ദേശീയ ഗതാഗത ദിനം (നവംബര്‍ 10)
ഗതാഗത മാർഗങ്ങൾ
-- ഷാക്കിര്‍ തോട്ടിക്കല്‍ --
ഇന്ത്യയുടെ വ്യാവസായിക വളർച്ചയ്ക്ക് വിവിധ ഗതാഗത മാര്‍ഗങ്ങള്‍ സഹായകഘടകങ്ങളായി മാറി. ഗതാഗത മാര്‍ഗങ്ങൾ രാജ്യത്തിന്റെ ജീവനാഡികളായാണ് വിശേഷിപ്പിക്കപ്പെടുന്നത്.
വ്യാവസായിക വളർച്ചയെ കൂടാതെ നഗര വികസനത്തിലും വിവിധ ഗതാഗതമാർഗങ്ങൾ വഹിച്ച പങ്ക് നിർണായകമാണ്. ഗ്രാമപ്രദേശങ്ങളെയും നഗര പ്രദേശങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്നതിനും നഗരവല്‍ക്കരണം ത്വരിതപ്പെടുത്തുന്നതിനും ഗതാഗതമാർഗങ്ങൾ സഹായകമായി. നമ്മുടെ വിവിധ ഗതാഗത മാര്‍ഗങ്ങള്‍ പരിശോധിക്കാം.
റോഡ് ഗതാഗതം
ഇന്ത്യയിലെ വൈവിധ്യമാർന്ന ഭൂപ്രകൃതിക്കനുസരിച്ച് റോഡുകൾ നിർമിക്കാൻ കഴിഞ്ഞത് നമ്മുടെ രാജ്യ പുരോഗതിയെ ഏറെ സഹായിച്ചിട്ടുണ്ട്. ഇന്ത്യയിലെ എല്ലാ ഭൂപ്രദേശങ്ങളെയും റോഡ് ഗതാഗതം മുഖേന ബന്ധിപ്പിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, എന്നിവ തമ്മിൽ ബന്ധപ്പെടുത്തുന്ന റോഡ് ഗതാഗതം ജനജീവിതത്തെ ഏറെ സ്വാധീനിക്കുന്നു.
ലോകത്തിലെ ഏറ്റവും വിപുലമായ റോഡ് ശ്യംഖലയുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. റോഡുകളുടെ നിർമ്മാണത്തിലും വികസനത്തിലും ഭൂപ്രകൃതിയുടെ സ്വാധീനം നിർണ്ണായകമാണ്.
മഹാസമതലം, തീരസമതലം, ഡെക്കാൻ പീഠഭൂമി പ്രദേശം എന്നിവിടങ്ങളിലാണ് റോഡ് ശ്യംഖല കൂടുതലായി കാണപ്പെടുന്നത്. എന്നാൽ ഹിമാലയ പ്രദേശത്തും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും റോഡ് ശൃംഖല താരതമ്യേന കുറവാണ്.
