ആ ഗുരുവിന് അദ്ദേഹത്തിന്റെ ഒരു ശിഷ്യന്‍ മനോഹരമായ ഒരു ചില്ലുപ്രതിമ സമ്മാനമായി നല്‍കി

Arivarang malayalam story, അറിവരങ്ങ് മലയാളം കഥ


ആ ഗുരുവിന് അദ്ദേഹത്തിന്റെ ഒരു ശിഷ്യന്‍ മനോഹരമായ ഒരു ചില്ലുപ്രതിമ സമ്മാനമായി നല്‍കി. ആ പ്രതിമയില്‍ നോക്കിയാല്‍ ചിലപ്പോല്‍ മഴവില്ലുകാണാം. അദ്ദേഹം തന്നെ കാണാന്‍ വരുന്ന സന്ദര്‍ശകരെയെല്ലാം ആ പ്രതിമ കാണിക്കുമായിരുന്നു. ഒരിക്കല്‍ ഒരു സന്ദര്‍ശകന്റെ കയ്യില്‍നിന്നും ആ പ്രതിമ വീണുപോട്ടി. എല്ലാവരും ഗുരുവിന്റെ പ്രതികരണമോര്‍ത്ത് സ്തബ്ധരായി നിന്നു. പക്ഷേ, ഗുരു പുഞ്ചിരിച്ചുകൊണ്ട് ആ പൊട്ടിയ പ്രതിമയെ തൂത്ത് വൃത്തിയാക്കി. എല്ലാം പ്രതികൂലമാകുമ്പോള്‍ ഒരാള്‍ എങ്ങിനെ പ്രതികരിക്കുന്നു എന്നതാണ് സമചിത്തതയുടെ അളവുകോല്‍. ആഗ്രഹിക്കുന്നതെല്ലാം നടക്കുമ്പോഴും നമ്മളില്‍ അനുഗ്രഹങ്ങള്‍ വര്‍ഷിക്കുമ്പോഴും ആര്‍ക്കും ശാന്തരാകാനും ആത്മനിര്‍വൃതിയടയാനും സാധിക്കും. സാഹചര്യങ്ങള്‍ക്കനുസരിച്ച് പെരുമാറുന്നവരും സാഹചര്യങ്ങളെ അതിജീവിച്ചുപെരുമാറുന്നവരും ഉണ്ട്. ഓരോ സമയത്തെ സ്ഥിതി വിശേഷങ്ങളെ അനുസരിച്ചായിരിക്കും ആദ്യത്തെ കൂട്ടര്‍ പെരുമാറുന്നത്. അവരെ പുകഴ്ത്തിയാല്‍ അവരും പുകഴ്ത്തും. അവരെ ചീത്തവിളിച്ചാല്‍ അവരും ചീത്തവിളിക്കും. എന്നാല്‍ എല്ലാം മോശമാകുമ്പോഴും സമചിത്തതയോടെ പെരുമാറാന്‍ സാധിക്കുന്നവരാണ് സ്വയം നിയന്ത്രണമുള്ളവര്‍. ഒരാളില്‍ ആകൃഷ്ടനാകും മുമ്പ്, അയാളുടെ മോശം സമയത്തും അയാള്‍ എങ്ങിനെയാണ് മറ്റുള്ളവരോട് പെരുമാറിയിരുന്നത് എന്ന് പരിശോധിക്കാം. അവിടെയും അയാള്‍ പ്രസന്നവദനനും ശാന്തശീലനുമാണെങ്കില്‍ അയാളുടെ കടിഞ്ഞാണ്‍ അയാളുടെ കയ്യിലാണെന്ന് അനുമാനിക്കാം. ഉടമസ്ഥന്റെ ശ്രദ്ധയും കരുതലും വിരുന്നുകാരില്‍ പ്രതീക്ഷിക്കരുത്. ഒരാളുടെ അമൂല്യവസ്തുവില്‍ മറ്റൊരാള്‍ക്ക് കൗതുകവും ആസ്വാദനവും മാത്രമാണ് ഉണ്ടാവുക. മറ്റുള്ളവരുടെ ഇഷ്ടങ്ങളെ അതേ അളവില്‍ ഹൃദയത്തോട് ചേര്‍ക്കാന്‍ കഴിയണമെങ്കില്‍ അയാളേയും അത്രമേല്‍ ഹൃദയത്തോട് ചേര്‍ത്തുവെയ്ക്കാന്‍ നമുക്ക് സാധിക്കണം. അയാളുടെ സന്തോഷത്തില്‍ അയാളേക്കാള്‍ കൂടുതല്‍ സന്തോഷിക്കാന്‍ അവര്‍ക്ക് സാധിക്കും. അവരെയാണ് നമ്മള്‍ പ്രിയപ്പെട്ടവര്‍ എന്ന പേരോട് ചേര്‍ത്ത് വെയ്ക്കേണ്ടത്. പ്രിയപ്പെട്ടവരുടെ ഏതവസ്ഥയില്‍ അവരോടൊപ്പം നില്‍ക്കാനും അത്രമേല്‍ അവരെ ഹൃദയത്തിലേക്ക് ചേര്‍ത്തുവെയ്ക്കാനും നമുക്കും സാധിക്കട്ടെ.



 

Powered by Blogger.