ബാലാമണിയമ്മ വിട പറഞ്ഞിട്ട് 17 വര്‍ഷം

Arivarang, Balamaniyamma ബാലാമണിയമ്മ


സെപ്തംബര്‍ 29

ബാലാമണിയമ്മ വിട പറഞ്ഞിട്ട് 17 വര്‍ഷം

സാഹിത്യ തറവാട്ടിലെ അമ്മ

-- ഷാക്കിര്‍ തോട്ടിക്കല്‍ -- 
     
      മലയാള സാഹിത്യ തറവാട്ടിലെ കുടുംബിനിയും അമ്മയും മുത്തശ്ശിയുമൊക്കെയായിരുന്നു ബാലാമണിയമ്മ. സ്ത്രീത്വത്തിന്റെ പൂർണതയായ മാതൃത്വത്തിന്റെ മഹത്വത്തിൽ നിന്ന് കൊണ്ട് ആറ് ദശകം കാവ്യസപര്യയിൽ മുഴുകിയ കവിയായിരുന്നു അവർ. മാതൃത്വത്തിന് മഹനീയ ഭാവങ്ങളും മുത്തശ്ശിയുടെ വാത്സല്യ ഭാവവും ഭാര്യയുടെ ഉത്തരവാദിത്വങ്ങളും അവരുടെ കവിതകളിൽ നിറഞ്ഞുനിൽക്കുന്നു. വിശ്വ മാതൃത്വത്തിന് വിശുദ്ധ ഭാവങ്ങളും ശൈശവത്തിലെ നിഷ്കളങ്കതയും പ്രതിഫലിപ്പിക്കുന്ന കവിതകൾ ഇത്രയേറെ എഴുതിയ മറ്റൊരു കവി നമുക്കില്ല. പുരുഷകേന്ദ്രീകൃതമായ മലയാള കാവ്യലോകത്ത് സ്ത്രീയുടെ അനുഭവ ലോകത്തിന്റെ സങ്കീർണതകളും സ്ത്രീ സമത്വവും ആവിഷ്കരിക്കാൻ ശ്രമിച്ച ആദ്യമലയാള കവിയത്രി ആണ് അവർ. മാതൃത്വം, വാത്സല്യം,ഗാർഹികത,തുടങ്ങിയ സ്ത്രൈണ ഭാവങ്ങൾക്കൊപ്പം ദാർശനികത, പ്രേമം, ഭക്തി എന്നീ ഭാവങ്ങളും ആ കവിതകളിൽ നിറഞ്ഞുനിൽക്കുന്നു.

 ജീവിതപാത:-
 സാഹിത്യ തറവാടായ തൃശ്ശൂർ പുന്നയൂർകുളത്തെ നാലപ്പാട്ട് വീട്ടിൽ 1909 ജൂലൈ 19 നാണ് ബാലാമണിഅമ്മ ജനിച്ചത്. കവിയും വിവർത്തകനുമായ നാലപ്പാട്ട് നാരായണമേനോന്റെ സഹോദരി കൊച്ചുകുട്ടിയമ്മയും ചിറ്റഞ്ഞൂർ കോവിലകത്തെ കുഞ്ഞുണ്ണി രാജയുമാണ് മാതാപിതാക്കൾ. വിദ്യാലയം നാലപ്പാട്ട് തറവാട് തന്നെ. നാലപ്പാട്ട് നാരായണമേനോന്റെ ഗ്രന്ഥശാല ആയിരുന്നു മറ്റൊരു പാഠശാല. മഹാകവി വള്ളത്തോളിന്‍െറ പ്രോത്സാഹനം വളരെ ചെറുപ്പത്തിൽ തന്നെ ബാലാമണിയമ്മയ്ക്ക് ലഭിച്ചു.
വിവാഹവും കുടുംബജീവിതവും

   1928 മാതൃഭൂമി മാനേജിങ് ഡയറക്ടറും മാനേജിങ് എഡിറ്ററുമായിരുന്ന ഗുരുവായൂരിലെ വടക്കേപാട്ട് വീട്ടിൽ മാധവൻനായർ എന്ന വി എം നായരെ വിവാഹം ചെയ്തു. 1977-ലാണ് അദ്ദേഹം അന്തരിക്കുന്നത്. അമ്മാവനായ നാലപ്പാടനെയും ബാലാമണിഅമ്മയുടെ മകൾ മാധവിക്കുട്ടി (കമലാ സുരയ്യ - കമലദാസ്) യെയും മനസ്സിലാക്കാതെ ഒരാൾക്കും മലയാള സാഹിത്യത്തിലൂടെ കടന്നു പോകാനാവില്ല..


