ദേശീയ നിയമ സേവന ദിനം (നവംബര്‍ 09)
ഇന്ത്യയിലെ വിവിധ തരം നിയമങ്ങൾ
-- ഷാക്കിര്‍ തോട്ടിക്കൽ --
ഇന്ത്യയിൽ വിവിധ തരം നിയമങ്ങളുണ്ട്. അവയെ മനസ്സിലാക്കുന്നതിനായി പ്രധാനമായും നാല് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. 'കോമൺ ലോ', 'ക്രിമിനൽ ലോ', 'സിവിൽ ലോ', 'സ്റ്റാറ്റ്യൂട്ടറി ലോ' എന്നിവയാണവ.
.
ഇംഗ്ലണ്ടിൽ നിന്നും ഇന്ത്യയിൽ എത്തിയ 'കോമൺ ലോ' ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയാണ് ഇന്ത്യയിൽ ആദ്യമായി നടപ്പിലാക്കിയത്. ജുഡീഷ്യൽ പ്രെസിഡൻറ്റ് (Judicial precedent) അല്ലെങ്കിൽ കേസ് ലോ എന്നും ഇത് അറിയപ്പെടുന്നു. ജുഡീഷ്യൽ പ്രെസിഡൻറ്റ് എന്നാൽ മുമ്പ് വിധിപറഞ്ഞ സമാന സഹചര്യത്തിലുള്ള കേസുകൾ വിധി പ്രസ്താവിക്കുന്നതിനായി ജഡ്ജിമാർ മാതൃകയാക്കുന്ന പ്രക്രിയയാണ്.
.
ഇന്ത്യൻ പീനൽ കോഡ് 1860, കോഡ് ഓഫ് ക്രിമിനൽ പ്രൊസീജിയർ 1973, ഇന്ത്യൻ എവിഡൻസ് ആക്റ്റ് 1872 എന്നിവയെ അടിസ്ഥാനമാക്കിയാണ് ഇന്ത്യൻ ക്രിമിനൽ ലോ കൈകാര്യം ചെയ്യുന്നത്. ഇന്ത്യൻ പീനൽ കോഡ് നിർവചിക്കുന്ന അടിസ്ഥാന കുറ്റകൃത്യങ്ങളും ശിക്ഷകളും ഇന്ത്യയിൽ താമസിക്കുന്ന വിദേശികൾക്കും ഇന്ത്യൻ പൗരന്മാർക്കും ബാധകമാണ്. മാത്രമല്ല വിദേശത്ത് ഇന്ത്യൻ പൗരന്മാർ ചെയ്യുന്ന കുറ്റകൃത്യങ്ങളും ഇതിൽ പെടുന്നു. കൊലപാതകം, ആക്രമണം, കവർച്ച, കുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ ശാരീരിക അതിക്രമം തുടങ്ങിയവ ക്രിമിനൽ നിയമത്തിൽ ഉൾപ്പെടുത്താവുന്ന കുറ്റകൃത്യങ്ങളാണ്.
.
കുറ്റകൃത്യങ്ങളല്ലാത്ത പ്രവർത്തനങ്ങളെ കൈകാര്യം ചെയ്യുന്ന സിവിൽ ലോ സിവിൽ കോടതികൾ കൈകാര്യം ചെയ്യുന്നു. സിവിൽ കേസുകൾ ഫയൽ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ സിവിൽ പ്രൊസീജ്യർ കോഡ് (സി.പി.സി) പ്രതിപാദിക്കുന്നു. ഒരു സിവിൽ കേസിന്റെ നടപടികൾക്കായുള്ള നിർദ്ദിഷ്ട നിയമങ്ങൾ, അപ്പീൽസ് റിവ്യൂ റഫറൻസ് തുടങ്ങിയ അവകാശങ്ങൾ എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു. സിവിൽ നിയമത്തെ 'ലോ ഓഫ് ടോർട്', 'കോൺട്രാക്ട് ലോ', 'ഫാമിലി ലോ', 'പ്രോപ്പർട്ടി ലോ' എന്നിങ്ങനെ വിഭജിക്കാം. .
ലെജിസ്ലേറ്റീവ് ലോ എന്നും അറിയപ്പെടുന്ന സ്റ്റാറ്റ്യൂട്ടറി ലോ ദേശീയ, സംസ്ഥാന നിയമസഭ അല്ലെങ്കിൽ പ്രാദേശിക മുനിസിപ്പാലിറ്റികൾക്ക് നിർണ്ണയിക്കാൻ കഴിയും. നിയമ ക്രമീകരണത്തിലൂടെയാണ് സ്റ്റാറ്റ്യൂട്ടറി നിയമം നിലവിൽ വരുന്നത്. നിയമസഭയിൽ നിർദ്ദേശിക്കപ്പെടുന്ന ഒരു ബിൽ വോട്ടുചെയ്ത് അംഗീകരിക്കപ്പെട്ടാൽ, അത് എക്സിക്യൂട്ടീവ് അതോറിറ്റിക്ക് (ഗവർണർ/പ്രസിഡന്റ്) കൈമാറും. എക്സിക്യൂട്ടീവ് ബില്ലിൽ ഒപ്പിടുകയാണെങ്കിൽ, അത് ഒരു ചട്ടമായി മാറുന്നു.