അരികുവല്‍ക്കരിക്കപ്പെടുന്നവരെയും കൊഴിഞ്ഞു പോകുന്നവരെയും ചേര്‍ത്ത് പിടിക്കുക
🔅അറിവരങ്ങ് പ്രഭാത ചിന്തകൾ 🔅
എന്തിന്റെ പേരിലായാലും അരികുവല്‍ക്കരിക്കപ്പെടുന്നവരെയും കൊഴിഞ്ഞു പോകുന്നവരെയും ചേര്‍ത്ത് പിടിക്കേണ്ടത് നമ്മുടെ മാനസികപരമായ ഉത്തരവാദിത്തമാണ്.
🔅 പ്രചോദനം മനുഷ്യന് ആവശ്യമാണ്. പലവിധത്തില്‍ പ്രചോദിക്കപ്പെട്ടാണ് നാം മുന്നോട്ട് ഗമിക്കുന്നത്. അടുത്ത കാലത്തായി ഇത്തരം മോട്ടിവേഷന്‍ ക്ലാസ്സുകള്‍ വളരെ കൂടുതലായി സംഘടിപ്പിക്കുകയും ധാരാളം പേര്‍ പങ്കെടുക്കുകയും ചെയ്യുന്നു. ഒരര്‍ഥത്തില്‍ ചിലരെങ്കിലും ഇത്തരം ക്ലാസ് എടുക്കുന്നതിലും അതില്‍ പങ്കെടുക്കുന്നതിലും അഡിക്ട് ആണെന്ന് പോലും തോന്നാറുണ്ട്.
മോട്ടിവേഷന്‍ ക്ലാസുകളില്‍ നിന്നും ഒരു ഉയര്‍ന്ന അവസ്ഥയിലേക്കെത്താനുള്ള പ്രചോദനമുള്‍ക്കൊള്ളുക വഴിയും അനുമോദിക്കപ്പെടുക വഴിയുമെല്ലാം സുഖാവസ്ഥ പ്രദാനം ചെയ്യുന്ന രാസവസ്തുക്കള്‍ ഏറെ ഉല്പാദിപ്പിക്കപ്പെടുമെന്നതിനാല്‍ കുറേ പേര്‍ക്കെങ്കിലും സന്തോഷം ലഭിക്കാറുണ്ട്. അത് പക്ഷേ വളരെ കുറഞ്ഞ സമയത്തേക്ക് മാത്രമേ നിലനില്‍ക്കുകയുള്ളൂവെന്നുള്ളതാണ് സത്യം. പക്ഷേ, അതിന് ഒരു മറുവശമുണ്ട്. അതില്‍ പങ്കെടുക്കുന്നവരുടെ പശ്ചാത്തലമോ മാനസികാവസ്ഥയോ മുഖവിലക്കെടുക്കാതെയുള്ള ഈ പ്രചോദനം അവരില്‍ പിന്നീട് എന്താണ് ബാക്കിയാക്കുന്നത് എന്നത് സുപ്രധാനമാണ്. ഗോള്‍ സെറ്റിംഗും അതിലേക്കുള്ള ഓട്ടവുമായി ജീവിതത്തെ അവതരിപ്പിക്കുമ്പോള്‍ ചെറിയ പ്രതിസന്ധിയെ പോലും മറികടക്കാനാവാതെ പെട്ടെന്ന് നിരാശരാകുന്ന മനുഷ്യരെയാണ് നാം നിര്‍മിച്ചെടുക്കുന്നത്. സക്‌സസ് അഥവാ വിജയത്തെ എത്തിച്ചേരാനുള്ള ഒന്നായി സങ്കല്പിക്കുക വഴി സന്തോഷത്തെയും അതുപോലെ ഓടിപ്പിടിക്കേണ്ട ഒന്നായി മനസ്സിലാക്കപ്പെടുന്നു. ജീവിതത്തിന് അര്‍ഹിക്കാത്ത ഗൗരവമാണ് ഇതുവഴി നാം പകര്‍ന്നു നല്‍കുന്നത്. വലിയ ആഗ്രഹങ്ങള്‍ തിരക്കു പിടിച്ച മനുഷ്യനെ സൃഷ്ടിക്കുന്നു. വേഗത കുറക്കേണ്ട സന്ദര്‍ഭങ്ങള്‍ ഉണ്ടായാല്‍ അവര്‍ അസ്വസ്ഥരാകുന്നു.
