അവനവനില്ലാതെയാവുന്ന കളിയാണ് സ്നേഹം.
🔅അറിവരങ്ങ് പ്രഭാത ചിന്തകൾ 🔅
രണ്ട് പേരുടെ ജീവിതം , അവരുടേത് മാത്രമായ ഈ ലോകത്ത് നിന്ന് വളരെ പെട്ടെന്നൊരാള്‍ ഇറങ്ങിപ്പോവുകയും മറ്റേയാള്‍ തനിച്ചാവുകയും ചെയ്യുന്ന ആ നിമിഷം. എല്ലാം പറഞ്ഞിരുന്നൊരാള്‍, എല്ലാത്തിനും കൂട്ടു നിന്നൊരാള്‍....അയാളുടെ ഇല്ലായ്മ തന്റെ തന്നെ ഇല്ലാതാവലാണ് എന്ന് തോന്നിയാല്‍ മനുഷ്യനെ കുറ്റം പറയാനൊക്കില്ല.
സ്‌നേഹത്തില്‍ വീഴാന്‍ തയ്യാറാവുന്നവര്‍ ധൈര്യമുള്ളവരാണ്. നമ്മെ മുറിവേല്‍പ്പിക്കാനുള്ള വാള്‍ കൂടിയാണ് നാം മറ്റൊരാള്‍ക്ക് നല്‍കുന്നത്.
🔅 ഒരാള്‍ സമാധാനം അന്വേഷിച്ച് ലോകം മുഴുവനും അലഞ്ഞു. ചുറ്റുമുള്ള മനുഷ്യരില്‍ നിന്നുമേറ്റ മുറിവില്‍ നിന്നും ചോരയൊഴുക്കിക്കൊണ്ട്. ഓരോ കാലടി വക്കുമ്പോഴും പൊള്ളിക്കൊണ്ട്. പക്ഷേ, എവിടെ നിന്നും അയാള്‍ക്ക് സമാധാനം ലഭിച്ചേയില്ല. അലഞ്ഞലഞ്ഞ് അയാള്‍ മടുത്തു.
ഒടുക്കം ഒരിടത്ത് വച്ച് അയാള്‍ തന്റെയുള്ളിലേക്ക് നോക്കി. തന്റെ ശരീരത്തിലെ ഓരോ അണുവും അയാള്‍ തൊട്ടറിഞ്ഞു. അതിലെ, ആനന്ദങ്ങള്‍, വേദനകള്‍... പിന്നീടയാള്‍ മനസ്സിലേക്ക് നോക്കി. അവിടെ അതു വരെ സ്പര്‍ശിക്കാതെ കിടന്ന ഒരേയൊരു രൂപം തന്റേതു തന്നെ ആയിരുന്നു. അയാളതിനെ സ്‌നേഹിക്കാന്‍ ശ്രമിച്ചു, എളുപ്പമായിരുന്നില്ല. അകത്തേക്ക് ഓടിയടുക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം പുറംലോകത്തിന്റെ ചൂട് അയാളെ പൊള്ളിച്ചു കൊണ്ടേയിരുന്നു. തന്നോടു തന്നെയുള്ള വെറുപ്പും ആത്മനിന്ദയും കൊണ്ട് ഉള്ളം കയ്ച്ചു. പക്ഷേ, പതുക്കെ പതുക്കെ അയാള്‍ തന്റെയുള്ളിലെ, താനതു വരെ അപരിചിതത്വം നടിച്ചു നിന്നിരുന്ന തന്നെത്തന്നെ കണ്ടെത്തി, വാരിപ്പുണര്‍ന്നു... തന്നെ സ്‌നേഹിക്കാം എന്നായപ്പോള്‍ അയാള്‍ക്ക് ചുറ്റുമുള്ള ലോകത്തെ സ്‌നേഹിക്കാമെന്നായി.
🔅 ഒരു കൂട്ടുകാരൻ 'സെല്‍ഫ് ഹീലിംഗി'നെ കുറിച്ച് എഴുതിയത് വായിക്കുകയായിരുന്നു. പതിനായിരക്കണക്കിന് കഷ്ണങ്ങളായി പൊട്ടിച്ചിതറിയ തന്നെത്തന്നെ പെറുക്കിയെടുത്ത് കൂട്ടിയോജിപ്പിച്ച് പഴയതു പോലെയാക്കുന്ന ആ പ്രയത്‌നത്തെ കുറിച്ച്. 'പുറത്ത് ഒരു മനുഷ്യനും അറിയണം എന്നില്ല അത്തരം ഘട്ടങ്ങളില്‍ ഒരാള്‍ കടന്നു പോകുന്ന അവസ്ഥകള്‍. മുറിഞ്ഞ്, നൊന്ത്, പഴുത്തു പൊള്ളി അടര്‍ന്ന് തന്നെയാണത് സംഭവിക്കുക' എന്നാണ് അയാൾ എഴുതിയത്. മനുഷ്യന് സ്വയമേ സുഖപ്പെടുത്തേണ്ടി വരുന്നത് അയാള്‍ക്ക് പണമില്ലാതെയാകുമ്പോഴോ, സാമൂഹിക ജീവിതമില്ലാതെയാവുമ്പോഴോ ഒന്നുമായിരിക്കില്ല. മറിച്ച് സ്‌നേഹം നഷ്ടപ്പെടുമ്പോഴോ, ആശ്രയം എന്ന് കരുതിയിരുന്നതെന്തോ നഷ്ടപ്പെടുമ്പോഴോ ആണ്...
