അയാള്‍ക്ക് നാല് ഭാര്യമാരുണ്ടായിരുന്നു. നാലാമത്തെ ഭാര്യയോടാണ് അയാള്‍ക്ക് ഏറ്റവും ഇഷ്ടം. അതിനാല്‍ തന്നെ അവളെ എപ്പോഴും അണിയിച്ചൊരുക്കും. ധാരാളം സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യും. മൂന്നാമത്തെ ഭാര്യ അതിസുന്ദരിയായിരുന്നു. അതുകൊണ്ട് തന്നെ ചടങ്ങുകളിലെല്ലാം അവളെയാണ് കൂടെ കൂട്ടിയിരുന്നത്. രണ്ടാമത്തെ ഭാര്യയായിരുന്നു അയാളുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരി. ഒന്നാമത്തെ ഭാര്യയാണ് വീടു നോക്കി നടത്തിയിരുന്നത്. വ്യാപാരിക്ക് അവളോട് വലിയ താല്‍പര്യമൊന്നും ഉണ്ടായിരുന്നില്ല. ഒരിക്കല്‍ വ്യാപാരിക്ക് ഗുരുതരമായ അസുഖം പിടിപെട്ടു. പകര്‍ച്ചവ്യാധിയായതിനാല്‍ തന്നെ അയാളുടെ അടുത്തേക്ക് വരാന്‍ എല്ലാവരും ഭയപ്പെട്ടു. അയാളെ ശുശ്രൂഷിക്കാന്‍ അയാള്‍ തന്റെ രണ്ടാമത്തെയും മൂന്നമത്തേയും നാലാമത്തേയും ഭാര്യമാരോട് ആവശ്യപ്പെട്ടു. പക്ഷേ, അവര്‍ അയാളെ ഉപേക്ഷിച്ചു പോവുകയാണ് ഉണ്ടായത്. പക്ഷേ, അദ്ദേഹത്തിന്റെ ആദ്യഭാര്യ അയാള്‍ വിളിക്കാതെ തന്നെ അയാളുടെ അടുത്തെത്തി അയാളുടെ ശുശ്രൂഷ ഏറ്റെടുത്തു. ക്ഷീണിച്ചവശയായ അവരെയായിരുന്നു താന്‍ കൂടുതല്‍ കരുതലോടെ സംരക്ഷിക്കേണ്ടിയരുന്നത് എന്ന കുറ്റബോധം അയാളെ അലട്ടി. പിന്നീടുള്ള ജീവിതത്തില്‍ തന്റെ തെറ്റയാള്‍ തിരുത്തി. ആകര്‍ഷണീയതയുളളവരെയാണ് അലങ്കരിക്കേണ്ടതെന്നും അവര്‍ക്കാണ് സ്വാധീനശേഷി കൂടതലെന്നുമുളള തെറ്റിദ്ധാരണ തലമുറകളായി നിലനില്‍ക്കുന്നതാണ്. അലങ്കാരത്തൂണകളായി നിവര്‍ന്നുനില്‍ക്കുന്നതിലല്ല ആവശ്യനേരത്ത് സഹയാത്രികനാകാന്‍ കഴിയുന്നതിലാണ് ബന്ധങ്ങളുടെ മൂല്യം. എന്നുമൊപ്പമുള്ളവരെ വല്ലപ്പോഴുമെങ്കിലും പരിഗണിച്ചാല്‍ അവരുടെ നഷ്ടങ്ങള്‍ കണ്‍മുന്‍പില്‍ കൃത്യമായി തെളിയും. കടമ നിറവേറ്റി മാത്രം നിലനില്‍ക്കുന്ന ബന്ധങ്ങളും കരുതലോടെ കാത്തുസൂക്ഷിക്കുന്ന ബന്ധങ്ങളുമുണ്ട്. തന്റെ കാര്യലാഭത്തിന് വേണ്ടി മാത്രം സംരക്ഷിക്കപ്പെടുന്ന ബന്ധങ്ങളില്‍ ആര്‍ക്കും ആരോടും ഉത്തരവാദിത്വമോ കടപ്പാടോ ഉണ്ടായിരിക്കില്ല. ഒരിക്കലും നഷ്ടമാകില്ലെന്ന് ഉറപ്പുള്ള ചില അപൂര്‍വ്വബന്ധങ്ങളുണ്ടാകണം. ലോകത്തെ മുഴുവന്‍ സ്‌നേഹിക്കുന്നതിനിടയിലും ഹൃദയത്തില്‍ സ്ഥാനം നല്‍കി സ്‌നേഹിക്കുന്ന ഒരാളെയെങ്കിലും നാം കരുതിവെയ്ക്കണം. അര്‍ഹതയില്ലാത്തപ്പോഴും ആരുമില്ലാത്തപ്പോഴും കൂടെ നില്‍ക്കാനുള്ള തീരുമാനമാണ് ബന്ധങ്ങളെ ആഴമുള്ളതാക്കി തീര്‍ക്കുന്നത്. തനിക്കിഷ്ടമുള്ളവരെ സ്‌നേഹിക്കുന്ന തിരക്കിനിടയില്‍ തന്നെ സ്‌നേഹക്കുന്നവരെ നാം കാണാതെ പോകരുത്.