മികവിലേക്കെത്താന്‍ ആഗ്രഹിക്കുന്നവര്‍ സഞ്ചരിക്കേണ്ട ചില വഴികളുണ്ട്
ആ കൊട്ടാരത്തിന്റെ മധ്യത്തില്‍ ഒരു മാര്‍ബിള്‍ പ്രതിമയുണ്ട്. ലോകത്തിന്റെ നാനാഭാഗത്തുനിന്നുള്ളവര്‍ പ്രതിമ കാണാനെത്തിയിരുന്നു. ആ പ്രതിമയിലേക്കുള്ള നടപ്പാതയും മാര്‍ബിള്‍ കൊണ്ടാണ്. ഒരു ദിവസം നടപ്പാതയിലെ മാര്‍ബിള്‍ പ്രതിമയോട് ചോദിച്ചു: ഇതെന്തു ന്യായം? നമ്മള്‍ രണ്ടുപേരും മാര്‍ബിള്‍ തന്നെ. പക്ഷേ, നിന്നെയാണ് ആളുകള്‍ കാണാന്‍ വരുന്നതും, ബഹുമാനിക്കുന്നതും. അപ്പോള്‍ പ്രതിമ പറഞ്ഞു: നമ്മള്‍ രണ്ടുപേരും വന്നത് ഒരേ സ്ഥലത്തു നിന്നാണ്. നിന്നെയാണ് ശില്പി ആദ്യം തിരഞ്ഞെടുത്തതും. ശില്‍പിയുടെ ഉളികൊണ്ടുള്ള പ്രഹരമേറ്റപ്പോള്‍ എതിര്‍ത്തുമാറിയതുകൊണ്ടല്ലേ അദ്ദേഹം എന്നെ എടുത്തത്. നിര്‍മ്മാണഘട്ടത്തിലെ വേദന മുഴുവന്‍ സഹിച്ചു ഞാന്‍ ശില്‍പമായി. വഴങ്ങാതിരുന്നതുകൊണ്ട് നീ നടപ്പാതയിലും കിടക്കുന്നു. ഉരുകാതെ ആരും ഉദിച്ചുകയറില്ല. കൊളുത്തപ്പെടുന്ന ഓരോ തിരിനാളവും ആദ്യമൊന്നു പതുങ്ങും. ശരീരം ഉരുകിത്തുടങ്ങുമ്പോള്‍ അതു ജ്വലിച്ചുതുടങ്ങും. തഴച്ചുവളരുന്ന എന്തിന്റെയും മറുവശത്തു ചില നഷ്ടങ്ങള്‍ സംഭവിക്കുന്നുണ്ട്. ഇലപൊഴിയുന്നാണ്ടാകും, ചില്ലകളൊടിയുന്നുണ്ടാകും, വേരുകള്‍ വരളുന്നുണ്ടാകും, അവയെല്ലാം ഒളിപ്പിച്ചുവെച്ചിട്ടാകും ഓരോന്നും തലയെടുപ്പോടെ നില്‍ക്കുന്നത്. മികവിലേക്കെത്താന്‍ ആഗ്രഹിക്കുന്നവര്‍ സഞ്ചരിക്കേണ്ട ചില വഴികളുണ്ട്. ആയിത്തീരേണ്ട അവസ്ഥയെക്കുറിച്ച് അവബോധവും അവിടേക്കെത്താനുള്ള അധ്വാനവും ഉണ്ടാകണം. സ്വയം വളരുന്ന പ്രവര്‍ത്തനങ്ങളിലേര്‍പ്പെടണം. ഓരോ നേട്ടവും ഓരോരുത്തരും നല്‍കിയ സ്വയം ബഹുമാനത്തിനു ലഭിച്ച പ്രതിഫലം കൂടിയാണ്. തീവ്രാഭിലാഷവും നിരന്തരശ്രമവും കാത്ത് സൂക്ഷിക്കുന്നവരെ ഒരു നേട്ടത്തിനും മാറ്റിനിര്‍ത്താനാകില്ല. ഉരുകാതെ ഒന്നും ഉദിച്ചുകയറാറില്ല..