ്രതിബിംബം രൂപപ്പെടുന്നത് റെറ്റിനയ്ക്ക് മുന്നിലായിരിക്കും. ഇത്തരം ആളുകൾക്ക് ദൂരെയുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ സാധിക്കില്ല.കോൺകേവ് ലെൻസ് ഉപയോഗിച്ച് ഈ നേത്ര വൈകല്യം പരിഹരിക്കാം.
ദീർഘദൃഷ്ടി
നേത്രഗോളത്തിന്റെ നീളം കുറയുന്നത് ദീർഘദൃഷ്ടിക്ക് കാരണമാകുന്നു. ഇത്തരം ആളുകൾക്ക് ദൂരെയുള്ള വസ്തുക്കളെ കാണാമെങ്കിലും അടുത്തുള്ള വസ്തുക്കളെ കാണാൻ സാധ്യമല്ല. കോൺവെക്സ് ലെൻസ് ഉപയോഗിച്ച് ഈ വൈകല്യം പരിഹരിക്കാം.
അസ്സിഗ്മാറ്റിസം
കണ്ണിന്റെ ആകൃതിപോലെ തന്നെ കോർണിയയുടെയോ നേത്രലെൻസിന്റെയോ വക്രതയിൽ ഉണ്ടാകുന്ന വൈകല്യവും കാഴ്ചയെ ബാധിക്കുന്നു. ഇതിന്റെ ഫലമായി വസ്തുവിന്റെ പൂർണമല്ലാത്തതും കൃത്യതയില്ലാത്തതുമായ പ്രതിബിംബം രൂപപ്പെടുന്നു. ഈ അവസ്ഥയാണ് അസ്സിഗ് മാറ്റിസം. അനുയോജ്യമായ സിലിണ്ട്രിക്കൽ ലെൻസ് ഉപയോഗിച്ച് ഈ വൈകല്യം പരിഹരിക്കാം.
കാഴ്ചയുടെ രസതന്ത്രം
കണ്ണിൽ വസ്തുക്കളുടെ പ്രതിബിംബം രൂപം കൊള്ളുന്നത് റെറ്റിനയിലാണ്. ദൃഷ്ടിപടലത്തിൽ പ്രകാശഗ്രാഹികളായ റോഡുകോശങ്ങളും കോൺകോശങ്ങളും ഉണ്ട്. റോഡ് കോശങ്ങൾ മങ്ങിയ വെളിച്ചത്തിൽ കാഴ്ച സാധ്യമാക്കുന്നതിനും വസ്തുക്കളെ കറുപ്പും വെളുപ്പുമായി കാണുന്നതിനും സഹായിക്കുന്നു. എന്നാൽ കോൺകോശങ്ങൾ തീവ്രപ്രകാശത്തിൽ വസ്തുക്കളെ കാണുന്നതിനും നിറങ്ങൾ തിരിച്ചറിയുന്നതിനും സഹായിക്കുന്നു....
കാഴ്ച എന്ന അനുഭവം
റെറ്റിനയിൽ പതിക്കുന്ന ചെറുതും തലകീഴായതുമായ പ്രതിബിംബം നമുക്ക് നിവർന്നതായും അതെ വലിപ്പത്തിലും കാണാൻ സാധ്യമാക്കുന്നത് സെറിബ്രം ആണ്. പ്രകാശഗ്രാഹികളിൽ പതിക്കുന്ന പ്രകാശം അവയിൽ രാസമാറ്റം ഉണ്ടാക്കുന്നു. ഈ ഉദ്ധീപനം ആവേഗങ്ങളായി പ്രകാശഗ്രാഹികളിൽ ആക്സോണുകൾ സംയോജിച്ചു നേത്രനാഡിയിലൂടെ കാഴ്ചയെന്ന അനുഭവം യാഥാർഥ്യമാക്കുന്നു.
ദ്വി നേത്രദർശനം
രണ്ടുകണ്ണുകളിലെയും നേത്രഗോള പേശികളുടെ സമന്വിത ചലനം വഴി ഒരേ വസ്തുവിന്റെ ദൃഷ്ടി കേന്ദ്രീകരിക്കാനും വസ്തുക്കളിൽ നിന്നുള്ള അകലം അറിയാനും കഴിയുന്നു. ഇതിനെ ദ്വിനേത്ര ദർശനം എന്ന് പറയാം.
നേത്രഗോളത്തിലെ പേശികളുടെ സമന്വിത ചലനം സാധ്യമാകാതിരിക്കുന്ന അവസ്ഥയാണ് കോങ്കണ്ണ്. അനുയോജ്യമായ ശസ്ത്രക്രിയ വഴി ഈ അവസ്ഥ പരിഹരിക്കാം
ഗ്ലോക്കോമ
അക്വസ് ദ്രവത്തിന്റെ ഉത്ഭവവും പുനരാഗിരണവും ശരിയായ രീതിയിൽ നടന്നില്ലെങ്കിൽ അക്വസ് അറയിലെ മർദ്ദം വർധിക്കും. നേത്രഗോളത്തിലെ മർദ്ദവർധനയാണ് ഗ്ലോക്കോമ രോഗത്തിന് കാരണം. മർദ്ദം വർധിക്കുന്നത് മൂലം കോര്‍ണിയയുടെ വക്രതയിൽ മാറ്റം വരുന്നു. രോഗിക്ക് കണ്ണുകളിൽ വേദന അനുഭവപ്പെടുകയും ദീപങ്ങൾക്ക് ചുറ്റിനും വര്‍ണവലയങ്ങൾ ഉള്ളതായി അനുഭവപ്പെടുകയും ചെയുന്നു. മർദ്ദം വർധിച്ചു അക്വസ് ഹ്യൂമർ കോർണിയയെ മുന്നോട്ട് തള്ളുകയും തൽഫലമായി അത് ഒരു പ്രിസം പോലെ പ്രവർത്തിക്കുന്നത് കൊണ്ടുമാണ് ദീപങ്ങൾക്ക് ചുറ്റും വർണവലയങ്ങൾ കാണുന്നത്. അക്വസ് ദ്രവത്തിന്റെ മർദ്ദം ലെന്‍സിനെ വിട്രിയസ് ഹ്യൂമറിലെത്തിക്കുകയും വിട്രിയസ് ഹ്യൂമറിന്റെ മർദ്ദം വർധിക്കാനും ഇടയാക്കുന്നു. ഇത് റെറ്റിനയെ തകരാറിലാക്കുകയും തുടർന്ന് അന്ധതയ്ക്ക് വരെ കാരണമാവുകയും ചെയുന്നു.
ചെങ്കണ്ണ്
നേത്രാവരണത്തിന് ഉണ്ടാകുന്ന അണുബാധയാണ് ചെങ്കണ്ണ്. ഇത് രണ്ട് തരത്തിൽ ഉണ്ടാകാറുണ്ട്. വൈറസ് ബാധ വഴിയും ബാക്റ്റീരിയ വഴിയും. ഇത് പകരുന്നത് പ്രധാനമായും സ്പര്‍ശനത്തിലൂടെയാണ്. ജലത്തിലൂടെയും പകരാൻ ഇടയുണ്ട്. രോഗിയുടെ ടവൽ, പേന, പെൻസിൽ, മറ്റു വസ്തുക്കൾ എന്നിവ ഉപയോഗിക്കുന്നത് വഴി കൈകളിലെത്തുന്ന രോഗാണുക്കൾ കൈകൾ കണ്ണിൽ മുട്ടിക്കുന്നത് മൂലം കണ്ണിൽ എത്താനിടയുണ്ട്.