വലിയ കാടിനിടയിലൂടെയാണ് ആ റോഡ് പോയിരുന്നത്. നിറയെ വളവും തിരിവുകളും. പെട്ടെന്നാണ് ഒരു വളവ് തിരിഞ്ഞ് ഒരു കാര്‍ അതിവേഗതത്തില്‍ വന്നത്. വളരെ കഷ്ടപ്പെട്ടാണ് അയാള്‍ കാര്‍ വെട്ടിച്ചുമാറ്റി ഓരം ചേര്‍ത്ത് നിര്‍ത്തിയത്. കാറോടിച്ചിരുന്ന സ്ത്രീയാകട്ടെ അയാളെ പന്നിയെന്ന് വിളിച്ചശേഷം കടന്നുകളഞ്ഞു. അയാള്‍ക്ക് വല്ലാതെ ദേഷ്യംവന്നു. ദേഷ്യം കൂടിയതോടെ അയാളുടെ കാറിന്റെ വേഗവും കൂടി. അടുത്തവളവില്‍ എത്തിയപ്പോള്‍ റോഡില്‍ നിറയെ കാട്ടുപന്നിക്കൂട്ടം നില്‍ക്കുന്നു. എന്തുകൊണ്ടാണ് ആ സ്ത്രീ അതിവേഗം വന്നതെന്നും തന്നെ വിളിച്ചതല്ല തന്നോട് പറഞ്ഞതാണെന്നും അയാള്‍ക്ക് മനസ്സിലായത് അപ്പോഴാണ്. പാതി മനസ്സിലാക്കുന്നതാണ് ഒന്നും മനസ്സിലാകാത്തതിനേക്കാള്‍ അപകടകരം. നമ്മള്‍ കേള്‍ക്കുന്നതും കാണുന്നതും ഒന്നും പൂര്‍ണ്ണമല്ല. അതിനുമുമ്പും അതിനു ശേഷവും ഒട്ടേറെ കാര്യങ്ങളുണ്ട്. അവയൊന്നും മനസ്സിലാക്കാന്‍ ശ്രമിക്കാതെ ഞാന്‍ എന്റെ കണ്ണ് കൊണ്ട് കണ്ടതാണ്, കാതുകൊണ്ട് കേട്ടതാണ് എന്ന് പറയുന്നതിലെല്ലാം മുന്‍വിധിയുടെ സൂചനകളുണ്ട്. ഒന്നും അറിയില്ലെങ്കില്‍ ഒന്നില്‍ നിന്നും തുടങ്ങാം. എന്നാല്‍ കുറച്ചൊക്കെ അറിയാം എന്ന് ഭാവിക്കുന്നവര്‍ എവിടെ നിന്നാരംഭിക്കും. ഓരോരുത്തരുടേയും പ്രവൃത്തികളുടെ അര്‍ത്ഥമറിയണമെങ്കില്‍ അകലെ നിന്നല്ല അടുത്ത് ചെന്ന് എന്താണെന്ന് അന്വേഷിച്ചുമനസ്സിലാക്കുക തന്നെ വേണം. അറിവ് ഒരിക്കലും പൂര്‍ണ്ണമല്ല. വിധിന്യായങ്ങള്‍ പുറപ്പെടുവിക്കുന്നതിനും പ്രതികരണം തീരുമാനിക്കുന്നതിനും മുമ്പ് സത്യം എന്താണെന്ന് അറിയാനുള്ള ഉത്തരവാദിത്വം നാം കാണിക്കുക തന്നെ വേണം.