ആ കര്‍ഷകദമ്പതികള്‍ വളരെ സ്‌നേഹത്തോടെയാണ് ജീവിച്ചിരുന്നത്
ആ കര്‍ഷകദമ്പതികള്‍ വളരെ സ്‌നേഹത്തോടെയാണ് ജീവിച്ചിരുന്നത്. ഒരിക്കല്‍ അയാളുടെ ഭാര്യക്ക് ഗുരുതരമായ രോഗം പിടിപെട്ടു. ഭാര്യയെ ശുശ്രൂഷിക്കുന്നതിനിടയില്‍ അവര്‍ ഭര്‍ത്താവിനോട് പറഞ്ഞു: അങ്ങയോടൊത്തു ജീവിതം പങ്കിടാന്‍ സാധിച്ചതില്‍ ഞാന്‍ വളരെ ഭാഗ്യവതിയാണ്. എങ്കിലും ഒരു സംശയം എന്റെ മനസ്സില്‍ കിടക്കുന്നുണ്ട്. ഞാന്‍ ചോറു വിളമ്പിതരുമ്പോള്‍ അങ്ങൊരു സൂചിയും ശംഖും അടുത്തുവെയ്ക്കുന്നത് ഞാന്‍ കാണാറുണ്ട്. ഒരിക്കല്‍പോലും അത് ഉപയോഗിക്കുന്നത് ഞാന്‍ കണ്ടിട്ടുമില്ല. അതെന്തിനായിരുന്നു? ഭര്‍ത്താവ് പറഞ്ഞു: നീ ചോറു വിളമ്പുമ്പോള്‍ ഒരു മണിയെങ്കിലും ഇലയില്‍ നിന്നും പുറത്ത് പോയാല്‍ അതു സൂചികൊണ്ടെടുത്ത് ശുംഖിലെ വെള്ളത്തില്‍ കഴുകി വീണ്ടും കഴിക്കുവാന്‍ വേണ്ടിയായിരുന്നു. പക്ഷേ, എനിക്ക് അവ ഒരിക്കലും ഉപയോഗിക്കേണ്ടി വന്നിട്ടില്ല. കരുതലിനോളം വലിയ സ്‌നേഹപ്രകടനം മറ്റെന്താണ്. മനസ്സറിഞ്ഞു പെരുമാറാന്‍ കഴിയുന്നതും മനസ്സറിയുന്നവരുടെ കൂടെ സഞ്ചരിക്കാനാകുന്നതും ജീവിതത്തിനു സംതൃപ്തിയുടേയും സന്തോഷത്തിന്റെയും സമവാക്യങ്ങള്‍ സമ്മാനിക്കും. താന്‍ ശീലിച്ച പൊതുമര്യാദകളും തനിക്കറിയാവുന്ന പൊതുവിജ്ഞാനവും ചേര്‍ത്ത് ആരെയും പരിചരിക്കാന്‍ ആര്‍ക്കും കഴിയും. പക്ഷേ, സന്തതസഹചാരികളുടെ മനസ്സറിയണമെങ്കില്‍ അത്രയും നിരീക്ഷണവും ശ്രദ്ധയും വേണം. ഒരാള്‍ക്ക് എന്തു കൊടുക്കുന്നു എന്നതും എങ്ങനെ കൊടുക്കുന്നു എന്നതുമാണ് നല്‍കുന്നതിന്റെ മഹനീയത തീരുമാനിക്കുന്നത്. നല്‍കുന്നവന്റെ ഇഷ്ടം അതാര്‍ക്ക് കൊടുക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. പക്ഷേ, സ്വീകരിക്കുന്നവര്‍ക്ക് ഇഷ്ടമുള്ളത് നല്‍കണമെങ്കില്‍ അവരോടുള്ള സ്‌നേഹം മാത്രം പോരാ, അവരുടെ ഇഷ്ടങ്ങളിലൂടെ കുറച്ച് നേരമെങ്കിലും യാത്രചെയ്ത് പരിചയമുണ്ടാവുക കൂടി വേണം. ഏറ്റവും പ്രിയപ്പെട്ട ബന്ധങ്ങളില്‍, കരുതലിന്റെ നിറവ് കൂടി നല്‍കാന്‍ നമുക്ക് സാധിക്കട്ടെ..