ലോക ഹൃദയ ദിനം (സെപ്തംബര്‍ 29)
ഹൃദ്രോഗത്തെ സൂക്ഷിക്കാം
ഷാക്കിർ തോട്ടിക്കൽ
നമ്മുടെ ഹൃദയം എത്രത്തോളം ശക്തമാണ് അത്രത്തോളം മൃദുലവുമാണ്. ഒരു മുഷ്ടിയോളം വലിപ്പമുള്ള ഈ അവയവം നെഞ്ചിനകത്തെ പെരികാർഡിയം എന്ന ആവരണത്താൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ലോകത്താകമാനമുള്ള മരണനിരക്കിൽ 30 ശതമാനവും ഹൃദ്രോഗം മൂലമാണെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഹൃദ്രോഗികളുടെ എണ്ണം ഇന്ത്യയിൽ വർദ്ധിച്ചുവരികയാണ്. അടുത്തകാലത്തായി 40 വയസ്സിൽ താഴെയുള്ള യുവജനങ്ങളിൽ ഹൃദ്രോഗം ക്രമാതീതമായി വർദ്ധിച്ചതായി റിപ്പോർട്ട് ഉണ്ട്. മാനസിക പിരിമുറുക്കം, അലസമായ ജീവിതശൈലി, മാറി വരുന്ന ഭക്ഷണ രീതി, അമിതമായ പുകവലി, എന്നിവയാണ് കാരണമായി പറയുന്നത്.ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ ഹൃദ്രോഗികൾ ഉള്ള രാജ്യങ്ങളിൽ ഒന്നായിത്തീർന്നിരിക്കുന്നുഇന്ത്യ. ജനിതകപരമായി നോക്കുമ്പോൾ യൂറോപ്യന്മാരെ അപേക്ഷിച്ചു ഇന്ത്യക്കാരുടെ ഹൃദയാഘാത സാധ്യത മൂന്നിരട്ടിയാണ്. 1990ൽ ഇന്ത്യയിൽ ഹൃദയാഘാതം മൂലം മരിച്ചത് 25 ലക്ഷം പേരാണ്. ഹൃദ്രോഗത്തിന്‍െറ പ്രഥമ ലക്ഷണം നെഞ്ചുവേദനയാണ്. എന്നാൽ നെഞ്ചുവേദന ഉള്ള എല്ലാവർക്കും ഹൃദ്രോഗം ഉണ്ടാവണമെന്നില്ല. എങ്കിലും നെഞ്ചുവേദന വളരെ ഉത്കണ്ഠ ഉണ്ടാക്കുന്ന ഒന്നാണ്. ഹൃദ്രോഗം കൊണ്ടുള്ള നെഞ്ചുവേദന നെഞ്ചിന്റെ മധ്യഭാഗത്തു നിന്നു തുടങ്ങി ഇരുവശങ്ങളിലേക്കും വ്യാപിക്കുന്നു. തുടർന്ന് തോളുകൾ, കൈകൾ, താടിയെല്ല് , വയറിന്റെ മുകൾ ഭാഗം, നെഞ്ചിലെ പുറംഭാഗം, എന്നിവിടങ്ങളിലേക്കും വേദന വ്യാപിക്കാൻ സാധ്യതയുണ്ട്. രോഗി വ്യായാമത്തിൽ ഏർപ്പെടുകയോ നടക്കുകയോ മറ്റോ ചെയ്യുമ്പോൾ നെഞ്ചുവേദന വരികയും നിൽക്കുകയോ ഇരിക്കുകയോ ചെയ്യുമ്പോൾ രണ്ടു മുതൽ അഞ്ച് മിനിറ്റുകൊണ്ട് മാറുകയും ചെയ്യും. ഹാർട്ട് അറ്റാക്കിനോടനുബന്ധിച്ച് വേദനയോടൊപ്പം വിയർപ്പ്, ഛർദി, തലചുറ്റൽ എന്നിവയും ഉണ്ടായേക്കാം. വേദന പെട്ടന്ന് ശമിക്കാതിരുന്നാൽ വേദനസംഹാരി കുത്തി വെക്കേണ്ടി വരും.