🔅 ഇത്തരത്തില്‍ മോട്ടിവേറ്റഡ് ആയവര്‍ പരാജയത്തെ എങ്ങനെ ഏറ്റുവാങ്ങും. അവര്‍ ആത്മഹത്യയല്ലാതെ മറ്റെന്ത് ചെയ്യാന്‍? പറഞ്ഞു വരുന്നത് വീണ്ടും ‘മനുഷ്യന്‍ പ്രതിസന്ധിയിലാണ്’ എന്നു തന്നെയാണ്. ജീവശാസ്ത്രപരമായും മന:ശാസ്ത്രപരമായും അപഗ്രഥനം ചെയ്യുമ്പോള്‍ മുന്നോട്ട് വെക്കാറുള്ളത് പ്രയാസങ്ങളെ സാമൂഹികവത്കരിക്കുക എന്ന പരിഹാരമാര്‍ഗമാണ്.
നാം നിര്‍മിക്കപ്പെട്ടിരിക്കുന്നത് തന്നെ പ്രിയപ്പെട്ടൊരാളിന്റെ സാന്നിധ്യത്തില്‍ സന്തോഷമനുഭവിക്കുന്നവരായിക്കൊണ്ടാണ്. അല്ലെങ്കില്‍ സ്‌നേഹപൂര്‍ണമായ ഇടപെടലുകളിലൂടെ പരസ്പരം സൗഖ്യത്തിലായിരിക്കാന്‍ നമുക്കാവുമെന്നതാണ് നമ്മുടെ സാധ്യത. സുഖാവസ്ഥയുടെ മധുരം തേടിപ്പോകുന്നവരായിക്കൊണ്ടാണ് നമ്മള്‍ രൂപപ്പെട്ടിരിക്കുന്നത്. അത് നമുക്ക് പരസ്പരം നല്‍കാവുന്നതുമാണ്. അപ്പോള്‍ ഏവര്‍ക്കും ആ മധുരം ലഭ്യമാകുന്ന രീതിയില്‍ പെരുമാറുക എന്നുള്ളത് ഒരു പ്രതീക്ഷയാണ്.
പങ്കുവെക്കലുകള്‍ സാധ്യമാകുന്നതിന് ബന്ധങ്ങള്‍ പ്രധാനമാണ്. എങ്കിലും എല്ലാ ബന്ധങ്ങളിലും കൃത്യമായ പങ്കുവെക്കല്‍ സാധ്യമാവുകയില്ല. അല്ലെങ്കില്‍ ‘മനസ്സിലാക്കപ്പെടുക’ എന്നതാണ് ബന്ധങ്ങളുടെ മനോഹാരിത. ഏത് മനുഷ്യനും പ്രയാസമനുഭവിക്കുന്ന നേരത്ത് ആഗ്രഹിക്കുന്നത് ഇതൊന്നാണ്, ‘മനസ്സിലാക്കപ്പെടുക.’ കുടുംബങ്ങള്‍ക്കുള്ളില്‍ മനസ്സിലാക്കലിന് അവസരമുണ്ടാകേണ്ടതുണ്ട്. കുറഞ്ഞ പക്ഷം സൗഹൃദങ്ങളിലെങ്കിലും ഇതിനുള്ള സന്ദര്‍ഭമുണ്ടാകേണ്ടതുണ്ട്. അതിന് നാം സ്വതന്ത്രമായ തിരഞ്ഞെടുപ്പുകള്‍ നടത്തേണ്ടതുണ്ട്.
🔅 തീക്ഷ്ണമായ അനുഭവങ്ങളിലൂടെ കടന്നു പോകുമ്പോള്‍ നാം എഴുതുന്നത് പോലും ഒരു മനസ്സിലാക്കല്‍ ലക്ഷ്യം വെച്ചാണ്. അപ്പുറത്തൊരു വായനക്കാരനെ ലക്ഷ്യമാക്കിയാണ്. സമാന മനോവിചാരങ്ങളുള്ള ഒരു മനുഷ്യനോടുള്ള വിളിച്ചു പറയലുകളാണ് ഓരോരോ എഴുത്തുകളും. ഏതെങ്കിലുമൊരാള്‍ തന്നെ മനസ്സിലാക്കണമെന്ന് തന്നെയാണ് ലക്ഷ്യമാക്കുന്നത്.