 കവിതകളിലെ പ്രമേയങ്ങൾ

         "വിട്ടയക്കുക കൂട്ടിൽ നിന്നെന്നെ, ഞാനൊട്ടുവാനിൽ പറന്നു നടക്കട്ടെ"( വൃദ്ധകന്യക ) എന്ന കവിതയിൽ നിഴലിക്കുന്നത് കവയിത്രിയ്ക്ക് സ്വാതന്ത്ര്യത്തോടുള്ള അഭിവാഞ്ച തന്നെയാണ്. ബാലാമണിഅമ്മയുടെ ശ്രദ്ധേയമായ രചന 1956 ലാണ്.കേരള സംസ്ഥാന രൂപീകരണത്തോടു അനുബന്ധിച്ച് മാതൃഭൂമി പ്രസിദ്ധീകരിച്ച" കേരള സംസ്ഥാന" പതിപ്പിലാണ് "മഴുവിന്റെ കഥ" ആദ്യമായി പ്രസിദ്ധീകരിച്ചത്. സാഹിത്യ തറവാട്ടിലെ മുത്തശ്ശി എന്ന പദപ്രയോഗം ബാലാമണിയമ്മയെ സംബന്ധിച്ചിടത്തോളം തികച്ചും അന്വർത്ഥമാണ്. "നിന്റെ മൃദു കൈകളിലേക്ക് വാരിചിന്താൻ ആവോളം സംബന്ധം" എന്റെ ഹൃദയത്തിലുണ്ടെന്നു അവർ അവകാശപ്പെടുന്നു. മനുഷ്യമനസ്സിലെ അന്ധകാരം അകറ്റാൻ അവന്റെ അകക്കണ്ണ് തുറപ്പിക്കാൻ മാനവരാശിയോടുള്ള ആഹ്വനമാണ് "പാഠശാല"എന്ന കവിതയിൽ തെളിഞ്ഞു കാണുന്നത്. നാലപ്പാടിന്റെ സ്നേഹലാളനയേറ്റ് വളർന്നു വന്ന അവർ അദ്ദേഹത്തിന്റെ വിയോഗം "ലോകാന്തരങ്ങളിൽ" എന്ന കവിതയിൽ ചിത്രീകരിച്ചിട്ടുണ്ട്. ബാലമണിയമ്മയുടെ ഏറെ പ്രസിദ്ധിയാർജ്ജിച്ച കവിതകളിൽ ഒന്നാണ് 'അമ്മ'. ഈശ്വര സാക്ഷാത്കാരത്തിനായുള്ള മാർഗ്ഗങ്ങളിൽ പരമപ്രധാനമായ ഒന്നായാണ് മാതൃത്വത്തെ 'അമ്മ'യിൽ ബലാമണിയമ്മ വരച്ചുകാട്ടുന്നത്. സ്വസന്താനത്തെ ആദ്യമായി സ്പർശിക്കുന്ന സന്ദർഭം ജീവിതത്തിലെ ആത്മീയമായ പരിവർത്തനഘട്ടമായി ബാലാമണിഅമ്മ 'അമ്മ'യിൽ ചിത്രീകരിക്കുന്നു. മനുഷ്യ സമൂഹത്തിന്റെ നിർമ്മത്വവും അക്ഷമയുമാണ് "വലുതാവണം" എന്ന കവിതയിൽ ബാലാമണിഅമ്മ എടുത്തുകാട്ടുന്നത്. മനുഷ്യ ജീവിതത്തിലുടനീളം മൂല്യങ്ങൾ സംരക്ഷിക്കപ്പെടണമെന്നും ധാർമികത പാലിക്കപ്പെടണം എന്നുമുള്ള ഒട്ടനവധി സന്ദർഭങ്ങൾ അവരുടെ കവിതകളിൽ നിഴലിക്കുന്നുണ്ട്. ചെങ്കോൽ, യയാതി,പ്രാർത്ഥനാ എന്നീ കവിതകൾ ഇതിനുദാഹരണങ്ങളാണ്.
       അത്യാവശ്യ പദങ്ങൾ മാത്രമേ ബാലാമണിഅമ്മ ഉപയോഗിക്കാറുള്ളൂ. വർത്തമാനം പറയുമ്പോഴും അങ്ങനെതന്നെ. പറയാറുള്ളത് വളരെ ചുരുക്കി പറയും. നാം വസിക്കുന്ന ഈ പ്രപഞ്ചത്തെയും അതിനുള്ളിലെ നമ്മുടെ സഹജീവികളെയും സ്നേഹിക്കാനുള്ള പ്രേരണ നൽകുകയും പ്രപഞ്ചഗഹനീയയുടെ നേർക്ക് ആശ്ചര്യവും ആദരവും സൃഷ്ടിക്കുകയും ചെയ്യുക എന്നുള്ളതാണ് ഒരു ഉത്തമ കവിയുടെ ധർമ്മം എന്ന് വിശ്വസിച്ചു.കാന്തിയും മൂല്യവുമുള്ള അസംഖ്യ കാവ്യരത്നങ്ങൾ സൃഷ്ട്ടിച്ച കവിയത്രിയാണ് ബാലമാണിയമ്മ..