നെഞ്ചുവേദന പലകാരണങ്ങളാലും ഉണ്ടാകാം. ഹൃദയത്തെയും ശ്വാസകോശങ്ങളുടെയും കവചത്തിൽ നീർദോഷം, അന്നനാളത്തിലെയും ആമാശയത്തിലെയും രോഗങ്ങൾ, ഉൽക്കണ്ഠ ഈസ്നോഫീലിയ, മാറിലെ മാംസപേശികളുടെയും സന്ധികളുടെയും ശോഷിപ്പ് എന്നിവയും നെഞ്ച് വേദനയുടെ കാരണങ്ങളാണ്. നെഞ്ചുവേദന ഹൃദ്രോഗം കൊണ്ട് ആണോ എന്ന് അറിയാൻ വിദഗ്ധ പരിശോധന ആവശ്യമാണ്. രക്ത പരിശോധന, നെഞ്ചിന്റെ എക്സ്-റേ, ഇസിജി എന്നിവയിലൂടെ രോഗനിര്‍ണയം നടത്താം. ഹൃദ്രോഗം ഉണ്ടെങ്കിൽ ഇ.സി.ജി യിൽ വ്യത്യാസം കാണിക്കും. എന്നാൽ ചില രോഗികളുടെ ഇ.സി.ജി യിൽ വ്യത്യാസം കാണില്ല. ഒളിഞ്ഞിരിക്കുന്ന ഈ ഹൃദ്രോഗം വെളിപ്പെടുത്താൻ ട്രെഡ്‌മിൻ എക്സർസൈസ് ടെസ്റ്റ് ചെയ്യേണ്ടി വരും. 40 വയസ്സ് കഴിഞ്ഞവർക്ക് നെഞ്ച് വേദന അനുഭവപ്പെട്ടാൽ ആവശ്യമായ പരിശോധനയിലൂടെ ഹൃദ്‌രോഗമില്ല എന്ന് ഉറപ്പ് വരുത്തണം.
മറ്റു പല രോഗങ്ങളും കൊണ്ടുമെന്ന പോലെ ഹൃദയസ്തംഭനം കൊണ്ടും ബോധക്ഷയം സംഭവിക്കാം. ബോധക്ഷയം സാധാരണയായി മസ്തിഷ്‌കത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്ന രോഗാവസ്ഥയാണ്. രക്ത സഞ്ചാരത്തിന് തടസം നേരിടാത്തത് കൊണ്ട് തൽക്ഷണം മരണം സംഭവിക്കുന്നില്ലെന്നു മാത്രം. തലച്ചോറിലെ ആഘാതം നിയന്ത്രണത്തിനുമപ്പുറമാ കുമ്പോഴാണ് മരണം സംഭവിക്കുന്നത്. ബോധക്ഷയം സംഭവിച്ച ഒരു വ്യക്തിക്ക് വൈദ്യ സഹായം ലഭിക്കുന്നത് വരെ എന്തെങ്കിലും പ്രഥമശുശ്രൂഷ നൽകിയാൽ ചിലപ്പോള്‍ ജീവൻ രക്ഷിക്കാൻ കഴിഞ്ഞേക്കും. രോഗി ശ്വാസോച്ഛാസം ചെയ്യുന്നുണ്ടോ എന്ന് ഉറപ്പു വരുത്താൻ നെഞ്ചിന്റെ ചലനവും നാസാദ്വാരങ്ങളിൽ വായു പ്രവാഹവും അതിസൂക്ഷ്മമായി ശ്രദ്ധിക്കണം. ഇതിനായി രോഗിയുടെ തലക്ക് അടിയിൽ ഒന്നും വെക്കാതെ കഴുത്ത് നേരെയാക്കി താടി കഴിയുന്നത്ര പൊക്കിപ്പിടിച്ചു മലർത്തി കിടത്തുക. ശരീരത്തിന്റെ ഈ കിടപ്പ് വായുവിനെ തടസം കൂടാതെ ശ്വാസകോശങ്ങളിലേക്ക് കടക്കാൻ സഹായിക്കുന്നു. ഇനി രോഗിയുടെ ഹൃദയം പ്രവർത്തിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തണം. ഇതിന് ഹൃദയമിടിപ്പ് പരിശോധിക്കേണ്ടതുണ്ട്. കഴുത്തിലെ രക്തകുഴൽ വികസിക്കുകയും സങ്കോചിക്കുകയും