പക്ഷെ, കുഞ്ഞുങ്ങള്‍ പങ്കുവെക്കലിന്റെ കാര്യത്തില്‍ വലിയ നിസ്സഹായാവസ്ഥയിലുള്ളവരാണ്. അത്യന്തം ദയനീയാവസ്ഥയില്‍ പിറക്കുന്ന നമ്മുടെ കുഞ്ഞുങ്ങള്‍ ഏറെ കാലം മുതിര്‍ന്നവരുടെ കാരുണ്യത്തില്‍ വളരുന്നവരാണ്. മനസ്സിലാക്കലിനുതകുന്ന ഗൃഹാന്തരീക്ഷവും രക്ഷിതാക്കളുമില്ലെങ്കില്‍ പിന്നെ അത് ലഭ്യമാകുക അവര്‍ക്ക് കഠിനമാണ്. അവരുടെ ഈ അവസ്ഥ പലവിധത്തില്‍ ചൂഷണം ചെയ്യപ്പെടുന്നു. മാനസിക ശാരീരിക പീഡനങ്ങളിലൂടെ കടന്നുപോകുന്ന കുഞ്ഞുങ്ങള്‍ വളരെ പെട്ടെന്ന് തന്നെ ആത്മഹത്യകളിലേക്കെത്താറുമുണ്ട്.
കുട്ടികള്‍ രാഷ്ട്രത്തിന്റെ ഉത്തരവാദിത്തമാണ്. ഭക്ഷണവും വിദ്യാഭ്യാസവും ഉറപ്പുവരുത്തുന്നതിനോടൊപ്പം തന്നെ അവര്‍ക്കു കാര്യങ്ങള്‍ പങ്കുവെക്കാനുതകുന്ന ബന്ധങ്ങളും കൂടി ലഭ്യമാക്കേണ്ടതുണ്ട്. കടുത്ത സംഘര്‍ഷങ്ങളിലൂടെ കടന്നുപോകുന്ന കുഞ്ഞുങ്ങളെ മനസ്സിലാക്കാനുള്ള ധാര്‍മിക ഉത്തരവാദിത്തം അധ്യാപകരില്‍ നിക്ഷിപ്തമാണ്. അവര്‍ കുഞ്ഞുങ്ങളുടെ കേള്‍വിക്കാര്‍ കൂടിയായിരിക്കുക വലിയ ആശ്വാസമായിരിക്കും.
🔅 ബന്ധങ്ങളിലൂടെ മനുഷ്യര്‍ പരസ്പരം പകരുന്ന തലച്ചോറിലെ രാവസ്തുക്കളെ ഹാപ്പി കെമിക്കല്‍സ് എന്നാണ് വിളിക്കുന്നത്. അനുമോദിക്കപ്പെടുമ്പോഴും പ്രണയത്തിലായിരിക്കുമ്പോഴുമെല്ലാം ഡോപമൈന്‍ സുഖാവസ്ഥ പ്രദാനം ചെയ്യുന്നു. സമ്മാനങ്ങള്‍ ഏറ്റുവാങ്ങുമ്പോള്‍ യഥാര്‍ഥത്തില്‍ തലച്ചോറിലെ നാഡീകോശങ്ങള്‍ക്കിടയിലാണ് ആ സമ്മാനമെത്തുന്നത്. അതേ പ്രവര്‍ത്തനം വീണ്ടും വീണ്ടും ചെയ്യാനും അതുവഴി അതിജീവന സാധ്യത വര്‍ധിപ്പിക്കാനുമാണ് രാസ പിന്തുണ.
അനുമോദിക്കപ്പെടുന്നതിലേറെ സംതൃപ്തി അനുമോദിക്കുമ്പോള്‍ നമുക്ക് കൈവരാറുണ്ട്. അവിടെ ഡെറാടോണിനാണ് സുഖാവസ്ഥ പ്രദാനം ചെയ്യുന്നത്. ഡോപമൈന്‍ കുറേക്കൂടി വ്യക്തി കേന്ദ്രീകൃതമെങ്കില്‍ ഡെറാടോണിന്‍ നമ്മെ അറിവും കരുണയുമുള്ള സാമൂഹ്യജീവിയാക്കുന്നു.