റോഡുകള്‍ സവിശേഷതകൾ
ദേശീയ പാതകള്‍
# സംസ്ഥാനതല സ്ഥാനങ്ങൾ വ്യവസായനഗരങ്ങൾ, വാണിജ്യ നഗരങ്ങൾ എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്നു.
# നിർമ്മാണവും പുനരുദ്ധാരണവും നടത്തുന്നത് കേന്ദ്ര സർക്കാരാണ്.
# രാജ്യത്തെ പ്രധാന റോഡ് ശൃംഖലയാണിത്.
സംസ്ഥാന പാതകള്‍
# സംസ്ഥാനത്തിന്റെ പ്രധാന റോഡ് ശൃംഖല.
# സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു.
# നിർമ്മാണവും പുനരുദ്ധാരണവും നടത്തുന്നത് സംസ്ഥാന സർക്കാരാണ്.
ജില്ലാ റോഡുകള്‍
# ജില്ലയിലെ വിവിധ ഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു
# ജില്ല/ബ്ലോക്ക് പഞ്ചായത്തുകളാണ് നിർമ്മാണവും പുനരുദ്ധാരണവും നടത്തുന്നത്.
ഗ്രാമീണ റോഡുകള്‍
# ടാറു ചെയ്തതും ടാറു ചെയ്യാത്തതുമായ റോഡുകൾ ഉൾപ്പെടുന്നു.
# ഗ്രാമ പഞ്ചായത്തുകളാണ് നിർമ്മാണവും പുനരുദ്ധാര ണവും നടത്തുന്നത്.
സുവർണ ചതുഷ്കോണം (Golden Quadrangle)
ഇന്ത്യയിലെ നാലു മഹാനഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന അതിവേഗ പാതയാണ് (Express High way) സുവർണ ചതുഷ്കോണം എന്നറിയപ്പെടുന്നത്. 5846 കി.മീ. ദൈർഘ്യമുള്ള ഈ പാത മഹാനഗരങ്ങൾ തമ്മിലുള്ള ഗതാഗതസമയം ഗണ്യമായി കുറയ്ക്കുന്നതിന് സഹായകമാണ്. ഈ അതിവേഗപാതയെ കൂടാതെ ശ്രീനഗർ (ജമ്മുകാശ്മീർ) മുതൽ കന്യാകുമാരി (തമിഴ്നാട്) വരെയുള്ള 4076 കി.മീ. ദൈർഘ്യമുള്ള വടക്കു-തെക്ക് ഇടനാഴിയും, സിൽച്ചാർ (ആസ്സാം) മുതൽ പോർബന്ധർ (ഗുജറാത്ത്) വരെയുള്ള 3640 കി. മീ. ദൈർഘ്യമുള്ള കിഴക്കു-പടിഞ്ഞാറ് ഇടനാഴിയും അതിവേഗപാത എന്ന വിഭാഗത്തിൽ ഇന്ത്യാ ഗവൺമെന്റ് വിഭാവനം ചെയ്തിട്ടുണ്ട്.
റെയിൽ ഗതാഗതം
ഏഷ്യയിലെ ഏറ്റവും വലിയ റെയിൽ ശൃംഖലയുള്ള രാജ്യമാണ് ഇന്ത്യ. ദീർഘദൂര യാത്രയ്ക്കും വൻതോതിലുള്ള ചരക്കുനീക്കത്തിനും സൗകര്യപ്രദമായ ഗതാഗത മാർഗ്ഗമാണിത്. ഉത്തരസമതല പ്രദേശം, ഗുജറാത്ത്, തമിഴ്നാട് എന്നിവിടങ്ങളിലാണ് റെയിൽ ശ്യംഖല ഏറ്റവും കൂടുതലുള്ളത്. ഇന്ത്യയുടെ വടക്കു-കിഴക്കൻ സംസ്ഥാ നങ്ങളിൽ റെയിൽ ഗതാഗതം വളരെ കുറവാണ്.
കൊങ്കൺ റെയിൽവെ
1988 ജനുവരി 26-ന് ആണ് കൊങ്കൺ റെയിൽപാതയിലൂടെ ഗതാഗതം ആരംഭിച്ചത്. സ്വാതന്ത്ര്യലബ്ധിക്കു
ശേഷം ഇന്ത്യൻ റെയിൽവെ ഏറ്റെടുത്ത കടുത്ത വെല്ലുവിളിയായിരുന്നു ഈ ദൗത്യം. ഈ റെയിൽപാത 146-ഓളം നദികളും പുഴകളും മുറിച്ചുകടക്കുന്നു. 2000 പാലങ്ങളും 91 തുരങ്ക ങ്ങളും ഈ പാതയിലുണ്ട്. ഇതിലെ ഏറ്റവും വലിയ തുരങ്കത്തിന് 6.5 കിലോമീറ്റർ ദൈർഘ്യ മുണ്ട്. ഇത് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ തുരങ്കമാണ്. മഹാരാഷ്ട്രയിലെ റോഹ മുതൽ കർണാടകത്തിലെ മംഗലാപുരം വരെ 760 കി.മീ. ദൈർഘ്യമുള്ള ഈ റെയിൽപാതയുടെ നിർമ്മാണത്തിന് 3500 കോടിരൂപ വേണ്ടിവന്നു. കൊങ്കണ്‍ റെയിൽ കോർപ്പറേഷനാണ് ഈ പാതയുടെ നിർമ്മാണം നിർവ്വഹിച്ചത്.
