അയാള്‍ സന്യാസിയെ കാണാന്‍ എത്തിയിരിക്കുകയാണ്
അയാള്‍ സന്യാസിയെ കാണാന്‍ എത്തിയിരിക്കുകയാണ്. മരിച്ചുപോയ ഭാര്യയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുമോ എന്ന് അയാള്‍ സന്യാസിയോട് അഭ്യര്‍ത്ഥിച്ചു. സന്യാസി സമ്മതിച്ചു. മന്ത്രോച്ചാരണത്തിന് ശേഷം കര്‍ഷകന്‍ അദ്ദേഹത്തോട് ചോദിച്ചു: എന്റെ ഭാര്യക്ക് ഈ പ്രാര്‍ത്ഥനകൊണ്ട് ഫലം ലഭിക്കുമോ? സന്യാസി പറഞ്ഞു: താങ്കളുടെ ഭാര്യക്ക് മാത്രമല്ല, ഈ ലോകത്തിലെ എല്ലാവര്‍ക്കും വേണ്ടിയാണ് ഞാന്‍ പ്രാര്‍ത്ഥിച്ചത്. അങ്ങനെയെങ്കില്‍ എന്റെ ഭാര്യക്ക് കിട്ടുന്ന അനുഗ്രഹം കുറയില്ലേ.. അയാള്‍ക്ക് സംശയമായി. സന്യാസി അയാളെ ഉപദേശിച്ചു. സകല ജീവജാലങ്ങളുടേയും നന്മയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക എന്നതായിരിക്കണം നമ്മുടെ ഉത്തരവാദിത്വം. അപ്പോള്‍ കര്‍ഷകന്‍ പറഞ്ഞു: അത് എനിക്കും ഇഷ്ടമുള്ള കാര്യം തന്നെയാണ്. പക്ഷേ, എനിക്കൊരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത ഒരു അയല്‍വാസിയുണ്ട്. സകല ജീവജാലങ്ങളുടേയും പട്ടികയില്‍ നിന്ന് അയാളെ ഒഴിവാക്കാമോ.. സന്യാസി ഒരു പുഞ്ചിരിയോടെ അയാളുടെ ചുമലില്‍ തട്ടി കടന്നുപോയി.. നമ്മുടെ സ്വാര്‍ത്ഥതകളെ സംരക്ഷിക്കാനുളള ഇടമായി പ്രാര്‍ത്ഥനയെ കാണരുത്. സ്വന്തം സുഖങ്ങളുടെയും സന്തോഷങ്ങളുടെയും സംരക്ഷണത്തിനായി നിര്‍ത്തിയിരിക്കുന്ന ഒരു കാവല്‍ക്കാരനല്ല ഈശ്വരന്‍. എന്തെങ്കിലും നേടുന്നതിനുവേണ്ടിയുള്ള തീവ്രയത്‌നത്തിന്റെ ഭാഗമായല്ലാതെ ഈശ്വരവിചാരത്തില്‍ ഏര്‍പ്പെടുന്നവര്‍ എത്രപേരുണ്ടാകും.. ഒന്നിനും ഒരു കുറവുമില്ലെങ്കില്‍ ഈശ്വരനോടുള്ള സ്തുതിഗീതങ്ങളില്‍ എത്ര പേര്‍ താല്‍പര്യം കാണിക്കും.. ആവശ്യങ്ങളുടെ നീണ്ട നിരയില്ലാതെ ഒന്നിനും വേണ്ടിയല്ലാതെ, ഈശ്വരനില്‍ ലയിക്കുവാന്‍ നമുക്കും സാധിക്കട്ടെ..