🔅 ഒരുദിവസം പുലര്‍ച്ചെ ഒരു കൂട്ടുകാരന്‍ ഇങ്ങനെ മെസേജ് അയച്ചു, 'എനിക്കിത് പറ്റുന്നില്ല. ഈ ജീവിതം എനിക്ക് മടുത്തുപോകുന്നു...' തന്നെത്തന്നെ സ്‌നേഹിക്കാന്‍ കഴിയാതെ പോയ ഒരുവന്റെ വിലാപം മുഴുവനും അതിലുണ്ടായിരുന്നു.അതു വരെ കൂടെയുണ്ടായിരുന്ന് പെട്ടെന്നിറങ്ങിപ്പോയ ഒരാളുടെ വിടവ് അവന്റെ ജീവിതത്തെ വിഷാദത്തിന്റെ നീലക്കടലില്‍ കൊണ്ടു ചെന്ന് ഉപേക്ഷിച്ചിരുന്നു. തന്നെക്കാള്‍ കൂടുതലായി നാം മറ്റൊന്നിനെ സ്‌നേഹിക്കുമ്പോഴുണ്ടാകുന്ന മുറിവാണത്. എന്തൊക്കെ പറഞ്ഞാലും മനുഷ്യനൊരു വികാരജീവി തന്നെ. എന്തുണ്ടായാലും അവന്‍ സ്‌നേഹത്തിന് വേണ്ടി അന്വേഷിച്ചു കൊണ്ടിരിക്കും.
പക്ഷേ, ജീവിതത്തിന് ആരോടും ദയവില്ല. അതറിയിക്കാനായി ഇടയ്ക്കിടക്ക് ജീവിതം തന്നെ നമ്മെ മുറിവേല്‍പ്പിക്കും. അത് അനിവാര്യതയാണ്.
വിവാഹം കഴിഞ്ഞ് നാലാം വര്‍ഷം ഒരപകടത്തില്‍ ഭാര്യ മരിച്ചപ്പോള്‍ അവൻ ഈ ലോകത്തെ നോക്കിയ നോട്ടമുണ്ട്. അതില്‍ നിറയെ ശൂന്യത മാത്രമായിരുന്നു. അതിജീവിക്കാനാവില്ലെന്ന് തോന്നിയ ദിവസങ്ങളെ കുറിച്ച് പിന്നീടവൻ പറഞ്ഞത് അത്ഭുതത്തോടെ കേട്ടിരുന്നിട്ടുണ്ട്. അവരുടേത് മാത്രമായ ലോകത്ത് നിന്ന് വളരെ പെട്ടെന്നൊരാള്‍ ഇറങ്ങിപ്പോവുകയും മറ്റേയാള്‍ തനിച്ചാവുകയും ചെയ്യുന്ന ആ നിമിഷം. എല്ലാം പറഞ്ഞിരുന്നൊരാള്‍, എല്ലാത്തിനും കൂട്ടു നിന്നൊരാള്‍. അയാളുടെ ഇല്ലായ്മ തന്റെ തന്നെ ഇല്ലാതാവലാണ് എന്ന് തോന്നിയാല്‍ മനുഷ്യനെ കുറ്റം പറയാനൊക്കില്ല. കാരണം, നേരത്തെ പറഞ്ഞല്ലോ മനുഷ്യനൊരു വികാരജീവിയാണ്. ഏതായാലും പിന്നീടവൻ തന്റെ ജീവിതം തുന്നിയെടുക്കുന്നത് നേരിട്ട് കണ്ടതാണ്. ഡ്രൈവിംഗ് പഠിച്ചത്, രണ്ടാമതൊരു ബിരുദത്തിന് കൂടി ചേര്‍ന്നത്, വീട് നിറയെ ചെടികൾ നട്ട്. അതേ, മനുഷ്യന് പിന്നെയും വേര് പടര്‍ത്തിയേ മതിയാവൂ.
