ഹെയര്‍ കെയര്‍ ഉപകരണങ്ങള്‍ തിരഞ്ഞെടുക്കുമ്പോൾ
ഷാമ്പൂ, കണ്ടീഷ്ണര്‍, ജെല്‍, ഓയില്‍ എന്നിങ്ങനെ ഏത് തരം ഹെയര്‍ കെയര്‍ ഉത്പന്നമോ ആകട്ടെ, അവയെ സൂക്ഷ്മമായി വേണം തെരഞ്ഞെടുക്കാന്‍. മുന്‍കാലങ്ങളെ അപേക്ഷിച്ച് മുടിയില്‍ ഷാമ്പൂവും കണ്ടീഷ്ണറും ഉപയോഗിക്കുന്നവരുടെ എണ്ണം ഇപ്പോള്‍ കൂടുതലാണ്. എന്നാല്‍ കണ്ടീഷ്ണര്‍ ഉപയോഗിച്ചാല്‍ മുടി കൊഴിച്ചിലുണ്ടാകുമോ എന്ന ഭയവും അത്ര തന്നെ ആളുകളില്‍ കൂടുതലാണ്. കണ്ടീഷ്ണര്‍ ഉപയോഗിക്കുന്നത് ഒരിക്കലും മുടികൊഴിച്ചിലിന് കാരണമാകില്ല. പക്ഷേ അത് ഉപയോഗിക്കേണ്ടുന്ന വിധത്തിലായിരിക്കണം നിര്‍ബന്ധമായും ഉപയോഗിക്കേണ്ടത്. അല്ലാത്ത പക്ഷം മുടിയെ നശിപ്പിക്കാന്‍ ഇടയാക്കാം. മുടിയുടെ താഴേക്കുള്ള മുക്കാല്‍ ഭാഗത്തോളം സ്ഥലത്താണ് കണ്ടീഷ്ണര്‍ ഉപയോഗിക്കേണ്ടത്. മുടി കഴുകുമ്പോള്‍ കണ്ടീഷ്ണര്‍ പൂര്‍ണമായി കഴുകിക്കളയാനും ശ്രദ്ധിക്കുക. കണ്ടീഷ്ണര്‍ ഉപയോഗിക്കുന്നത് മുടിക്ക് പലവിധത്തിലുള്ള ഗുണങ്ങള്‍ നല്‍കും. കെട്ട് കുരുങ്ങാതെ മുടിയെ സൂക്ഷിക്കാന്‍ സഹായിക്കുന്നു. അറ്റം പിളരുന്നത് ഒഴിവാക്കാന്‍ സഹായിക്കുന്നു. മുടി ഡ്രൈ ആകുകയും പൊട്ടുകയും ചെയ്യുന്നത് തടയുന്നു. മുടിക്ക് തിളക്കവും മിനുമിനുപ്പും നല്‍കുന്നു. കണ്ടീഷ്ണര്‍ ഉപയോഗിക്കുമ്പോള്‍ അത് തലയോട്ടിയില്‍ പതിയാതെ വേണം പ്രയോഗിക്കാന്‍. പതിവായി തലയില്‍ കണ്ടീഷ്ണര്‍ വീഴുന്നത് മുടിക്ക് കേടുപാടുകള്‍ ഉണ്ടാക്കിയേക്കാം. അതുപോലെ പൊതുവില്‍ 'സില്‍ക്കി' ആയ മുടിയുള്ളവരാണെങ്കില്‍ കണ്ടീഷ്ണര്‍ ഉപയോഗം പരിമിതപ്പെടുത്തണം. പൊതുവില്‍ തന്നെ കണ്ടീഷ്ണര്‍ ഉപയോഗം അമിതമാകാതെ നോക്കണം.