ബഹുമതികളും പുരസ്കാരങ്ങളും

       കുട്ടികാലം മുതൽക്കേ സാഹിത്യ സപര്യയിൽ മുഴുകിയ ബാലാമണി അമ്മയ്ക്ക് ഒട്ടേറെ ബഹുമതികളും അവാർഡുകളും ലഭിച്ചിട്ടുണ്ട്.1947ൽ കൊച്ചിമഹാരാജാവായിരുന്ന പരീക്ഷിത്ത് തമ്പുരാന്റെ കൈയ്യിൽ നിന്നും ലഭിച്ച തൃപ്പൂണിത്തുറ സംസ്‌കൃതസദസ്സിന്റെ സാഹിത്യനിപുണ എന്ന ബഹുമതിയായിരുന്നു ആദ്യത്തേത്. മുത്തശ്ശി എന്ന കവിതസമാഹാരത്തിന് 1963 ലെ കേരള സാഹിത്യഅക്കാദമിയുടെയും 1965 ൽ കേന്ദ്രസാഹിത്യഅക്കാദമിയുടെയും അവാർഡുകൾ ലഭിച്ചു. കേരളസാഹിത്യഅക്കാദമിയുടെ വിശിഷ്ടാംഗത്വം, സാഹിത്യപ്രവർത്തക സഹകരണസംഘ അവാർഡ്, സാഹിത്യപരിഷത്ത് അവാർഡ്, മുലൂർ അവാർഡ്, ആശാൻ വേൾഡ് പ്രൈസ്, ലളിതാംബിക അന്തർജനം അവാർഡ്, വള്ളത്തോൾ പ്രൈസ്, എഴുത്തച്ഛൻ സമ്മാനം, എൻ.വി കൃഷ്ണവാര്യർ അവാർഡ് എന്നിവയാണ് പിന്നീട് കൈവന്ന ബഹുമതികൾ. ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യപുരസ്‌കരമായ സരസ്വതിസമ്മാൻ 1996 ൽ ബലാമണിയമ്മയ്ക്ക് ലഭിച്ചു. നിവേദ്യം എന്ന കൃതിക്കായിരുന്നു അത്.1987ൽ വിശിഷ്ട സേവനത്തിനുള്ള ഭാരതസർക്കാരിന്റെ പത്മഭൂഷൺ ബഹുമതിയും ലഭിച്ചു.