ചെയ്യുന്നത് സശ്രദ്ധം പിടിച്ചു നോക്കിയാൽഹൃദയപ്രവർത്തനം നടക്കുന്നുണ്ടോ എന്നറിയാൻ കഴിയും. ശരീരത്തിലെ വലിയ ധമനികൾ പിടിച്ചു നോക്കാൻ പറ്റുന്നിടത്തെല്ലാം ഇപ്രകാരം ചെയ്തു നോക്കാം. പൾസ് കിട്ടുന്നില്ലെങ്കിൽ ഹൃദയസ്തംഭനം ഉണ്ടായെന്നു തീരുമാനിക്കാം. ഹൃദയസ്തംഭനം സ്ഥിരീകരിച്ച ശേഷം താമസംവിനാ പ്രാഥമിക ശുശ്രൂഷ നടപടികൾ ആരംഭിക്കണം. വൈദ്യ സഹായം ലഭിക്കുന്നത് വരെ രോഗിയുടെ മസ്തിഷ്ക്കത്തിലേക്കും ഹൃദയപേശികളിലേക്കും മറ്റു പ്രധാന അവയവങ്ങളിലേക്കുമുള്ള രക്തചംക്രമണം കൃത്യമായി കഴിയുന്നത്ര നിലനിർത്തുക എന്നതാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. ആശുപത്രിയിൽ രോഗിയെ എത്തിക്കുന്നതിനുള്ള ഏർപ്പാടുകളും ഇതിനകം ചെയ്യേണ്ടതാണ്. ആദ്യമായി ചെയ്തു നോക്കേണ്ടത് നെഞ്ചിൽ മുഷ്ടി ചുരുട്ടി ഇടിച്ചു നോക്കുകയാണ് . ഒരു വൈധ്യുതാകാത്തതിന്റെ പ്രതീതി സൃഷ്ടിക്കുക വഴി പതറിയ ഹൃദയസതംഭനം സാധാരണ ഗതിയിലാകാൻ സാധ്യതയുണ്ട്. ഇതുകൊണ്ട് ഫലമില്ലെങ്കിൽ കൃത്രിമ ശ്വാസോച്ഛാസരീതി നമുക്ക് ശ്രമിച്ചു നോക്കാം. ശുശ്രൂഷകൻ രോഗിയുടെ വായയോട് തന്റെ വായ ചേർത്തുപിടിക്കുക. ഇതോടൊപ്പം രോഗിയുടെ മൂക്ക് അടച്ചു പിടിച്ചു ശക്തിപൂർവ്വം രോഗിയിലേക്ക് വായു ഓതുക. ശുശ്രൂഷകന്റെ ഉച്ച്വസവായുവിൽ അടങ്ങിയിരിക്കുന്ന പ്രാണവായു രോഗിക്ക് ഉപകാരപ്രദമായേക്കാം എന്നതാണ് ഈ നടപടിയുടെ പ്രയോജനം.
ഇതോടോല്ൽ രോഗിയുടെ നെഞ്ചിൽ ശുശ്രൂഷകന്റെ ഇരുകൈകളും ഒന്നിന് മുകളിൽ ഒന്നായ് വെച്ച് കൊണ്ട് ശക്തിയിൽ അകത്തേക്ക് തള്ളുക. ഹൃദയത്തെ അമർത്തി രക്തധമനികളിലൂടെ പ്രവഹിക്കുന്നതിന് വഴിയൊരുക്കകയാണ് ഈ നടപടിയുടെ ഉദ്ദേശം. നെഞ്ചിൽ നിന്നും കൈകൾ മാറ്റുമ്പോൾ ഹൃദയ അറകളിൽ രക്തം നിറയുന്നു. നെഞ്ചിൽ വീണ്ടും അമർത്തുമ്പോൾ രക്തം പുറത്തേക്ക് പ്രവഹിക്കുന്നു.ശുശ്രൂഷകൻ രോഗിയുടെ വായയോട് തന്റെ വായ ചേർത്തുപിടിക്കുക. ഇതോടൊപ്പം രോഗിയുടെ മൂക്ക് അടച്ചു പിടിച്ചു ശക്തിപൂർവ്വം രോഗിയിലേക്ക് വായു ഓതുക. ശുശ്രൂഷകന്റെ ഉച്ച്വസവായുവിൽ അടങ്ങിയിരിക്കുന്ന പ്രാണവായു രോഗിക്ക് ഉപകാരപ്രദമായേക്കാം എന്നതാണ് ഈ നടപടിയുടെ പ്രയോജനം.
