വിജയം ആരുടേയും ജന്മാവകാശമല്ല..
2001 നവംബര്‍ 8 ന് രാജസ്ഥാനിലെ ജയ്പൂരിലാണ് അവനി ജനിച്ചത്. അച്ഛന്‍ പ്രവീണും അമ്മ ശ്വേതയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്. 2012 ലെ ഒരു കാറപകടം അവളുടെ ജീവിതത്തെയാകെ മാറ്റിമറിച്ചു. നട്ടെല്ലിന് പരിക്കേറ്റ അവള്‍ ജീവിതകാലം മുഴുവന്‍ വീല്‍ ചെയറില്‍ കഴിയേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതുമ്പോള്‍ വെറും പതിനൊന്ന് വയസ്സ് മാത്രമായിരുന്നു അവനിക്ക് ഉണ്ടായിരുന്നത്. അതുവരെ ഒരു പൂമ്പാറ്റയെപ്പോലെ പാറിനടന്നിരുന്ന അവള്‍ പിന്നീട് ആരോടും മിണ്ടാന്‍ തന്നെ കൂട്ടാക്കാതായി. പോരാത്തതിന് വല്ലാത്ത ദേഷ്യവും. ഏകദേശം 2 വര്‍ഷത്തോളം പല ആശുപത്രികളിലും വീട്ടിലുമായി അവള്‍ കഴിഞ്ഞു. ചൂടത്തിയായ മകളെ തണുപ്പിക്കാന്‍ അച്ഛന്‍ അവള്‍ക്കൊരു പുസ്തകം വാങ്ങിക്കൊടുത്തു. അച്ഛന്‍ കൊടുത്ത ആ പുസ്തകം ടേബിള്‍ ലാംമ്പിന്റെ വെളിച്ചത്തില്‍ ഒറ്റയിരുപ്പിന് അവള്‍ വായിച്ചുതീര്‍ത്തു. ആ പുസ്തത്തിലെ അവസാന അധ്യായത്തിലെ ആദ്യ വാചകത്തില്‍ അവളുടെ കണ്ണുകളുടക്കി. 'വിജയം ആരുടേയും ജന്മാവകാശമല്ല' . ഈ പുസ്തകം അവള്‍ക്കൊരു ഇന്‍സ്പിരേഷനായി. അഭിനവ് ബിന്ദ്രയുടെ ആത്മകഥയായിരുന്നു അത്. ഷൂട്ടിങ്ങിനെ കുറിച്ച് കൂടുതല്‍ അറിയാനുള്ള അവളുടെ ആഗ്രഹം പഠനത്തിലെത്തി. ഷൂട്ടിങ്ങാണ് തന്റെ വഴിയെന്ന് അവള്‍ ഉറപ്പിച്ചു. വീല്‍ചെയറില്‍ ഇരുന്നുകൊണ്ടുള്ള പരിശീലനം അതികഠിനമായിരുന്നു. പക്ഷേ, തന്റെ കഠിനാധ്വാനം കൊണ്ടും ആത്മവിശ്വാസം കൊണ്ടും അവനി അതിനെയെല്ലാം മറികടന്നു. അഭിനവ് ബിന്ദ്രയെ മാതൃകയാക്കി ഷൂട്ടിങ്ങ് തിരഞ്ഞെടുത്ത അവനി 2021 ല്‍ ഇന്ത്യയ്ക്ക് സ്വര്‍ണ്ണം സമ്മാനിച്ചു! ഒളിപിക്‌സിലെയോ പാരലിംപിക്‌സിലെയോ ഷൂട്ടിങ്ങ് മത്സരങ്ങളില്‍ നിന്ന് ഇന്ത്യയ്ക്ക് ലഭിക്കുന്ന രണ്ടാമത്തെ സ്വര്‍ണ്ണമായിരുന്നു അത്. ജയ്പൂരിലെ മഹാറാണി എന്ന് വിളിപ്പേരുള്ള അവനി രാജസ്ഥാന്‍ സര്‍വ്വകലാശാലയിലെ നിയമവിദ്യാര്‍ത്ഥിനിയാണ്. ജീവിതം പലപ്പോഴും നമുക്ക് മുന്നില്‍ ചില സമസ്യകള്‍ ഒരുക്കിയേക്കാം. പക്ഷേ, കഠിനാധ്വാനവും ആത്മവിശ്വാസവും ആ സമസ്യകള്‍ക്കൊരു താക്കോല്‍ നമുക്ക് സമ്മാനിക്കുക തന്നെ ചെയ്യും. കാരണം വിജയം ആരുടേയും ജന്മാവകാശമല്ല..