ജലഗതാഗതം
റോഡ്-റെയിൽ ഗതാഗതങ്ങളെ അപേക്ഷിച്ച് ജല പാതകളുടെ നിർമ്മാണ-പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കുള്ള ചെലവ് താരതമ്യേന കുറവാണ്. കൂടാതെ വായുമലിനീകരണം, ശബ്ദ മലിനീകരണം എന്നിവയും കുറവാണ്. വൻതോതിലുള്ള ചരക്ക് നീക്കത്തിന് ഈ മാർഗ്ഗമാണ് കൂടുതലായും ഉപയോഗിക്കുന്നത്. നദികൾ, കായലുകൾ, കനാലുകൾ എന്നിവയും 6400-ഓളം കിലോമീറ്റർ ദൈർഘ്യമുള്ള സമുദ്രതീരവും ഇന്ത്യയിലെ ജലഗതാഗത സാധ്യത വർദ്ധിപ്പിക്കുന്നു.
ജലഗതാഗതമാർഗ്ഗങ്ങളെ ഉൾനാടൻ ജലഗതാഗത മെന്നും സമുദ്രജലാഗതാഗതമെന്നും തരംതിരിച്ചിരി ക്കുന്നു. കായൽ, നദി തുടങ്ങിയ ജലാശയങ്ങളിലൂടെയുള്ള ഗതാഗതത്തെയാണ് ഉൾനാടൻ ജലഗതാഗതമെന്ന് അറിയപ്പെടുന്നത്. ഗംഗ-ബ്രഹ്മപുത്ര നദികളും അവ യുടെ പോഷകനദികളും ഗോദാവരി, കൃഷ്ണ നദികൾ, അവയുടെ കനാലുകൾ, ആന്ധ്ര-തമിഴ്നാട് എന്നിവിടങ്ങളിലെ ബക്കിംഗ് ഹാം കനാൽ, ഗോവയിലെ മണഡാവി, സുവാരി നദികൾ, കേരളത്തിലെ കായലുകൾ എന്നിവിടങ്ങളിലാണ് ഇന്ത്യയിലെ ഉൾനാടൻ ജലഗതാഗതം പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത്.
ദേശീയ ജലപാത അതോറിറ്റി പ്രധാന ഉൾനാടൻ ജലപാതകളെ ദേശീയ ജലപാതകളായി പ്രഖ്യാപിച്ചിട്ടുണ്ട്..
ഇന്ത്യയ്ക്ക് നീണ്ട തീരപ്രദേശമാണ് ഉള്ളത് പടിഞ്ഞാറും കിഴക്കുമുള്ള തീരപ്രദേശങ്ങളിൽ സമുദ്രജല ഗതാഗതത്തിന് അനന്ത സാധ്യതകളാണ് ഉള്ളത്. ഈ തീരപ്രദേശത്ത് 12 പ്രധാന തുറമുഖങ്ങളും 185-ഓളം ചെറിയ തുറമുഖങ്ങളും സ്ഥിതി ചെയ്യുന്നു. അന്താരാഷ്ട്ര വാണിജ്യ ഭൂപടത്തിൽ സ്ഥാനം പിടിച്ചിട്ടുള്ള ഈ തുറമുഖങ്ങൾ ഇന്ത്യയുടെ സമ്പദ്ഘടനയിൽ നിർണായക സ്വാധീനം ചെലുത്തുന്നുണ്ട്.
