ദൈവത്തിന് വാസഗൃഹം പണിയാന്‍ ദരിദ്രകര്‍ഷകന് ആഗ്രഹം
താന്‍ ആരാധിക്കുന്ന ദൈവത്തിന് ഒരു വാസഗൃഹം പണിയാന്‍ ഒരു ദരിദ്രകര്‍ഷകന് ആഗ്രഹം. സ്വന്തം വീടുപോലും ഒന്ന് പൊളിച്ചു മേയാന്‍ നിവൃത്തിയില്ലാത്ത ആള്‍ എങ്ങിനെ ദേവാലയം പണിയും? സ്വയം ഈ ചോദ്യം അയാളെ അലട്ടി. അവസാനം മനസ്സില്‍ ഈശ്വരന് ഒരു ആലയം പണിയാന്‍ അയാള്‍ തീരുമാനിച്ചു. ദിവസവും പ്രാര്‍ത്ഥന കഴിഞ്ഞ് അയാള്‍ എല്ലാം മനസ്സില്‍ കാണും. ദേവാലയത്തിനുള്ള സ്ഥലം വാങ്ങുന്നത്, ഭൂമിപൂജ നടത്തുന്നത്, അടിത്തറയും ചുമരുകളും പണിയുന്നത്. ഗോപുരങ്ങള്‍ നിര്‍മ്മിക്കുന്നത്. അങ്ങനെ മാനസമന്ദിരം പൂര്‍ത്തിയായപ്പോള്‍ ഒരു ജ്യോത്സ്യനെകണ്ട് അഭിഷേക സമയവും കുറിപ്പിച്ചു. മറ്റൊരിടത്ത് ഒരു രാജാവും വലിയൊരു ആരാധനാലയം പണിയുന്നുണ്ടായിരുന്നു. അഭിഷേകത്തിനായി രാജാവ് കുറിപ്പിച്ച സമയവും കര്‍ഷകന്‍ കുറിപ്പിച്ച സമയവും ഒന്നുതന്നെയായിരുന്നു. അന്നേദിവസം രാത്രി ദൈവം രാജാവിന്റെ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു പറഞ്ഞു: രാജന്‍ അങ്ങ് നിര്‍മ്മിച്ച ദേവാലയം മനോഹരമാണ്. എന്നാലും എനിക്കാ ചടങ്ങിന് പങ്കെടുക്കാന്‍ ആകില്ല. അതേ ദിവസം അതേ സമയത്ത് എനിക്കൊരു സാധു മനുഷ്യന്റെ ദേവാലയാഭിഷേകമുണ്ട്. എനിക്കതില്‍ പങ്കെടുത്തേ മതിയാകൂ.. മണ്ണില്‍ ദേവാലയം പണിയാന്‍ കല്ലും കോണ്‍ക്രീറ്റും മതി. എന്നാല്‍ മനസ്സില്‍ ദേവാലയം പണിയാന്‍ എളിമയും നിഷ്‌കളങ്കതയും വേണം. ഒരു ധനികന്റെ മണിമാളികയേക്കാള്‍ മതിപ്പ് ദരിദ്രന്റെ കൂരയ്ക്കുണ്ടാകും. ഒഴുക്കിയ വിയര്‍പ്പിലും നിര്‍മ്മാണ ലക്ഷ്യത്തിലുമുള്ള വ്യത്യാസമാണത്. ഉയര്‍ന്നുപൊങ്ങുന്ന സൗധങ്ങളേക്കാള്‍ ഉരുകിത്തീര്‍ന്ന മനസ്സാകും ഈശ്വരന് ഇഷ്ടം. മനസ്സൊരുക്കുന്നതിലും എളുപ്പമാണ് നിലമൊരുക്കാന്‍.. കരിങ്കല്ലുകൊണ്ട് തറയൊരുക്കുന്നതിലും ബുദ്ധിമുട്ടാണ് മനസ്സാക്ഷിയുടെ അടിത്തറ രൂപപ്പെടുത്താന്‍... ചുടുകട്ടകൊണ്ട് ചുമരുയര്‍ത്തുന്നതു പോലെ എളുപ്പമല്ല വിശുദ്ധികൊണ്ട് ചുമര്‍ചിത്രമെഴുതാന്‍.. സഹജീവികളോട് ഒരേ മനസ്സോടെ പെരുമാറാന്‍ നമുക്കും മനസ്സില്‍ ഒരു ദേവാലയം പണിതുയര്‍ത്താം.