അന്നവിടെ ഒരു ചിത്രരചനാ മത്സരം നടക്കുകയാണ്
അന്നവിടെ ഒരു ചിത്രരചനാ മത്സരം നടക്കുകയാണ്. സമാധാനം എന്നതാണ് രചനാവിഷയം. അവസാന റൗണ്ടില്‍ രണ്ട് ചിത്രങ്ങളാണ് വന്നത്. ചിന്താകുഴപ്പത്തിലായ വിധികര്‍ത്താക്കള്‍ പ്രശസ്തനായ ഒരു ചിത്രകാരനെ ഈ ചിത്രങ്ങള്‍ ഏല്‍പിച്ചു. മനോഹരമായ തടാകവും പച്ചപ്പുല്‍മേടുകളും മലനിരകളും നിറഞ്ഞ ശാന്തമായ സ്ഥലമായിരുന്നു ആദ്യ ചിത്രം. രണ്ടാം ചിത്രത്തിലാകട്ടെ, പാറക്കെട്ടുകളും, വെള്ളച്ചാട്ടവും മൃഗങ്ങളും മറ്റു ജീവജാലങ്ങളുമെല്ലാമുണ്ട്. പാറക്കെട്ടിലേക്ക് സൂക്ഷിച്ചുനോക്കിയാല്‍ അതിന്റെ വിടവിലെ ചെറിയ കൂട്ടില്‍ ഒരു തള്ളപക്ഷി മുട്ടയിട്ട് സ്വസ്ഥമായി അടയിരിക്കുന്നതും കാണാം. ചിത്രകാരന്‍ രണ്ടാമത്തെ ചിത്രത്തിന് സമ്മാനം നല്‍കാന്‍ തീരുമാനിച്ചു. അദ്ദേഹം വിധികര്‍ത്താക്കളോട് പറഞ്ഞു: 'ബഹളങ്ങള്‍ക്കിടയിലും ശാന്തമാകാന്‍ കഴിയുന്നതാണ് യഥാര്‍ത്ഥ സമാധാനം'. സമാധാനം തേടുന്നവര്‍ രണ്ടുതരത്തിലാണ് ഉള്ളത്. ശാന്തതയുള്ള ഒരു സ്ഥലം തേടി അലയുന്നവരും, ആയിരിക്കുന്ന സ്ഥലത്ത് സ്വയം ശാന്തരാകുന്നവരും. സുന്ദരമായ പ്രകൃതിക്കും അന്തരീക്ഷത്തിനും മനസ്സിനെ ശാന്തമാക്കാന്‍ കഴിയും. പക്ഷേ, ആത്മനിയന്ത്രണമില്ലാത്തവര്‍ക്ക് ഇവിടെ താല്‍ക്കാലികമായി ലഭിക്കുന്ന സമാധാന ഇടവേളകള്‍മാത്രമായിരിക്കും അത്. ഒരാള്‍ക്കുവേണ്ടിയും സമാധാനദൂതന്‍ പ്രത്യക്ഷപ്പെടില്ല. സമാധാനം സ്വയം സൃഷ്ടിക്കുകയാണ് വേണ്ടത്. സ്വയം നിയന്ത്രണമാണ് സമാധാനത്തിലേക്കുള്ളവഴി. എല്ലാ ബഹളങ്ങളിലേക്കും എത്തിനോക്കേണ്ട ആവശ്യമില്ല, തനിക്ക് അസൗകര്യമാണെന്നു കരുതുന്നവയെയെല്ലാം ഉന്മൂലനം ചെയ്യണമെന്ന് വാശിപിടിക്കേണ്ടതില്ല, ഒന്നിന്റേയും പരിപൂര്‍ണ്ണതയ്ക്ക് വേണ്ടി നിര്‍ബന്ധം പിടിക്കേണ്ട, മറ്റുള്ളവര്‍ എന്ത് കരുതുമെന്ന് വിചാരിക്കേണ്ട, മറ്റാരെപ്പോലെയും ആയിത്തീരാന്‍ ശ്രമിക്കുകയും വേണ്ട. ഓരോ ജീവിതവും വ്യത്യസ്തമാണ്. അതുപോലെ തന്നെ സമാധാനത്തിന്റെ നിര്‍വ്വചനങ്ങളും ഓരോരുത്തര്‍ക്കും ഓരോന്നാണ്. ചിലര്‍ക്ക് വിശ്രമിക്കുമ്പോഴായിരിക്കും സമാധാനം ലഭിക്കുക.. ചിലര്‍ക്ക് കര്‍മ്മനിരതരായിരിക്കുമ്പോഴായിരിക്കും സമാധാനം. ചിന്തയിലും പ്രവൃത്തിയിലും നമുക്ക് നന്മയുള്ളവരായിരിമാറാന്‍ ശ്രമിക്കാം. അതുതന്നെയാണ് സമാധാനത്തിലേക്കുള്ള എളുപ്പ വഴി.