🔅 'പ്രണയിച്ചു കൊണ്ടിരിക്കവെ നാം രണ്ടും ഒരു കൂട്ടിലായിരുന്നു. പക്ഷേ, അവളുള്ളത് കൊണ്ട് അത് മനോഹരമായിരുന്നു. ഒറ്റക്കായിരിക്കാന്‍ ഞാനൊരുങ്ങും മുമ്പ് തന്നെ അവൾ കൂടിന് പുറത്തേക്ക് പറന്നുപോയി. പക്ഷേ, എന്നെ തുറന്ന് വിടാന്‍ മറന്നിരുന്നു. ആ കൂട് പൊളിച്ച് പുറത്ത് കടക്കേണ്ടത് എന്റെ മാത്രം ആവശ്യമായി' അവൻ സങ്കടങ്ങളുടെ പെരുമഴയായി നിന്ന് പെയ്തു. ഉറക്കമില്ലാത്ത, ഭക്ഷണമില്ലാത്ത നാല് ദിവസങ്ങള്‍ക്കൊടുവില്‍ അവൻ പതിയെ ശ്വാസം വീണ്ടെടുത്ത് തുടങ്ങി. 'അവളെന്റെ ശീലമായിരുന്നു', 'ജീവിതത്തിന്റെ ഉപ്പും ചോറുമായിരുന്നു' എന്നവൻ പതം പറഞ്ഞ് കരയുന്നു. അവൻ നിര്‍ത്താതെ മദ്യപിച്ചു, സിഗരറ്റുകള്‍ വലിച്ചു തള്ളി. അതിലൂടെ നശിപ്പിക്കാന്‍ ശ്രമിച്ചത് അവനവനെ മാത്രമല്ല, അതിനേക്കാളുപരി അവനിൽ നിറഞ്ഞുനിന്നിരുന്ന ഒരാളുടെ ഓര്‍മ്മകളെയാണ്.
🔅 സ്‌നേഹങ്ങള്‍ക്ക് യാതൊരുറപ്പുമില്ല. അത് എപ്പോള്‍ തുടങ്ങുമെന്നോ എങ്ങനെ അവസാനിക്കുമെന്നോ ആര്‍ക്കും പറയാനാവില്ല. ചില സ്‌നേഹങ്ങള്‍ക്ക് കാലം കണക്ക് ചോദിക്കും. അന്ന് ചിലപ്പോള്‍ തന്നെത്തന്നെ ഊറ്റിയെടുത്ത് കൊടുത്താലും പോരാതെ വരും എന്ന് തോന്നും. ചിലപ്പോള്‍ രണ്ടു പേരുടെ സ്‌നേഹത്തിനും രണ്ടു പേരുടെ ആനന്ദത്തിനും ഒടുവില്‍ വേദന ഒരാളുടേത് മാത്രമാവും. 'അവനവനില്ലാതെയാവുന്ന കളിയാണ് സ്നേഹം.
''സ്‌നേഹം എന്തൊരു അപകടം പിടിച്ച വാക്കാണത്. പരോളിലിറങ്ങിയ തടവുപുള്ളിയെപ്പോലെ രാത്രിയുടെ നിശബ്ദതയില്‍ പതുങ്ങിയും ഭയന്നും തീരെ നേര്‍ത്ത നാദത്തില്‍ നിങ്ങളുടെ ജാലകത്തിന് പുറത്ത് അത് ചൂളം കുത്തുന്നുണ്ട്. കേട്ടില്ലെന്ന് നടിച്ച് പുതപ്പിലേക്ക് ചുരുണ്ട് കൂടാം. എന്നാലും ഒരു പ്രശ്‌നമുണ്ട്. അനിശ്ചിതത്വങ്ങളും അപമാനങ്ങളും അപകടങ്ങളും ഇല്ലായെന്ന ഒരൊറ്റ കാരണം കൊണ്ട് മാത്രം ഒരു ജീവിതത്തിന് എന്തെങ്കിലും മേന്മയുണ്ട് എന്ന് കരുതുക വയ്യ. പ്രണയത്തിന്റെ തിരികല്ലില്‍ പൊടിഞ്ഞു പോയ ഒരു സ്ത്രീ നിലവിളിക്കുകയാണ്: കാണേണ്ടിയില്ലായിരുന്നു. കണ്ടില്ലായിരുന്നെങ്കിലോ? ആ മറുചോദ്യത്തിനു മുന്നില്‍ അവള്‍ അടിമുടി വിറച്ചുപോകുന്നു.