ഇന്ത്യയിലെ പ്രധാന തുറമുഖങ്ങള്‍
കണ്ട്ല - ഗുജറാത്ത്
മുംബെെ - മഹാരാഷ്ട്ര
ജവഹര്‍ലാല്‍ നെഹറു - മഹാരാഷ്ട്ര
മര്‍മഗോവ - ഗോവ
മംഗലാപുരം - കര്‍ണാടക
കൊച്ചി - കേരളം
തൂത്തുക്കുടി - തമിഴ്നാട്
ചെന്നെെ - തമിഴ്നാട്
എന്നൂര്‍ - ആന്ധ്രപ്രദേശ്
പാരദ്വീപ് - ഒറീസ
ഹാല്‍ഡിയ - പശ്ചിമ ബംഗാള്‍
കൊല്‍ക്കത്ത - പശ്ചിമ ബംഗാള്‍
വ്യോമഗതാഗതം
ഏറ്റവും വേഗതയേറിയതും ചെലവേറിയതുമായ ഗതാഗത മാർഗ്ഗമാണ് വ്യോമ ഗതാഗതം. ദുർഘടമായ രൂപാകൃതിയുള്ള പ്രദേശങ്ങളിലോ, റോഡ് റെയിൽ ഗതാഗതമാർഗങ്ങൾ തടസ്സപ്പെട്ട പ്രദേശങ്ങളിലോ എത്തിപ്പെടാൻ ആശ്രയിക്കാവുന്ന ഏക ഗതാഗതമാർഗ്ഗമാണിത്. ആദ്യ കാലങ്ങളിൽ എയർ ഇന്ത്യ, ഇന്ത്യൻ എയർലൈൻസ് എന്നീ പൊതു മേഖല എയർ ലൈനുകളുടെ നിയന്ത്രണത്തിലായിരുന്നു വ്യോമഗതാഗതം. എന്നാൽ ഇന്ന് ധാരാളം സ്വകാര്യ എയർലൈൻ കമ്പനികളും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.ഇന്ത്യയില്‍ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും വിമാനത്താവളങ്ങള്‍ നിലവിലുണ്ടെങ്കിലും അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ താരതമ്യേന കുറവാണ്.
സിയാല്‍
ജനപങ്കാളിത്തത്തോടെ നിര്‍മ്മിച്ച ഇന്ത്യയിലെ ആദ്യത്തെ വിമാനത്താവളമാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം.1999 മെയ് 25 നാണ് ഇത് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തത്.30 ലധികം രാജ്യങ്ങളില്‍ നിന്നുള്ള വിദേശ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 10000 ല്‍ അധികം നിക്ഷേപകരാണ് ഈ വിമാനത്താവളം സാക്ഷാത്ക്കരിക്കുന്നതിന് സഹായമേകിയത്.
ഇന്ത്യയിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍
# രാജീവ്ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം - ഹെെദരാബാദ്
# ലോകപ്രിയ ഗോപിനാഥ് ബർഥോലോയി അന്താരാഷ്ട്ര വിമാനത്താവളം - ഗുവാഹതി
# ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം - ന്യൂ ഡല്‍ഹി
# സര്‍ദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളം - അഹമദാബാദ്
# ബംഗലുരു അന്താരാഷ്ട്ര വിമാനത്താവളം - ബംഗലുരു
# ബജ്പേയ് അന്താരാഷ്ട്ര വിമാനത്താവളം - മംഗലാപുരം
# തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം - തിരുവനന്തപുരം
# നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം - കൊച്ചി
# കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം - കോഴിക്കോട്
# ഛത്രപതി ശിവജി അന്തരാഷ്ട്ര വിമാനത്താവളം - മുംബെെ
# ഡോ.ബാബാ സാഹിബ് അബേദ്കർ അന്താരാഷ്ട്ര വിമാനത്താവളം - നാഗ്പൂര്‍
# പൂനെ അന്താരാഷ്ട്ര വിമാനത്താവളം - പൂനെ
# രാജാ സാൻസി അന്താരാഷ്ട്ര വിമാനത്താവളം - അമൃത്സര്‍
# ചെന്നെെ അന്താരാഷ്ട്ര വിമാനത്താവളം - ചെന്നെെ
# കോയമ്പത്തൂർ അന്താരാഷ്ട്ര വിമാനത്താവളം - കോയമ്പത്തൂര്‍
# മധുരെ അന്താരാഷ്ട്ര വിമാനത്താവളം - മധുരെെ
# തിരുച്ചിറപള്ളി അന്താരാഷ്ട്ര വിമാനത്താവളം - തിരുച്ചിറപ്പള്ളി
# ചൗധരിചരൺസിംഗ് അന്താരാഷ്ട്ര വിമാനത്താവളം - ലക്നൗ
# നേതാജി സുഭാഷ്ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളം - കൊല്‍ക്കത്ത