ഇതോടോപ്പം രോഗിയുടെ നെഞ്ചിൽ ശുശ്രൂഷകന്റെ ഇരുകൈകളും ഒന്നിന് മുകളിൽ ഒന്നായ് വെച്ച് കൊണ്ട് ശക്തിയിൽ അകത്തേക്ക് തള്ളുക. ഹൃദയത്തെ അമർത്തി രക്തധമനികളിലൂടെ പ്രവഹിക്കുന്നതിന് വഴിയൊരുക്കകയാണ് ഈ നടപടിയുടെ ഉദ്ദേശം. നെഞ്ചിൽ നിന്നും കൈകൾ മാറ്റുമ്പോൾ ഹൃദയ അറകളിൽ രക്തം നിറയുന്നു. നെഞ്ചിൽ വീണ്ടും അമർത്തുമ്പോൾ രക്തം പുറത്തേക്ക് പ്രവഹിക്കുന്നു.ഇപ്രകാരം ഹൃദയമെന്ന പമ്പിന്റെ പ്രവർത്തനം കൃത്രിമമായി നടക്കുന്നു.ഇതിന്റെ ഫലമായി പ്രധാന അവയവങ്ങളിൽ എല്ലാം രക്തം ഒഴുകിയെത്തുന്നു. കോശ സമൂഹങ്ങൾ നിർജീവമായി പോകാതിരിക്കാൻ ഇത് സഹായകാരമാണ്. നെഞ്ചിൽ അമർത്തൽ ഒരു മിനുട്ടിൽ 80 തവണയെങ്കിലും ചെയ്യണം. അതായത് കൃത്രിമ ശ്വസോച്ഛാസവും നെഞ്ചിലമർത്തലും ഇടവിട്ട് ചെയ്യണം എന്നാലെ ഉദ്ദേശിച്ചത് പ്രയോജനം ലഭിക്കുകയുള്ളു. ഒരു ശുശ്രൂഷകനെ ഉള്ളുവെങ്കിൽ അയാൾ 15 തവണ തുടർച്ചയായി നെഞ്ചമർത്തുക. പിന്നീട് 2 തവണ കൃത്രിമശ്വാസം നൽകുകയും ചെയ്യുക. ഇത് ആവർത്തിച്ചു കൊണ്ടിരിക്കുക. ശുശ്രൂഷകരായി 2 പേരുണ്ടെങ്കിൽ ആദ്യത്തെ ആൾ 5 തവണ തുടർച്ചയായി നെഞ്ചിൽ അമർത്തുക രണ്ടാമത്തെയാൾ ഒരു തവണ കൃത്രിമ ശ്വാസം നടത്തുക. ഇത് ആവർത്തിച്ചു കൊണ്ടിരിക്കണം. ഓരോ 3 മിനിറ്റ് കൂടുമ്പോഴും രോഗി സ്വന്തം നിലയിൽ ശ്വാസോച്ഛാസം ചെയ്യതു തുടങ്ങുന്നുണ്ടോ എന്നും പൾസ് ഉണ്ടോ എന്നും പരിശോധിച്ചു കൊണ്ടിരിക്കേണ്ടതാണ്. രോഗിയെ ആശുപത്രിയിൽ എത്തിക്കുന്നത് വരെ ഇത് തുടർന്ന് കൊണ്ടിരിക്കണം.