🔅 നാം നമുക്ക് നേരം നല്‍കാറില്ല. നമ്മുടെ ആത്മാവിന് കാതു കൊടുക്കാറില്ല, നമ്മുടെ യഥാര്‍ത്ഥ ദാഹങ്ങളെ അറിയാറില്ല. നാം നമ്മെ ഓരോരുത്തര്‍ക്കുമായി കീറിമുറിച്ച് പകുത്ത് കൊടുക്കും. അപ്പോഴാണ് ഉപേക്ഷിക്കപ്പെടലുകളില്‍ നാം അപൂര്‍ണരാവുന്നത്. പക്ഷേ, ഉപേക്ഷിക്കപ്പെടുന്ന മനുഷ്യരും ഭാഗ്യം ചെയ്യുന്നവരാണ്. അവര്‍ക്ക് നഷ്ടപ്പെടാന്‍ രാജ്യങ്ങളില്ല, അതിനെക്കുറിച്ച് ആകുലതകള്‍ വേണ്ട. 'സകല സൗഭാഗ്യ'ങ്ങളും ഉപേക്ഷിച്ചിറങ്ങിപ്പോയ ബുദ്ധനാണ് ലോകത്തോട് സ്‌നേഹത്തെ കുറിച്ചും ത്യാഗങ്ങളെ കുറിച്ചും പറഞ്ഞിട്ടുള്ളത്. മനുഷ്യര്‍ വന്നും പോയുമിരിക്കും. അത് മരണത്തിലൂടെയുള്ള വേര്‍പാടായിരിക്കട്ടെ, മരണം പോലെയുള്ള ഇറങ്ങിപ്പോവലുകളാവട്ടെ, ഒരുമിച്ച് പങ്കിട്ട ആനന്ദങ്ങള്‍ അവിടെത്തന്നെയുണ്ട്. മുറിവുണങ്ങിക്കഴിയുമ്പോള്‍ എടുത്ത് താലോലിക്കാന്‍ പാകത്തിന്.
അതേ നമ്മുടെ സര്‍വ്വനാശം പോലും ഒരു സമ്മാനമാണ്. പരിവര്‍ത്തനത്തിലേക്കുള്ള വഴി ഒരുപക്ഷേ, അത് മാത്രമായിരിക്കാം. മാറ്റം ലോകത്തിന്റെ നിയമമാണ്. ആനന്ദങ്ങള്‍ മാത്രമല്ല നാം ജീവിച്ചിരിക്കുന്നുവെന്ന് ഓര്‍മ്മിപ്പിക്കുന്നത്, വേദനകള്‍ കൂടിയാണ്. 'സെല്‍ഫ് ഹീലിംഗ്' നമ്മുടെ ആത്മാവിന്റെ മുറിവുകളെ സുഖപ്പെടുത്തുന്ന ഒന്നു മാത്രമല്ല, അതു വരെ വെളിപ്പെട്ടിട്ടില്ലാത്ത നമ്മെ നമുക്ക് തന്നെ വെളിപ്പെടുത്തിത്തരുന്ന മായാജാലം കൂടിയാണ്. നമ്മള്‍ നമ്മെ തന്നെ വീണ്ടും സൃഷ്ടിച്ചെടുക്കുകയാണ്. ആ നമുക്ക് ജന്മം നല്‍കുന്നത് നാം തന്നെയാണ്, നമ്മുടെ ചോരയും നീരും കൊടുത്ത്.
സ്‌നേഹത്തിലും ഉപേക്ഷിക്കലുകളിലും ഉപേക്ഷിക്കപ്പെടലുകളിലും ആത്മനിന്ദ തോന്നാറുണ്ട്. എന്നാല്‍, തന്നെത്തന്നെ മറന്ന് മറ്റൊരാളെ സ്‌നേഹിച്ചതിന് പോലും നാം നമ്മോട് തന്നെ പൊറുക്കേണ്ടതുമുണ്ട്. അവരവര്‍ക്ക് തന്നെ മാപ്പ് നല്‍കിയെങ്കില്‍ മാത്രമേ ചുറ്റുമുള്ള മനുഷ്യരോടും നമുക്ക് പൊറുക്കാനാവുകയുള്ളൂ.സ്‌നേഹത്തില്‍ വീഴാന്‍ തയ്യാറാവുന്നവര്‍ ധൈര്യമുള്ളവരാണ്. നമ്മെ മുറിവേല്‍പ്പിക്കാനുള്ള വാള്‍ കൂടിയാണ് നാം മറ്റൊരാള്‍ക്ക് നല്‍കുന്നത്. നമ്മെയില്ലാതെയാക്കാനുള്ള കരുത്ത് അതിനുണ്ടെന്നറിഞ്ഞു കൊണ്ട് തന്നെ, ത്യാഗം കൂടിയാണത്. പക്ഷേ നോക്കൂ, അടിമുടി മുറിഞ്ഞ് ചോര വാര്‍ന്ന് മരിക്കാറായിടത്തു നിന്നും സ്വയം സുഖപ്പെട്ട് വരുന്ന മനുഷ്യരേ, പരിവര്‍ത്തനം ചെയ്യപ്പെട്ട മനുഷ്യരേ നമ്മളെത്ര കരുത്തരാണ്...