എന്നാല്‍ ‘ഓക്‌സിടോസിന്‍’ എന്ന രാസവസ്തു ശാരീരികമായും മാനസികവുമായ അതിന്റെ വിവിധങ്ങളായ റോളുകള്‍ കൊണ്ട് മനുഷ്യന്റെ സാമൂഹിക ജീവിതത്തിനാകെ അടിത്തറ പാകുന്നു. പ്രസവ സമയത്ത് ഗര്‍ഭപാത്ര സങ്കോച വികാസത്തില്‍ പങ്കുവഹിക്കുന്ന ഹോര്‍മാണെന്ന നിലയിലും മുലപ്പാല്‍ ചുരത്തപ്പെടാന്‍ സഹായിക്കുന്ന ഹോര്‍മോണെന്ന നിലയിലും സ്ത്രീശരീര സംബന്ധിയായ ഒന്നായാണ് നാം ഓക്‌സിടോസിനെ മനസ്സിലാക്കുന്നത്. എന്നാല്‍ അമ്മക്കും കുഞ്ഞിനുമിടയില്‍ സ്‌നേഹം ഊട്ടിയുറപ്പിക്കുന്ന ഈ അത്ഭുത രാസവസ്തു മനുഷ്യനിലെ സ്‌നേഹത്തിന്റെ ഉറവിടമെന്ന് അടുത്തിടെ നടന്ന ഗവേഷണങ്ങള്‍ സാക്ഷ്യം വഹിക്കുന്നു.
സ്പര്‍ശം കൊണ്ടും സ്‌നേഹപ്രകടനം കൊണ്ടും ഉത്പാദിപ്പിക്കപ്പെടുന്ന ഓക്‌സിടോസിന്‍ കട്‌ലിംഗ് ഹോര്‍മോണ്‍ (cuddling hormone) എന്നും ലവ് ഹോര്‍മോണ്‍ എന്നും വിശേഷിപ്പിക്കപ്പെടാറുണ്ട്. എന്നാല്‍ മനുഷ്യനെ ഇന്ന് കാണുന്ന സാമൂഹിക ജീവിയായി പരിണമിച്ചെടുക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച ഓക്‌സിടോസിന്‍ മോറല്‍ ഹോര്‍മോണ്‍ എന്നും വിളിക്കപ്പെടുന്നു. അമ്മക്കും കുഞ്ഞിനുമിടയില്‍ ആദ്യ സ്‌നേഹത്തില്‍ തുടങ്ങി പിന്നീട് നമ്മള്‍ പങ്കുവഹിച്ച സ്‌നേഹത്തെയെല്ലാം ചാലിച്ചത് ഈ രാസവസ്തുവായിരുന്നു.
നാം കൂട്ടംകൂടിയതും അനുസരിച്ചതും പെരുമാറ്റങ്ങളെ പരിഷ്‌ക്കരിച്ചതും വിവിധ സംഘങ്ങളായി പിരിഞ്ഞതിനു പിന്നിലുമെല്ലാം ഓക്‌സിടോസിനുണ്ട്. കൂട്ടുകൂടുന്ന ജീവിയായി മനുഷ്യന്‍ സര്‍വതിനെയും പിന്തള്ളിയതിങ്ങനെയായിരുന്നു. നമുക്ക് അതിജയം ബന്ധങ്ങളിലൂടെയാണ് സാധ്യമാവുന്നത്.
🔅 ആത്മഹത്യകള്‍ കുറക്കുന്നതിനായി ഒത്തൊരുമിക്കേണ്ടത് അത്യന്തം മനുഷ്യത്വപരമായ ആവശ്യമാണ്. എന്തിന്റെ പേരിലായാലും അരികുവല്‍ക്കരിക്കപ്പെടുന്നവരെയും കൊഴിഞ്ഞു പോകുന്നവരെയും ചേര്‍ത്ത് പിടിക്കേണ്ടത് നമ്മുടെ മാനസികപരമായ ഉത്തരവാദിത്തമാണ്.
‘പിടിച്ച് നിര്‍ത്താനാ’കാത്ത വിധം നിസ്സഹായാവസ്ഥയിലെത്തുന്നവരെ കണ്ടെത്താനാവണം. അതിലേക്കവരെ നയിച്ച സമ്മര്‍ദങ്ങളെ തിരിച്ചറിഞ്ഞ് പരിഹരിക്കാന്‍ കഴിഞ്ഞു കൊള്ളണമെന്നില്ലെങ്കിലും അവരെ കേള്‍ക്കുകയും ചേര്‍ത്തു പിടിക്കുകയും ചെയ്യും വിധമുള്ള ‘ബന്ധങ്ങള്‍’ മാത്രമാണ് പ്രതീക്ഷ നല്‍കുന്നത്.