സ്ത്രീകൾക്ക് ഹൃദയാഘാതം ഉണ്ടാകില്ലെന്ന തെറ്റായ ധാരണയുണ്ട്. പുരുഷന്മാരെ മാത്രം അടിസ്ഥാനമാക്കി ഹൃദയസമ്പന്ധമായ പഠനങ്ങൾ നടത്തിയത് ഇത്തരമൊരു അബദ്ധധാരണ ജനങ്ങളിൽ ഉടലെടുത്തത്. ഏറെ ശ്രദ്ധേയമായ ഒരു കാര്യം സ്ത്രീകളുടെ ഹൃദ്രോഗ സാധ്യത പുരുഷന്മാർക്ക് ഉണ്ടാവുന്നതിനേക്കാൾ മാരകമാവാറുണ്ടെന്നതാണ്. ഒരു അറ്റാക്ക് ഉണ്ടായതിനുശേഷം മറ്റൊന്നുണ്ടാകാനുള്ള സാധ്യത പുരുഷൻമാരേക്കാൾ സ്ത്രീകൾക്കാണ് കൂടുതൽ. സ്തനാർബുദം മൂലം ധാരാളം സ്ത്രീകൾ മരണത്തിന് അടിമപ്പെടാറുണ്ടെങ്കിലും ഇതിൽ കൂടുതൽ സ്ത്രീകൾ മരിക്കുന്നത് ഹൃദ്രോഗം മൂലമാണ്. ഹൃദ്രോഗികളായ സ്ത്രീകളിൽ 34 ശതമാനം പേർ പ്രസ്തുതരോഗം കൊണ്ട് മരിക്കുമ്പോൾ മറ്റ് രോഗങ്ങളുടെ ഫലമായി മരിക്കുന്ന നിരക്ക് 29% ആണ്. സ്ത്രീകളിലെ ഹൃദ്രോഗം ഉണ്ടാകുമ്പോൾ ലക്ഷണങ്ങൾ പ്രകടമാക്കാറില്ല. അതുകൊണ്ട് തന്നെ ചികിത്സിക്കാൻ താമസിക്കുന്നു. അത് മരണ വേഗം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. നെഞ്ചുവേദന ഹൃദയാഘാതത്തിന് പ്രധാന ലക്ഷണം ആണല്ലോ. എന്നാൽ സ്ത്രീകളിൽ എപ്പോഴും അനുഭവപ്പെട്ടെന്ന് വരില്ല. നെഞ്ച് വേദനക്ക് പകരം നെഞ്ചെരിച്ചൽ, ശ്വാസതടസ്സം , ഗ്യാസ്ട്രബിൾ, തലകറക്കം, ഏമ്പക്കം, മനംപുരട്ടൽ തുടങ്ങി ചില ലക്ഷണങ്ങളാണ് സ്ത്രീകളില്‍ കാണുക. ഇവയെല്ലാം ഹൃദ്രോഗവുമായി ബന്ധപ്പെട്ടതല്ലെന്നു, കരുതി സാധാരണ വൈദ്യസഹായം തേടാറില്ല. നെഞ്ചു വേദന ഉണ്ടായാൽ പോലും സ്ത്രീകളാണെങ്കിൽ അതിനെ സാരമാക്കാറില്ല. സ്ത്രീകൾ മറ്റൊരു കാര്യത്തിൽ ഭാഗ്യവതികളാണ്. ഹൃദ്രോഗ നിർണ്ണയത്തിന് ഉപയോഗിക്കുന്ന ചില പരിശോധന മാർഗങ്ങൾ അവരുടെ കാര്യത്തിൽ വേണ്ടത്ര ഫലപ്രദമാകുന്നില്ല എന്നാണ്. അഭിപ്രായം ഖണ്ഡിതമായി പറയാൻ പറ്റാത്ത തരത്തിൽ ഇ. സി ജി ടെസ്റ്റിംഗ് ഫലം സ്ത്രീകളിലാണ് കൂടുതൽ കണ്ടുവരുന്നത്.
