അടിവയറ്റില്‍ കൊഴുപ്പ് കൂടുന്നത് പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കാം
അടിവയറ്റില്‍ കൊഴുപ്പ് കൂടുന്നത് പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കാം. വയറിലെ കൊഴുപ്പ് ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം തുടങ്ങി നിരവധി രോഗങ്ങള്‍ക്ക് കാരണമാകും. വയറിലെ കൊഴുപ്പ് രണ്ട് തരത്തിലുണ്ട്. 'സബ്ക്യുട്ടേനിയസ് കൊഴുപ്പ്' (ചര്‍മ്മത്തിന് താഴെ അടിഞ്ഞുകൂടുന്ന കൊഴുപ്പ്), 'വിസറല്‍ കൊഴുപ്പ്' അടിവയറ്റില്‍ ആഴത്തില്‍ അടിഞ്ഞു കൂടുന്ന ആന്തരിക അവയവങ്ങള്‍ക്ക് ചുറ്റുമുള്ള കൊഴുപ്പ്. വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന മികച്ചൊരു പഴമാണ് അവാക്കാഡോ. ദിവസവും ഒരു അവാക്കാഡോ വീതം കഴിക്കുന്നത് വയറിലെ അമിത കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുമെന്ന് ഇല്ലിനോയിസ് സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. 105 പേരില്‍ പഠനം നടത്തുകയായിരുന്നു. വയറിലെ കൊഴുപ്പിലും രക്തത്തിലെ പഞ്ചസാരയിലും അവാക്കാഡോ കഴിക്കുന്നതിന്റെ ഫലങ്ങള്‍ പഠനം പരിശോധിച്ചു. ഭക്ഷണത്തിന്റെ ഭാഗമായി ഒരു ദിവസം ഒരു അവാക്കാഡോ കഴിക്കുന്ന സ്ത്രീകള്‍ക്ക് വയറിലെ കൊഴുപ്പ് കുറയുന്നതോടൊപ്പം വിസറല്‍ കൊഴുപ്പിന്റെ അനുപാതത്തിലുള്ള കുറവും ഉണ്ടാകുന്നതായി കണ്ടെത്തുകയായിരുന്നു.