അയാള്‍ പഴക്കടയിലെത്തി ആപ്പിളിന്റെ വില ചോദിച്ചു

Arivarang malayalam story, അറിവരങ്ങ് മലയാളം കഥ

 അയാള്‍ പഴക്കടയിലെത്തി ആപ്പിളിന്റെ വില ചോദിച്ചു. കടക്കാരന്‍ 200 രൂപയെന്ന് മറുപടിയും പറഞ്ഞു. ആപ്പിള്‍ വാങ്ങാതെ അയാള്‍ മറ്റ് പഴങ്ങള്‍ നോക്കി നില്‍ക്കുകയായിരുന്നു. അപ്പോഴാണ് ഒരു വയസ്സായ സ്ത്രീ അവിടെയെത്തി കടക്കാരനോട് ആപ്പിളിന്റെ വില ചോദിച്ചത്. അപ്പോള്‍ കടക്കാരന്‍ 100 എന്ന് പറഞ്ഞു. അവര്‍ ആപ്പിള്‍ വാങ്ങി പോവുകയും ചെയ്തു. താന്‍ കബളിപ്പിക്കപ്പെട്ടതിന്റെ ദേഷ്യത്തില്‍ അയാള്‍ കടക്കാരനോട് തട്ടിക്കയറി. അപ്പോള്‍ ആ കടക്കാരന്‍ പറഞ്ഞു: ഞാന്‍ താങ്കളോട് വില കൂട്ടിപറഞ്ഞതല്ല. അവര്‍ക്ക് വിലകുറച്ച് കൊടുത്തതാണ്,. അവര്‍ നാല് അനാഥക്കുട്ടികളെ വളര്‍ത്തുന്നുണ്ട്. പലതവണ ഞാന്‍ അവരെ സഹായിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ അത് സ്വീകരിച്ചില്ല. അവര്‍ക്ക് ആരുടേയും ഔദാര്യം സ്വീകരിക്കുന്നത് ഇഷ്ടമല്ല. അവരുടെ സത്കര്‍മ്മത്തില്‍ ഇങ്ങനെയെങ്കിലും പങ്കാളിയാകുന്നതിന് വേണ്ടിയാണ് ഞാന്‍ അത് ചെയ്തത്. എല്ലാവര്‍ക്കും തുല്യമായി വീതിച്ചു നല്‍കുന്നതല്ല നീതി. അര്‍ഹമായതു നല്‍കുന്നതാണ്. ശേഷിയുള്ളവനും ശേഷിയില്ലാത്തവനും ഒരേ പാത്രത്തില്‍ അളന്നുനല്‍കുമ്പോള്‍ ലഭിക്കുന്ന വസ്തുവിന്റെ തൂക്കത്തില്‍ മാത്രമേ തുല്യതയുള്ളൂ. സ്വീകരിക്കപ്പെടുന്നവന്റെ പ്രയോജനസാധ്യതയില്‍ വളരെ വലിയ വ്യത്യാസമുണ്ട്. സ്വീകരിക്കുന്നവരുടെ ദയനീയതയും സമൃദ്ധിയും തിരിച്ചറിഞ്ഞു വിതരണം ചെയ്യുന്നവരാണ് യഥാര്‍ത്ഥ ന്യായപാലകര്‍. പരമാവധി വിലയേക്കാള്‍ അധികം വാങ്ങുന്നില്ല എന്നത് നിയമാനുസരണമാണ്. എന്നാല്‍ ഓരോരുത്തര്‍ക്കും അവരര്‍ഹിക്കുന്ന വിലക്ക് നല്‍കുന്നത് മനുഷ്യത്വവും. ഒരേ അളവില്‍ ലഭിക്കണമെന്നതാണ് പലരുടേയും കുട്ടിക്കാലം മുതലുള്ള പിടിവാശി. അത് മാര്‍ക്കായാലും സ്വത്ത് വീതം വെയ്ക്കുമ്പോഴായാലും ഒരുപോലെയാണ്. കൂടപ്പിറപ്പിന് അല്‍പം കൂടുതല്‍ കിട്ടിയാല്‍ പലര്‍ക്കും ശരീരവും മനസ്സും അസ്വസ്ഥമാകുന്നത് കാണാം. അപരന് അധികം കിട്ടുന്നതിന്റെ ആധിയില്‍ ശരീരവും മനസ്സും അസ്വസ്ഥമാകുന്നുണ്ടെങ്കില്‍ മനോഭാവം തിരുത്തേണ്ട സമയമായി എന്നാണ് അര്‍ത്ഥം. ആവശ്യത്തിലധികം ലഭിക്കുന്നതെല്ലാം കൈവെള്ളയില്‍ നിന്നും തുളുമ്പുകയേ ഉള്ളൂ. പുറത്തേക്ക് പോകുന്നതിനെ പിടിച്ചുനിര്‍ത്താനുള്ള വ്യഗ്രതയും ചിലപ്പോള്‍ ഉള്ളതുകൂടി നഷ്ടപ്പെട്ടേക്കാം. ഓരോ ദിവസവും അവസാനിക്കുമ്പോള്‍ നമുക്ക് ഇങ്ങനെ ഒരു ചോദ്യം ചോദിക്കാം, ഇന്ന് ഞാന്‍ ഏത് സത്കര്‍മ്മത്തിന്റെ ഭാഗമായി എന്ന്.


Powered by Blogger.