ആദ്യം അറ്റാക്ക് ഉണ്ടായവരിൽ ഒരു കൊല്ലത്തിനുള്ളിൽ മരിക്കുന്നവരുടെ കണക്കെടുത്താൽ സ്ത്രീകളുടെ മരണസംഖ്യ പുരുഷന്മാരേക്കാൾ 25 ശതമാനം കൂടുതലാണ്. ഹൃദ്രോഗത്തിലേക്കുള്ള രക്തസഞ്ചാരം പുനസ്ഥാപിക്കാനുള്ള വിവിധ ചികിത്സാ മാർഗങ്ങളും സ്ത്രീകളുടെ കാര്യത്തിൽ ഫലപ്രദമാകുന്നില്ല. ബൈപാസ് സർജറിക്ക് വിധേയമാരാകുന്ന സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ അപകട സാധ്യത കൂടുതലാണ്. ഇത്തരം സർജറിക്ക് വിധേയരാകുന്ന സ്ത്രീകളിൽ തുടർന്നുള്ള അതിജീവന സാധ്യതയും പുരുഷന്മാരേക്കാൾ പത്തിരട്ടി കുറവാണ്. സ്ത്രീകളെ ഹൃദ്രോഗത്തിലേക്കു നയിക്കുന്ന റിസ്ക് ഫാക്ടറുകളിൽ ഗർഭനിരോധന ഗുളികകളുടെ ദുർവിനിയോഗം കൂടി ഉൾപ്പെടുന്നു. അതേസമയം ആർത്തവമുള്ള സ്ത്രീകളിൽ കാണുന്ന ഈസ്ട്രജൻ എന്ന ഹോർമോൺ സ്ത്രീകളെ ഹൃദ്രോഗത്തിൽ നിന്നും ഒരു പരിധിവരെ രക്ഷിക്കുന്നു. ഈസ്ട്രോജൻ നല്ല എച്ച്.സി.എൽ കൊളസ്ട്രോളിന്റെ അളവിനെ വർദ്ധിപ്പിക്കുകയും അമിതരക്തസമ്മർദ്ദം ക്രമീകരിക്കുകയും ചെയ്യുന്നു. എന്നാൽ ആർത്തവവിരാമത്തോടെ ഈസ്ട്രോജന്റെ പരിരക്ഷണം നഷ്ടമാവുമ്പോൾ സ്ത്രീകൾ സാവധാനം ഹൃദ്രോഗത്തിലേക്കു വഴുതി വീഴുന്നു. ആർത്തവം നിലച്ച സ്ത്രീകളെ ഹൃദ്രോഗ സാധ്യതയിൽ നിന്ന് പരിരക്ഷിക്കാനുള്ളതാണ് ഹോർമോൺ പുനരുത്ഥാന ചികിത്സ. ആർത്തവം നിലയ്ക്കുന്നതിനുമുമ്പ് സ്ത്രീകളിൽ സ്വാഭാവികമായി ഉത്പാദിപ്പിക്കുന്ന അതെ അളവിലുള്ള ഹോർമോൺ സ്ഥിരമായി സ്ത്രീകൾക്ക് നൽകുക എന്നതാണ് ഈ ചികിത്സയിൽ അടങ്ങിയിട്ടുള്ളത്. ഈസ്ട്രോജൻ തെറാപ്പിയെടുത്ത സ്ത്രീകളിൽ ഹൃദ്രോഗം മൂലമുള്ള മരണ നിരക്ക് 53 ശതമാനം കുറക്കാൻ കഴിഞ്ഞതായി ഒരു പഠനം ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഈസ്ട്രോജന് തെറാപ്പിക്ക് ചില പാർശ്വഫലങ്ങളുണ്ട്. ഈ ചികിത്സയ്ക്ക് വിധേയരായവരിൽ സ്തനാർബുദവും ഗർഭാശയ ക്യാൻസറും ഉണ്ടാകാൻ സാധ്യത കൂടുതലാണ്. അതിനാൽ പാരമ്പര്യമായി ഹൃദ്രോഗസാധ്യതയുള്ളവരും റിസ്ക് ഫാക്ടറുകൾ ഉള്ളവരും ഈസ്ട്രോജൻ ഹോർമോൺ തെറാപ്പി വിദഗ്ധ നിർദ്ദേശപ്രകാരം മാത്രമേ കൈക്കൊള്ളാൻ പാടുള്ളൂ.