ക്ലാസ്സില്‍ എന്നും വികൃതിയായിരുന്നു ആ കുട്ടി

Arivarang malayalam story, അറിവരങ്ങ് മലയാളം കഥ

ക്ലാസ്സില്‍ എന്നും വികൃതിയായിരുന്നു ആ കുട്ടി. എപ്പോഴും അവള്‍ മറ്റുള്ളവരെ ഉപദ്രവിക്കുകയും അവരുടെ സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്യുമായിരുന്നു. വികൃതി കാണിക്കുന്നതിന് അവളെ തല്ലാത്ത ടീച്ചര്‍മാര്‍ ആ സ്‌കൂളില്‍ ഉണ്ടായിരുന്നില്ല. ഒരിക്കല്‍ ക്ലാസ്സില്‍ വികൃതി കാണിച്ചതിന് അവള്‍ പുതുതായി വന്ന പ്രധാന അധ്യാപകനു മുന്നില്‍ ഹാജരാക്കപ്പെട്ടു. എല്ലാ ടീച്ചേഴ്‌സും അവളുടെ കുറ്റങ്ങള്‍ പറയുകയും മാതാപിതാക്കളെ വിളിച്ച് കുട്ടിയെ സ്‌കൂളില്‍ നിന്നും പറഞ്ഞുവിടാന്‍ അഭിപ്രായപ്പെടുകയും ചെയ്തു. എല്ലാവരുടേയും പരാതി ശ്രദ്ധാപൂര്‍വ്വം പ്രധാന അധ്യാപകന്‍ കേട്ടു. അവളെ തനിച്ചുകേള്‍ക്കാന്‍ അയാള്‍ ശ്രദ്ധിച്ചു. ജീവിതത്തില്‍ തനിച്ചായിപ്പോയ ഒരു കുഞ്ഞിനെ അയാള്‍ അവിടെ കണ്ടെത്തുകയായിരുന്നു. പിന്നീടുള്ള ഓരോ ദിവസവും പ്രധാന അധ്യാപകന്‍ അവളെ ചേര്‍ത്തു പിടിച്ചു. അവളെ കേള്‍ക്കാന്‍, അഭിന്ദിക്കാന്‍, വേണ്ട ഉപദേശങ്ങള്‍ നല്‍കാന്‍ എല്ലാം അയാള്‍ കൂടെയുണ്ടായിരുന്നു. സ്‌കൂളിലെ ഏറ്റവും മിടുക്കിക്കുട്ടിയായി അവള്‍ മാറി. നമ്മള്‍ മറ്റുള്ളവരുടെ കുറ്റങ്ങള്‍ മാത്രമല്ല, നന്മകളും കൂടി പറഞ്ഞു കൊടുക്കാന്‍ ശ്രമിക്കണം. തിരുത്തലുകള്‍ മാത്രമല്ല , പ്രോത്സാഹനങ്ങള്‍ കൂടി ആവശ്യമാണ്. മറ്റുള്ളവരുടെ പോരായ്മകള്‍ കണ്ടെത്താനും അവ പരത്താനും കാണിക്കുന്ന ആവേശം അവരുടെ സത്കര്‍മ്മങ്ങളും കഴിവുകളും തിരിച്ചറിയാനും വളര്‍ത്താനും ഉണ്ടായിരുന്നെങ്കില്‍ പതിരായിപ്പോയ പലതും കതിരായി വിളഞ്ഞേനെ. പഴിചാരുന്നതിന്റെ ഇരട്ടി പ്രയത്‌നങ്ങള്‍ വേണം സുകൃതങ്ങള്‍ കണ്ടെത്താന്‍. കാരണം കുറ്റങ്ങളിലേക്കും കുറവുകളിലേക്കുമുള്ള കണ്ണിന്റെ ചായ്വ് ആ കണ്ണിന്റേയും മനസ്സിന്റെയും സ്വാഭാവവൈകല്യമാണ്. ചെയ്യരുതാത്തവയുടെ പട്ടിക ലഭിക്കുകയും ചെയ്യേണ്ടവയെകുറിച്ചുള്ള ധാരണ ഇല്ലാതിരിക്കുകയും ചെയ്യുന്നതുകൊണ്ടാണ് തിന്മകളുടെ പ്രസരണം എളുപ്പമാകുന്നത്. തിന്മകള്‍ക്കു നേരെ ഉയരുന്ന ചൂണ്ടുവിരലിനേക്കാള്‍ നന്മകള്‍ക്ക് നേരെ ഉയരുന്ന കയ്യടികള്‍ ഉണ്ടാകട്ടെ.


Powered by Blogger.