സാഹിത്യസപര്യ

        അമ്മാവനായ കവി നാലപ്പാട്ട് നാരായണമേനോന്റെയും ഭർത്താവ് വി എം നായരുടെയും ശക്തമായ പിന്തുണയോടെ മലയാളി കവിതാരംഗത്തു ചുവടുറപ്പിച്ച ബാലാമണിയമ്മ ഇരുപ്പത്തൊന്ന് കാവ്യസമാഹാരങ്ങളും ഒരു പ്രബന്ധസമാഹാരവും പ്രസ്സിദ്ധപ്പെടുത്തി. "ആരുടെ കാലിൽത്തറയ്ക്കുന്നമുള്ളുമെ-/ന്നാത്മവിനെ കുത്തിനോവിക്കും/" എന്നും "ഏതന്യജീവിതൻനോവുമെൻ വാഴ്‌വിന്റെ യാതനയാണതു തീർക്കലാണെൻസുഖം...." എന്നും പാടിയ സ്നേഹസ്വരൂപിണിയായ ആ മഹാകവിയത്രിയുടെ ജീവചരിത്രം മറ്റുള്ളവർക്കും തികച്ചും അനുകരണീയമാണ്. തന്റെ ലൗകികമായ അനുഭവങ്ങളും സാന്ദ്രമായ ഏതാനും അനുഭൂതികളുമൊക്കെയാണ് ബാലാമണി അമ്മയുടെ ആദ്യകാല കവിതകളിൽ കാണുന്നത്. പിന്നെപ്പിന്നെ സ്വാതന്ത്ര്യത്തിനുള്ള ആവേശം തെളിഞ്ഞു വന്നു. അവിടെ നിന്ന് മുന്നോട്ടു കടന്ന് അദ്ധ്യാത്മിക സ്പർശമുള്ള ദാർശനിക ഗൗരവം ആ കവിതകൾക്കുണ്ടായി. ആശാൻ, ഉള്ളൂർ, വള്ളത്തോൾ എന്ന മഹാകവിത്രയത്തിന് ശേഷം പ്രത്യക്ഷപ്പെട്ട മലയാളകവികളിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു സ്വരമായിരുന്നു ബാലമാണിയമ്മയുടേത്. കളിക്കോട്ടയുടെ അവതാരികയിൽ കുട്ടികൃഷ്ണമാരാര് അഭിപ്രായപ്പെട്ടിട്ടുള്ളത്. അവരുടെ കൃതികൾക്കും പകരം വയ്ക്കാവുന്ന കൃതികൾ അധികമില്ല എന്നതാണ്..
          19ആം വയസ്സിൽ വിലാപം എന്ന കവിത രചിച്ചത് മുതൽ തുടങ്ങുന്ന ബാലാമണിയമ്മയുടെ കാവ്യജീവിതം 1930 ൽ കൂപ്പുകൈ എന്ന ആദ്യ കവിതസമാഹാരവും പുറത്തിറങ്ങി. മാതൃത്വത്തിന്റെ സ്നേഹവും മഹത്വവും പ്രണയമാധുര്യവും പ്രണയകദനവും പ്രണയോന്മാദവും എല്ലാം പിന്നീട് ഉണ്ടായ അവരുടെ കവിതകൾക്ക് വിഷയമായി. കുടുംബം എന്ന അടിസ്ഥാനശിലയിൽ പണിതുയർത്തപ്പെട്ട വിശ്വമാതൃത്വം എന്ന ആശയമാണ് ബാലമാണിയമ്മയുടെ കവിതയുടെ കാതൽ. ജീവിതമൂല്യങ്ങളെ ഇത്രയധികം നെഞ്ചോട് ചേർത്തു പിടിച്ച ഒരു കവി മലയാളത്തിൽ ഉണ്ടാവില്ല. കുഞ്ഞുമനസ്സുകളിൽ നന്മയുടെ വിത്തുകൾ അമ്മമാർ നട്ടുവളർത്തണമെന്നാണ് കാവ്യ മുത്തശ്ശി ആഗ്രഹിക്കുന്നത്. ദുരിതമനുഭവിക്കുന്ന സഹജീവികളോടുള്ള കാരുണ്യമായിരുന്നു ആ മനസ്സ് നിറയെ. ഒമ്പതാം ക്ലാസ്സിൽ കൂട്ടുകാർക്ക് പഠിക്കാനുള്ള സഹപാഠികൾ എന്ന കവിത നൽകുന്ന ആശയവും ഇത് തന്നെ. തിരുവോണദിവസം ഊണ് കഴിക്കാൻ വരാമെന്നു പറഞ്ഞ സുഹൃത്ത് വരാത്തതിൽ അസ്വസ്ഥനായ ബാലനെ അവതരിപ്പിച്ചു കൊണ്ടാണ് കവിത ആരംഭിക്കുന്നത്. സമയമേറെ വൈകിയിട്ടും വരാമെന്നു പറഞ്ഞ കൂട്ടുകാരൻ വരാത്തതിൽ ദുഖിതനായി വാടിയ മുഖത്തോടെ അവൻ വരാൻ സാധ്യതയുള്ള വഴിയിലേക്ക് നോക്കി ചിന്തിച്ചിരിക്കുന്ന ആ ബാലന്റെ കണ്ണ് തുടച്ചു അമ്മ പറഞ്ഞ വാക്ക് ഇതായിരുന്നു. "വിദ്യാലയത്തിൽ മാത്രമേ പ്രമാണികൾ നമ്മേ പോലുള്ള പാവങ്ങളോട് കൂട്ടുകൂടാറുള്ളു"..
Powered by Blogger.