മൗത്ത് കാന്‍സര്‍
പുകവലി, ദുര്‍ബലമായ രോഗപ്രതിരോധ സംവിധാനം, അമിത മദ്യപാനം, പാപ്പിലോമ വൈറസ്, ചുണ്ടില്‍ അമിതമായി സൂര്യപ്രകാശമേല്‍ക്കല്‍ ഇതെല്ലാം മൗത്ത് കാന്‍സര്‍ വരാനുള്ള കാരണങ്ങളാണ്. ചുണ്ടുകള്‍, നാക്ക്, വായുടെ മുകള്‍ ഭാഗം, മോണകള്‍, വായുടെ താഴ്ഭാഗം, ഗംസ് ടോണ്‍സിലുകള്‍, ഉമിനീര്‍ ഗ്രന്ഥികള്‍ എന്നിവിടങ്ങളില്‍ മൗത്ത് കാന്‍സര്‍ വരാം. മതിയായ ലക്ഷണങ്ങള്‍ പ്രകടമാക്കാത്തതിനാല്‍ ആദ്യഘട്ടങ്ങളില്‍ രോഗാവസ്ഥ തിരിച്ചറിയുക പ്രയാസമാണ്. രോഗലക്ഷണങ്ങള്‍ തിരിച്ചറിയുക എന്നത് പ്രധാനമാണ്. ലക്ഷണങ്ങള്‍ തിരിച്ചറിയുന്നത് സമയത്ത് ചികിത്സ ലഭ്യമാക്കാന്‍ സഹായിക്കും. പല്ലുകള്‍ക്ക് ഇളക്കം, ചെവി വേദന, വായ വേദന, വിഴുങ്ങാനുള്ള പ്രയാസം, വിഴുങ്ങുമ്പോള്‍ വേദന, വായിലോ ചുണ്ടിലോ ഉണ്ടാകുന്ന വൃണങ്ങള്‍ പെട്ടെന്ന് ഉണങ്ങാതിരിക്കുക ഇതെല്ലാമാണ് മൗത്ത് കാന്‍സറിന്റെ സാധാരണ ലക്ഷണങ്ങള്‍. വായയ്ക്കുള്ളില്‍ ചുവപ്പോ വെള്ളയോ നിറത്തില്‍ കാണപ്പെടുന്ന പാടുകളും രോഗലക്ഷണമാണ്. പലപ്പോഴും ഇത് ശ്രദ്ധിക്കപ്പെടാതെ പോകുന്നു. ഇത് നാവിന്റെ വശങ്ങളിലും വരാം. പതിവായി വായ പരിശോധിക്കുന്നത് ഇത്തരം ലക്ഷണങ്ങളെ തിരിച്ചറിയാന്‍ സഹായിക്കും. മൗത്ത് കാന്‍സറിന്റെ ലക്ഷണങ്ങള്‍ മറ്റു രോഗങ്ങളുടെ ലക്ഷണങ്ങളുമായി കൂടിക്കുഴയാന്‍ സാധ്യതയുണ്ട്. ഒന്നിലധികം ലക്ഷണങ്ങള്‍ ഒരുമിച്ചു പ്രകടമായാല്‍ ദന്ത ഡോക്ടറെ കാണണം. എന്തെങ്കിലും ഇന്‍ഫെക്ഷന്‍ മൂലം ഈ ലക്ഷണങ്ങള്‍ ചിലപ്പോള്‍ അധികരിക്കാം. മൂന്നാഴ്ചയിലധികം ലക്ഷണങ്ങള്‍ നീണ്ടു നിന്നാല്‍ ദന്ത ഡോക്ടറുടെ അടുത്തെത്തി പരിശോധിക്കണം. നിങ്ങള്‍ മദ്യപാനിയോ പുകവലിക്കുന്ന ആളോ ആണെങ്കില്‍ പ്രത്യേകിച്ചും. കാരണം പുകവലിക്കാര്‍ക്ക് മൗത്ത് കാന്‍സര്‍ വരാനുള്ള സാധ്യത രണ്ടര ഇരട്ടിയാണ്.