അന്ന് രാജാവ് നഗ്നപാദനായാണ് നടന്നത്
അന്ന് രാജാവ് നഗ്നപാദനായാണ് നടന്നത്. യാത്രകഴിഞ്ഞെത്തിയപ്പോഴേക്കും രാജാവിന്റെ പാദങ്ങള്‍ പൊള്ളിവീര്‍ത്ത് നീര് വന്നിരുന്നു, രാജാവ് അപ്പോള്‍ ഒരു തീരുമാനമെടുത്തു. രാജ്യപാതകള്‍ മുഴുവനും തുകല്‍ വിരിക്കാം. അപ്പോള്‍ ആരുടേയും കാലുകള്‍ വേദനിക്കില്ല. സഭയില്‍ ഒരാളൊഴികെ എല്ലാവരും രാജാവിന്റെ ഉത്തരവിനെ പിന്താങ്ങി. യുവാവായ മന്ത്രി എഴുന്നേറ്റ് നിന്ന് പറഞ്ഞു: അങ്ങയുടെ ഉദ്ദേശം നല്ലതാണ്. പക്ഷേ, അത് നടപ്പാക്കാന്‍ സ്വീകരിച്ച രീതി അത്ര നല്ലതല്ല എന്നാണ് എന്റെ അഭിപ്രായം. രാജാവിന് അതത്ര ഇഷ്ടപ്പെട്ടില്ല. മന്ത്രി തുടര്‍ന്നു. പാതകള്‍ മുഴുവന്‍ തുകല്‍ വിരിക്കാന്‍ ധാരാളം മൃഗങ്ങളെ കൊല്ലേണ്ടിവരും. അതു രാജ്യത്തെ ബാധിക്കും. അതിലും നല്ലതല്ലേ, എല്ലാ ആളുകള്‍ക്കും പാദരക്ഷകള്‍ നല്‍കുന്നത്. രാജാവ് ആ മറുപടി നന്നേ ബോധിച്ചു. സഭാംഗങ്ങള്‍ ഒറ്റക്കെട്ടായി ആ തീരുമാനത്തെ സ്വീകരിക്കുകയും ചെയ്തു. പ്രായോഗിക ബുദ്ധിയില്ലാത്ത സല്‍ക്കര്‍മ്മങ്ങള്‍ ദുരുദ്ദേശത്തോടെയുള്ള ദുഷ്‌കര്‍മ്മങ്ങളേക്കാള്‍ അപകടകരമാണ്. ഓരോ പ്രവൃത്തിയും വിലയിരുത്തപ്പെടേണ്ടത് അത് ചെയ്യുന്നതിന്റെ ആവശ്യകതയും ചെയ്തതിന് ശേഷമുള്ള പ്രയോജനവും കണക്കിലെടുത്താണ്. ഒരു പ്രശ്‌നം ഉടലെടുക്കുമ്പോഴാണ് അതിനുപരിഹാരമായി മറ്റൊരു പദ്ധതി രൂപം കൊള്ളുന്നത്. അത് പ്രശ്‌നലഘൂകരണത്തിനെങ്കിലും ഉപകരിക്കണം. ഒരു പ്രശ്‌നത്തിനും ശാശ്വതമായ പരിഹാരം കണ്ടെത്താതെ താല്‍കാലിക വിക്രിയകളിലൂടെ ആ പ്രശ്‌നത്തെ എക്കാലവും നിലനിര്‍ത്തുന്ന നേതാക്കന്മാരുണ്ടായാല്‍ ഒരു നാടും വളരില്ല. പ്രശ്‌നപരിഹാരകരുടെ വേഷം എന്നും അണിയുന്നതിനുവേണ്ടി, ഒരു പ്രശ്‌നവും പരിഹരിക്കാതിരിക്കാന്‍ അവര്‍ എന്നും ശ്രമിക്കും. ഒരു പ്രശ്‌നം പലരീതിയില്‍ പരിഹരിക്കാം. മറ്റൊരു പ്രതിസന്ധിക്ക് വഴി തുറക്കുന്ന വിധത്തില്‍ അല്ലെങ്കില്‍ പിന്നീടൊരിക്കലും അങ്ങനെ ഒരു വൈഷമ്യം ഉണ്ടാകാത്ത രീതിയില്‍. ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ അതിന്റെ ഭാഗമാണ്. പ്രശ്‌നമാകാതെ ഒരോ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ നമുക്ക് സാധിക്കട്ടെ..